മഞ്ഞപ്പടയുടെ ആരാധകര്‍ക്കു സന്തോഷവാര്‍ത്ത; മലയാളി താരം സി.കെ വിനീത് കേരള ബ്ലാസ്റ്റേഴ്‌സില്‍ തുടരും

0
34

കൊച്ചി: മലയാളി താരം സി.കെ വിനീത് കേരള ബ്ലാസ്റ്റേഴ്സില്‍ തുടരും. കഴിഞ്ഞ സീസണോടെ ക്ലബ് വിടാന്‍ തീരുമാനിച്ചിരുന്ന വിനീതിന്‍റെ മനസ് മാറ്റിയതായി പ്രമുഖ കായിക വെബ്സൈറ്റായ ഗോള്‍ ഡോട് കോമാണ് റിപ്പോർട്ട് ചെയ്തത്. ബ്ലാസ്റ്റേഴ്സുമായുള്ള കരാർ ഒരു വർഷം ബാക്കിയുണ്ടായിരുന്നെങ്കിലും 2017-18 സീസണില്‍ ക്ലബിന്‍റെ പ്രകടനം മോശമായതാണ് കൂടുമാറ്റത്തെ കുറിച്ച് ചിന്തിക്കാന്‍ താരത്തെ നേരത്തെ പ്രേരിപ്പിച്ചത് എന്നാണ് റിപ്പോർട്ടുകള്‍.

പരിശീലകന്‍ ഡേവിഡ് ജെയിംസിന്‍റെ താല്‍പര്യപ്രകാരമാണ് വിനീത് ടീമില്‍ നിലനില്‍ക്കുന്നത് എന്നാണ് സൂചനകള്‍. കഴിഞ്ഞ സീസണില്‍ 14 മത്സരങ്ങളില്‍ മഞ്ഞക്കുപ്പായമണിഞ്ഞ താരം നാല് ഗോളുകള്‍ നേടിയിരുന്നു. എന്നാല്‍ ടീമിന് പ്ലേ ഓഫിന് യോഗ്യത നേടാന്‍ കഴിഞ്ഞിരുന്നില്ല. അതേസമയം അനസ് എടത്തൊടികയും കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ചേരുന്നതോടെ ടീമിലെ മലയാളിക്കരുത്ത് കൂടും. എന്നാല്‍ കഴിഞ്ഞ സീസണില്‍ ബൂട്ടുകെട്ടിയ റിനോ ആന്‍റോ ടീമില്‍ തുടരുമോ എന്ന കാര്യം തീരുമാനമായിട്ടില്ല.

Leave a Reply