ലണ്ടൻ: ചരിത്രം കുറിക്കാൻ ഋഷി സുനക്. ബ്രിട്ടന്റെ പ്രധാനമന്ത്രിപദത്തിലേക്ക് എത്തിച്ചേരുകയാണ് ഇന്ത്യൻവംശജനായ ഈ 42-കാരൻ. യു.കെ. പ്രധാനമന്ത്രിപദത്തിലേക്കുള്ള സ്ഥാനാർഥിത്വത്തിന് മതിയായ പിന്തുണ ലഭിക്കാതെ വന്നതോടെ മുഖ്യ എതിരാളിയും പൊതുസഭാ നേതാവുമായ
പെന്നി മോർഡന്റ് പിന്മാറിയിരുന്നു. ഇതിന് പിന്നാലെയാണ് ഋഷിയ്ക്കുള്ള വഴി തെളിഞ്ഞത്.
ഇതോടെ ബ്രിട്ടന്റെ പ്രധാനമന്ത്രി പദത്തിലെത്തുന്ന ആദ്യ ഏഷ്യക്കാരൻ എന്ന നേട്ടവും ഋഷിക്ക് സ്വന്തമാകും. ട്വിറ്ററിലൂടെയാണ് താൻ മത്സരത്തിൽനിന്ന് പിന്മാറിയ വിവരം പെന്നി അറിയിച്ചത്.
ഏഴുമാസത്തിനിടെ ബ്രിട്ടന്റെ പ്രധാനമന്ത്രിസ്ഥാനത്തെത്തുന്ന മൂന്നാമത്തെയാളാണ് ഋഷി. ബോറിസ് ജോൺസന്റെ രാജിക്കു പിന്നാലെ അധികാരത്തിലെത്തിയ ലിസ് ട്രസ് ഒക്ടോബർ 20-ന് രാജിവെച്ചിരുന്നു. സാമ്പത്തികനയങ്ങളുടെ പേരിൽ രൂക്ഷവിമർശനം നേരിട്ടതോടെ ആയിരുന്നു ലിസിന്റെ രാജി. നേരത്തെ, കൺസർവേറ്റീവ് പാർട്ടിയ്ക്കുള്ളിൽ നടന്ന തിരഞ്ഞെടുപ്പിൽ ഋഷിയെ പരാജയപ്പെടുത്തിക്കൊണ്ടായിരുന്നു മുൻപ് ലിസ് അധികാരത്തിലെത്തിയത്. എന്നാൽ ഒന്നരമാസത്തിനിപ്പുറം ലിസിന് രാജിവെക്കേണ്ടിവന്നു.
പാർലമെന്റിൽ 357 അംഗങ്ങളാണ് കൺസർവേറ്റീവ് പാർട്ടിക്കുള്ളത്. ഇവരിൽ 100 എം.പി.മാരുടെയെങ്കിലും പിന്തുണയുള്ള സ്ഥാനാർഥിക്കേ പ്രധാനമന്ത്രിപദത്തിലേക്ക് മത്സരിക്കാനാകൂ. 193 അംഗങ്ങളുടെ പിന്തുണയാണ് നിലവിൽ ഋഷിയ്ക്കുള്ളത്. 26 എം.പിമാരുടെ പിന്തുണ മാത്രമാണ് പെന്നിക്ക് ലഭിച്ചത്. 58 എം.പിമാർ പിന്തുണ പ്രഖ്യാപിച്ചുവെങ്കിലും താൻ മത്സരത്തിനില്ലെന്ന് മുൻപ്രധാനമന്ത്രി ബോറിസ് ജോൺസൺ ഞായറാഴ്ച പ്രഖ്യാപിക്കുകയായിരുന്നു.