ലണ്ടന്‍: ഇന്ത്യന്‍ വംശജന്‍ ഋഷി സുനക് ബ്രിട്ടീഷ് പ്രധാന മന്ത്രിയായി ചുമതലയേറ്റു. ബ്രിട്ടനില്‍ പ്രധാന മന്ത്രിയാകുന്ന ഏറ്റവം പ്രായം കുറഞ്ഞയാളാണ് ഋഷി സുനക്. ജനങ്ങളുടെ വിശ്വാസം ആര്‍ജിച്ചു മുന്നോട്ടുപോകുമെന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രസംഗിക്കവെ അദ്ദേഹം പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കടുത്ത നടപടികള്‍ വേണ്ടിവരും. കൊവിഡാനന്തര ദുര്‍ഘട സന്ധിയിലാണ് സ്ഥാനമേല്‍ക്കുന്നത്. സാമ്പത്തിക സ്ഥിരത ഉറപ്പാക്കലാണ് പ്രധാന ലക്ഷ്യം.
ഇന്ന് വൈകിട്ട് നാലു മണിക്ക് ശേഷമായിരുന്നു ചടങ്ങ്. ബക്കിങ്ഹാം കൊട്ടാരത്തിലെത്തി ചാൾസ് മൂന്നാമൻ രാജാവിനെ സന്ദർശിച്ച് ആചാരപരമായ ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷമാണ് രാജ്യത്തിന്റെ 57-ാം പ്രധാനമന്ത്രിയായി ഋഷി സുനക് ഇന്ന് ചുമതലയേറ്റത്.
ബ്രിട്ടന്റെ സാമ്പത്തിക സ്ഥിരത താൻ ഉറപ്പുവരുത്തുമെന്നും നിര്‍ണായക തീരുമാനങ്ങളുണ്ടാകുമെന്നും ഋഷി പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ബ്രിട്ടനെ രക്ഷിക്കാൻ ഋഷി സുനക് എന്തു പദ്ധതികൾ മുന്നോട്ടുവെയ്ക്കും എന്നാണ് ലോകം ഉറ്റുനോക്കുന്നത്.
‘‘മോശം ഉദ്ദേശ്യത്തോടെയല്ലെങ്കിലും ചില തെറ്റുകൾ പറ്റിയിട്ടുണ്ട്. എന്നെ തിരഞ്ഞെടുത്തത് അതു തിരുത്താൻ വേണ്ടിയാണ്. ബുദ്ധിമുട്ടേറിയ തീരുമാനങ്ങൾ വരും. വെല്ലുവിളികളെ അനുകമ്പയോടെ നേരിടും. രാജ്യത്തെ ഏകീകരിക്കും’’ – സുനക് കൂട്ടിച്ചേർത്തു,
പുതിയ മന്ത്രിസഭാ പ്രഖ്യാപനത്തിന് മുന്നോടിയായി ലിസ് ട്രസ് മന്ത്രിസഭയിലെ നാല് അംഗങ്ങളോട് രാജി ആവശ്യപ്പെട്ടതായി ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഋഷി സുനക് രാജി ആവശ്യപ്പെട്ടതിന് പിന്നാലെ ഇവരിൽ മൂന്ന് പേർ രാജിവെച്ചതായാണ് വിവരം.
വാണിജ്യ-ഊർജ്ജ മന്ത്രി ജേക്കബ് റീസ് മോഗ്, നിയമ വകുപ്പ് മന്ത്രി ബ്രാൻഡൻ ലെവിസ്, വികസന മന്ത്രി വിക്കി ഫോർഡ്, തൊഴിൽ പെൻഷൻ മന്ത്രി ക്ലോ സ്മിത് എന്നിവരോട് രാജി വെയ്ക്കാൻ ഋഷി ആവശ്യപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ. പിന്നാലെ ജേക്കബ് റീസ് മോഗ്, ബ്രാൻഡൻ ലെവിസ്, ക്ലോ സ്മിത് എന്നിവർ രാജിവെച്ചതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. എന്നാൽ ധനമന്ത്രിയായി ജെറെമി ഹണ്ട് തുടർന്നേക്കുമെന്നാണ് വിവരം.