ബെംഗളൂരു: അനിശ്ചിതത്വങ്ങള്‍ക്കും നാടകീയ നീക്കങ്ങള്‍ക്കുമൊടുവില്‍ കര്‍ണാടകത്തില്‍ സര്‍ക്കാര്‍ രൂപവത്കരണത്തിനായി ഗവര്‍ണര്‍ ഏറ്റവും വലിയ ഒറ്റ കക്ഷിയായ ബിജെപി ക്ഷണിച്ചു. നാളെ 9 മണിക്ക് പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യും. ഭൂരിരപക്ഷം തെളിയിക്കാന്‍ 15 ദിവസത്തെ സമയം അനുവദിച്ചു
അതേസമയം, സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ബിജെപിയെ ക്ഷണിച്ച നടപടിക്കെതിരേ നിയമ നടപടിക്കൊരുങ്ങുകയാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് നേതാക്കള്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ കാണും. നാളെ കുമാരസ്വാമി സത്യപ്രതിജ്ഞ ചെയ്യുമെന്ന് കോണ്‍ഗ്രസ് നേതാക്കളും വ്യക്തമാക്കി.
മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗിയുമായി നിയമവശങ്ങള്‍ ചര്‍ച്ച ചെയ്തശേഷമാണ് ഗവര്‍ണര്‍ ബിജെപിയെ ക്ഷണിച്ചത്. ബിജെപിയും കോണ്‍ഗ്രസും സര്‍ക്കാര്‍ രൂപവത്കരിക്കുന്നതിന് അവകാശമുന്നയിച്ചതോടെയാണ് ഗവര്‍ണര്‍ നിയമോപദേശം തേടിയത്. കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാര്‍ ഗവര്‍ണറെ കണ്ടതിനു തൊട്ടുപിന്നാലെയാണ് ഗവര്‍ണറുടെ തീരുമാനമുണ്ടായത്.
അതേസമയം, 104 സീറ്റുകള്‍ നേടിയ ബിജെപി ഭൂരിപക്ഷത്തിന് വേണ്ട 112 എന്ന മാന്ത്രിക സംഖ്യ മറികടക്കക എന്നത് വെല്ലുവിളിയാണ്. അതുകൊണ്ടുതന്നെ ചരടുവലികള്‍ക്കും ചാക്കിട്ടുപിടുത്തത്തിനും കര്‍ണാടകം രാഷ്ട്രീയം സാക്ഷിയാകുമെന്നാണ് കരുതുന്നത്. ഇതു മുന്‍കൂട്ടി കണ്ട് കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാരെ റിസോര്‍ട്ടുകളില്‍ മറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്.
ബിജെപിക്ക് അധികാരം പിടിക്കാന്‍ ഇനി ഒമ്പത് എംഎല്‍എമാരുടെ പിന്തുണകൂടി വേണം. കോണ്‍ഗ്രസ്ബിജെപി സഖ്യത്തിന് 117 എംഎല്‍എമാരുടെ പിന്തുണയുണ്ട്. കൂടാതെ ബിഎസ്പി അംഗവും സഖ്യത്തെ പിന്തുണച്ചേക്കും. തിരഞ്ഞെടുപ്പില്‍ ജെഡിഎസുമായി സഖ്യത്തിലായിരുന്നു ബിജെപി. തിരഞ്ഞെടുപ്പ് നടക്കാനുള്ള രണ്ടിടങ്ങളില്‍ ബിജെപി വിജയിച്ചാലും കേവല ഭൂരിപക്ഷത്തിലെത്തില്ല. അതു കൊണ്ട് വരും ദിവസങ്ങളില്‍ ജെഡിഎസിലും കോണ്‍ഗ്രസിലും വിള്ളലുണ്ടാക്കാനുള്ള തീവ്രശ്രമത്തിലായിരിക്കും ബിജെപി.