മണിപ്പുര്‍ മുഖ്യമന്ത്രി ബിരേന്‍ സിങ് ഗവര്‍ണറെ കാണും; രാജിയെന്ന് സൂചന

0
33

ഇംഫാല്‍: മണിപ്പുര്‍ മുഖ്യമന്ത്രി ബിരേന്‍ സിങ് രാജിവച്ചേക്കും. ഉച്ചയ്ക്ക് ഗവര്‍ണറുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചയില്‍ രാജിക്കത്ത് നല്‍കുമെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. മണിപ്പുരില്‍ സംഘര്‍ഷം നിയന്ത്രിക്കാന്‍ സാധിക്കാതെ വന്നതോടെയാണ് രാജിനീക്കം.

കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടിട്ടും കലാപം നിയന്ത്രിക്കാന്‍ സാധിക്കാത്ത സാഹചര്യമാണ്. ബിരേന്‍ സിങ് രാജിവയ്ക്കുകയല്ലാതെ മറ്റു മാര്‍ഗമില്ലെന്നു കുക്കി വിഭാഗം ആവശ്യപ്പെട്ടിരുന്നു. ഒരുവിഭാഗത്തിനു മുഖ്യമന്ത്രിയിലുള്ള വിശ്വാസം പൂര്‍ണമായി നഷ്ടപ്പെട്ടുവെന്നും ഇവര്‍ വ്യക്തമാക്കി. സര്‍ക്കാര്‍ പിരിച്ചുവിട്ടു രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു.അതേസമയം രാഹുലിന്റെ മണിപ്പൂര്‍ സന്ദര്‍ശത്തനിടെ രാജി വെക്കരുതെന്ന് ബിജെപി സംസ്ഥാന ഘടകം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്

മണിപ്പുര്‍ സന്ദര്‍ശനം നടത്തുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉച്ചയ്ക്ക് ഒന്നരയ്ക്ക് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തും. രാവില മൊയ്രാങ്ങിലെ
ദുരിതാശ്വാസ ക്യാംപുകള്‍ രാഹുല്‍ സന്ദര്‍ശിച്ചിരുന്നു. ഇന്നു രാവിലെ ഇംഫാലില്‍നിന്ന് ഹെലികോപ്റ്ററിലാണ് മൊയ്രാങ്ങിലെത്തിയത്. റോഡ് മാര്‍ഗം പോകാനായിരുന്നു പദ്ധതിയെങ്കിലും സുരക്ഷ കണക്കിലെടുത്ത് യാത്ര ഹെലികോപ്റ്ററിലാക്കുകയായിരുന്നു.

തന്റേത് രാഷ്ട്രീയ യാത്രയല്ലെന്നും സമാധാനയാത്രയാണെന്നും രാഹുല്‍ പറഞ്ഞു. രാവിലെ മെയ്‌തെയ് ദുരിതാശ്വാസ ക്യാംപിലെത്തിയ രാഹുല്‍ ഗാന്ധിക്ക് ആയിരക്കണക്കിന് സ്ത്രീകളടങ്ങുന്ന ജനക്കൂട്ടം വന്‍ വരവേല്‍പ് നല്‍കി.സംഘടന ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലും ഒപ്പമുണ്ട്. മണിപ്പുരില്‍ വ്യാഴാഴ്ചയുണ്ടായ പ്രക്ഷോഭങ്ങള്‍ നിയന്ത്രിക്കാനായെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. കാങ്‌പോക്പി ജില്ലയില്‍ ഒരു വിഭാഗം ഇന്നലെ പുലര്‍ച്ചെ നടത്തിയ വെടിവയ്പിനെത്തുടര്‍ന്ന് കൊല്ലപ്പെട്ടവരുടെ എണ്ണം മൂന്നായി.

Leave a Reply