മകന് ‘ഡോണള്‍ഡ് ട്രംപ്’ എന്ന് പേരിട്ടു; വീട്ടുകാര്‍ ഇറക്കിവിട്ടു; പുലിവാല് പിടിച്ച് അഫ്ഗാന്‍ സ്വദേശി

0
30

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനോടുള്ള ആരാധന മൂത്ത് സ്വന്തം മകന് ട്രംപെന്ന് പേരിടുമ്പോള്‍ അഫ്ഗാന്‍ സ്വദേശിയായ സയദ് അസദുള്ള ഓര്‍ത്തിരിക്കില്ല ഇത് ഇത്ര പുലിവാലാകുമെന്ന്. അത്തരം ഒരു പ്രതിസന്ധിയിലാണ് ഈ ചെറുപ്പക്കാരന്‍ പെട്ടിരിക്കുന്നത്.

2016 ല്‍ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ക്കു മുമ്പാണ് സയദിനും ഭാര്യയ്ക്കും തങ്ങളുടെ പൊന്നോമന പുത്രന്‍ ജനിക്കുന്നത്. കാലങ്ങള്‍ക്കുമുമ്പേ ഡോണള്‍ഡ് ട്രംപ് എന്ന ബിസിനസുകാരനെ സയദ് ആരാധിച്ചിരുന്നു. ട്രംപ് എഴുതിയ ‘ഹൗ ടു ഗെറ്റ് റിച്ച്’ എന്ന പുസ്തകം വായിച്ചത് മുതലാണ്‌ ഈ ആരാധന മൂത്ത് തുടങ്ങിയത്. അന്ന് സയദ് ഉറപ്പിച്ചതാണ് ഒരു മകനാണ് ഇനി ജനിക്കുന്നതെങ്കില്‍ അവന് ട്രംപ് എന്ന പേരിടുമെന്ന്.

അങ്ങനെ കാത്തിരുന്ന് കാത്തിരുന്ന് മകന്‍ ജനിച്ചു. സയദും ഭാര്യയും അവനെ ട്രംപ് എന്ന് വിളിച്ചുതുടങ്ങി. സയദിന്റെ ഈ പേരുവിളി ആദ്യമൊക്കെ തമാശയായിട്ടാണ് വീട്ടുകാര്‍ കണ്ടിരുന്നത്. എന്നാല്‍ കാര്യം സീരിയസ്സാണെന്ന് അറിഞ്ഞതോടെ വീട്ടുകാരും സീരിയസ്സായി. ട്രംപ് എന്ന പേരിനെച്ചൊല്ലി സയദും വീട്ടുകാരും രണ്ടുതട്ടിലായി. തുടര്‍ന്ന് ഗതികെട്ട സയിദും ഭാര്യയും മക്കളും വീടുവിട്ടറങ്ങേണ്ടി വന്നു.

ഇപ്പോള്‍ വാടകവീട്ടിലാണ് ഇവരുടെ താമസം. എന്നാല്‍ സംഭവങ്ങള്‍ അവിടം കൊണ്ടൊന്നും തീര്‍ന്നില്ല. സ്വന്തം മകന് ഇഷ്ടമുള്ള പേരിട്ടു എന്ന കാരണത്താല്‍ സമൂഹത്തില്‍നിന്നു തന്നെ പുറത്തായിരിക്കുകയാണ് ഈ യുവാവ്. ഫെയ്‌സ്ബുക്കിലൂടെയുള്ള ആക്രമണവും അതിരുകടന്നതോടെ സ്വന്തം അക്കൗണ്ടും സയദ് പൂട്ടി. നാട്ടുകാരുടെ കുത്തുവാക്കുകള്‍ കേട്ട് പുറത്തിറങ്ങാന്‍ കഴിയാത്ത സ്ഥിതിയാണെന്നാണ് സയദിന്റെ പരാതി.

മുസ്ലീം നിയമപ്രകാരം സയദ് തെറ്റ് ചെയ്തിട്ടില്ലെന്ന് മതപണ്ഡിതര്‍ പറയുന്നുണ്ട്. എന്നിരുന്നാലും ഈ കുടുംബത്തിനുനേരെ സമൂഹത്തിന്റെ അതിക്രമം അതിരുവിടുകയാണ്. ട്രംപ് എന്ന പേരിനെച്ചൊല്ലി തന്റെ മകന് ഭാവിയില്‍ സ്‌കൂളിലും വിവേചനം നേരിടേണ്ടി വരുമോ എന്ന ആശങ്കയിലാണ് ഈ പിതാവ്.

Leave a Reply