ബോളിവുഡ് നിയന്ത്രിക്കുന്നവനായിരിക്കാം, എനിക്ക് ഭയമില്ല; സല്‍മാനെതിരേ തുറന്നടിച്ച് സോഫിയ

0
59

കൃഷ്ണമൃഗങ്ങളെ വേട്ടയാടി കൊന്ന കേസില്‍ രാജസ്ഥന്‍ സിജെഎം കോടതി സല്‍മാന്‍ ഖാന് അഞ്ചു വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചപ്പോള്‍ ബോളിവുഡ് ആ വിധിയോട് വളരെ വൈകാരികമായിട്ടായിരുന്നു പ്രതികരിച്ചത്. സല്‍മാന് ശിക്ഷ കിട്ടിയതില്‍ വേദനിക്കുന്ന ബോളിവുഡ് താരങ്ങളെയും രണ്ടു ദിവസത്തിനിപ്പുറം ജാമ്യം നേടി സല്‍മാന്‍ പുറത്തറങ്ങിയപ്പോള്‍ അത് ആഘോഷിക്കുന്ന താരങ്ങളേയുമാണ് കണ്ടത്. എന്നാല്‍ സല്‍മാന്‍ ശിക്ഷിക്കപ്പെട്ടപ്പോള്‍ അത് ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയുടെ വിജയവും സല്‍മാന്‍ ഖാന്‍ ചെയ്ത പ്രവര്‍ത്തിക്ക് അര്‍ഹമായ ശിക്ഷയാണ് കിട്ടിയതെന്നും തുറന്നു പറഞ്ഞു രംഗത്തു വന്ന ഒരാള്‍ ഉണ്ടായിരുന്നു. ബ്രിട്ടീഷ്-ഇന്ത്യന്‍ മോഡലും നടിയും ബിഗ്‌ബോസ് മുന്‍ മത്സരാര്‍ത്ഥിയുമായ സോഫിയ ഹയാത്. സല്‍മാന്റെ ശിക്ഷയുമായി ബന്ധപ്പെട്ട് സോഫിയയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ഇപ്പോള്‍ ബോളിവുഡില്‍ വലിയ ചര്‍ച്ചയായും മാറിയിരിക്കുകയാണ്.

ബോളിവുഡിനെ നിയന്ത്രിക്കുന്നവന്‍ എന്നാണ് സല്‍മാനെ കുറിച്ച് പലരും കരുതുന്നത്, അവര്‍ക്കൊക്കെ സല്‍മാന എതിരേ പറയാന്‍ ഭയമായിരിക്കും. പക്ഷേ, ഞാനാരുടെയും മുന്നില്‍ കുനിയാന്‍ താല്‍പര്യപ്പെടുന്നില്ല, അതുകൊണ്ട് തന്നെ തുറന്നു പറയാന്‍ ഭയപ്പെടുന്നുമില്ല. എന്തു ചെയ്തതിനാണോ സല്‍മാന് ശിക്ഷ കിട്ടിയത് അതില്‍ ഞാന്‍ സന്തോഷിക്കുന്നു; സോഫിയ തുറന്നടിക്കുന്നു.

മനുഷ്യനെപോലെ മൃഗങ്ങള്‍ക്കും ഈ ഭൂമിയില്‍ ജീവിക്കാന്‍ അവകാശം ഉണ്ടെന്നും തെറ്റ് ചെയ്തിട്ട് പിന്നീട് അഭിനയിച്ചിട്ട്കാര്യമില്ലെന്നും സല്‍മാനെ കുറ്റപ്പെടുത്തി സോഫിയ പറയുന്നു. കുട്ടികളടക്കം സല്‍മാനെ മാതൃകയായി കാണുന്നു, അതിന്റെ ഉത്തരവാദിത്വം സല്‍മാനും കാണിക്കണം. പക്ഷേ ഇത്തരം പ്രവര്‍ത്തികളിലൂടെ സല്‍മാന്‍ ഈ സമൂഹത്തിന് എന്ത് സന്ദേശമാണ് നല്‍കുന്നതെന്നും സോഫിയ ചോദിക്കുന്നു. ഏതെങ്കിലും വിദേശരാജ്യത്ത് ആയിരുന്നെങ്കില്‍ മൃഗങ്ങളെ കൊന്നതിനും മനുഷ്യരുടെ മരണത്തിന് കാരണമായവിധം മദ്യപിച്ച് വാഹനമോടിച്ചതിനും സല്‍മാന് ശിക്ഷപ്പെടുമായിരുന്നു. തന്റെ പ്രവര്‍ത്തികളെ മറയ്ക്കാന്‍ ഇപ്പോള്‍ ധാനധര്‍മിയുടെ വേഷം അണിയുകയാണ് സല്‍മാന്‍ എന്നും സോഫിയ കുറ്റപ്പെടുത്തുന്നു.

സല്‍മാന് ശിക്ഷ വിധിച്ചതില്‍ ഇന്ത്യന്‍ നിയമസംവിധാനത്തെ പ്രശംസിക്കുകയും ചെയ്യുന്നുണ്ട് സോഫിയ. കുറ്റം ചെയ്തവര്‍ ആരാണെങ്കിലും അവരെ നിയമത്തിനു മുകളില്‍ നില്‍ക്കാന്‍ അനുവദിക്കില്ലെന്നാണ് ഈ വിധിയിലൂടെ വ്യക്തമാക്കുന്നത്. പല അഴിമതികളും, സ്വാധീനം ചെലത്തലും നിയമത്തിനുമേല്‍ നടന്നിട്ടുണ്ടെങ്കിലും(തനിക്കുണ്ടായ ഒരനുഭവവും സോഫിയ പരാമര്‍ശിക്കുന്നുണ്ട്). ഇന്ന് ഹിന്ദുസ്ഥാന്‍ നിവര്‍ന്നു നില്‍ക്കുകയും ലോകത്തിനു മുന്നില്‍ തല ഉയര്‍ത്തിക്കൊണ്ട് തന്നെ ഇവിടുത്തെ നിയമസംവിധാനത്തിന്റെ അന്തസ് എന്താണെന്നു പറയുന്നുണ്ടെന്നും സല്‍മാന്റെ ശിക്ഷയെ ബന്ധപ്പെടുത്തി സോഫിയ പറയുന്നു. ഹിന്ദുസ്ഥാന്‍ സിന്ദാബാദ് എന്നു തനിക്കിപ്പോള്‍ പറയാന്‍ കഴിയുന്നുവെന്നും സോഫിയ ഹായത് കുറിക്കുന്നു.

Leave a Reply