Friday, July 5, 2024
HomeLatest News'ഭഗത് സിങ് ഫാന്‍ ക്ലബ് അംഗങ്ങള്‍', നാല് വര്‍ഷമായി പരസ്പരം അറിയാം, പരിചയപ്പെട്ടത് സോഷ്യല്‍മീഡിയ വഴി;...

‘ഭഗത് സിങ് ഫാന്‍ ക്ലബ് അംഗങ്ങള്‍’, നാല് വര്‍ഷമായി പരസ്പരം അറിയാം, പരിചയപ്പെട്ടത് സോഷ്യല്‍മീഡിയ വഴി; പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തി

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ അതിക്രമിച്ച് കയറി പ്രതിഷേധപ്പുക ഉയര്‍ത്തിയ സംഭവത്തില്‍ പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തി കേസെടുത്തു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നതായും പ്രതികളെ ഇന്നും ചോദ്യം ചെയ്യുമെന്നും ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്‍ അറിയിച്ചു. 

ആറുപേര്‍ ചേര്‍ന്നാണ് പ്രതിഷേധം ആസൂത്രണം ചെയ്തത്. ഇതില്‍ അഞ്ചുപേരെയാണ് പിടികൂടിയത്. ലോക്‌സഭയുടെ നടുത്തളത്തിലേക്ക് ചാടി ഇറങ്ങി പ്രതിഷേധപ്പുക ഉയര്‍ത്തിയത് സാഗര്‍ ശര്‍മ്മയും ഡി മനോരഞ്ജനുമാണ്. നീലം ദേവിയും അമോല്‍ ഷിന്‍ഡെയും പാര്‍ലമെന്റിന് പുറത്താണ് പ്രതിഷേധപ്പുക ഉയര്‍ത്തിയത്. ആക്രമണത്തിന്റെ സൂത്രധാരനെന്ന് കരുതപ്പെടുന്ന ലളിത് ഝായുടെ ഗുരുഗ്രാം സെക്ടറിലെ വീട്ടിലാണ് പ്രതികള്‍ ഒത്തുകൂടിയതെന്നും പൊലീസ് പറയുന്നു. ലളിത് ഝാ ഒളിവിലാണ്. ഗുരുഗ്രാം സ്വദേശി തന്നെയായ വിക്കി ശര്‍മ്മയാണ് അറസ്റ്റിലായ അഞ്ചാമന്‍.

ആറ് പേരും നാല് വര്‍ഷമായി പരസ്പരം അറിയാവുന്നവരും ഒരുമിച്ച് ഈ പദ്ധതി ആവിഷ്‌കരിച്ചതായും പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. സോഷ്യല്‍മീഡിയ വഴിയാണ് ഇവര്‍ പരസ്പരം ബന്ധം നിലനിര്‍ത്തിയിരുന്നത്. പാര്‍ലമെന്റില്‍ എത്തുന്നതിന് മുന്‍പ് ഇവര്‍ നിരീക്ഷണം നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. ‘ഭഗത് സിങ് ഫാന്‍ ക്ലബ്’ എന്ന ഗ്രൂപ്പിന്റെ ഭാഗമായിരുന്നു ഇവരെന്നാണ് കരുതുന്നതെന്നും പൊലീസ് പറയുന്നു. ഭഗത് സിങ്ങിന്റെ പ്രത്യയശാസ്ത്രത്തില്‍ പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇവര്‍ പാര്‍ലമെന്റില്‍ അതിക്രമിച്ച് കയറിയതെന്നും പൊലീസ് പറയുന്നു.

സര്‍ക്കാരിന്റെ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ 2020 ലെ കര്‍ഷക പ്രതിഷേധത്തില്‍ നീലം ദേവി സജീവമായി പങ്കെടുത്തിരുന്നതായി സഹോദരന്‍ പറഞ്ഞു. എന്നാല്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ബന്ധമില്ലെന്നും സഹോദരന്‍ കൂട്ടിച്ചേര്‍ത്തു. ഇന്നലെ പാര്‍ലമെന്റില്‍ നടന്ന സുരക്ഷാവീഴ്ചയില്‍ ആഭ്യന്തര മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്. സിആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍ അനീഷ് ദയാല്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള സമിതി അന്വേഷിക്കും.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments