കൊച്ചി: ഹൃദയാഘാതത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ചാലക്കുടിയിലെ യുഡിഎഫ് സ്ഥാനാർത്ഥിയെ സന്ദർശിച്ച് എൽഡിഎഫ് സ്ഥാനാർത്ഥി ഇന്നസെന്റ്. എതിർ സ്ഥാനാർത്ഥി എന്നല്ല, മനുഷ്യനാണ് വലുതെന്ന് ഇന്നസെന്റ് പറഞ്ഞു.
ബെന്നി ബഹനാന്റെ ഭാര്യയെ കണ്ട് സംസാരിച്ചെന്ന് ഇന്നസെന്റ് പറഞ്ഞു. ഏതാനും വർഷങ്ങൾക്കുമുമ്പ് താനും ആൻജിയോ പ്ലാസ്റ്റിക്ക് വിധേയനായിട്ടുണ്ട്. രണ്ടുതവണ കാൻസർ വന്നതിനു ശേഷമായിരുന്നു അതെന്നും ഇന്നസെന്റ് പറഞ്ഞു. അന്ന് ആൻജിയോ പ്ലാസ്റ്റി ചെയ്യാനുള്ള ശേഷി ശരീരത്തിനുണ്ടോയെന്ന് ഭയമുണ്ടായിരുന്നു. അത്തരമൊരു ഭയം ഉള്ളതുകൊണ്ടാണ് ബെന്നി ബഹനാനെ സന്ദർശിച്ചതെന്നും ഇന്നസെന്റ് പറഞ്ഞു.
നെഞ്ചുവേദനയെത്തുടർന്ന് വെള്ളിയാഴ്ച പുലർച്ചെ മൂന്നു മണിയോടെയാണ് ബെന്നി ബഹനാനെ കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തെ ആൻജിയോ പ്ലാസ്റ്റിക്ക് വിധേയനാക്കിയിരുന്നു. അപകടനില തരണംചെയ്തെങ്കിലും 48 മണിക്കൂർ നിരീക്ഷണത്തിൽ തുടരണമെന്ന് ഡോക്ടർമാർ വ്യക്തമാക്കി.