മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തുകയും, ബലാത്സംഗം ചെയ്യുകയും ചെയ്ത കേസ്, സമഗ്ര അന്വേഷണത്തിനായി ആഭ്യന്തര മന്ത്രാലയം സിബിഐക്ക് വിട്ടു. കേസിലെ വിചാരണ മണിപ്പൂരിന് പുറത്ത് നടത്തണമെന്ന് ആവശ്യപ്പെട്ട് സത്യവാങ്മൂലവും നൽകും. രണ്ട് ദിവസം മുമ്പ് ഈ കേസിലെ ഒരു പ്രതിയെ കൂടി അറസ്റ്റ് ചെയ്തിരുന്നു. ഇതുവരെ എഴുപേരാണ് ഈ കേസിൽ അറസ്റ്റിലായത്.
എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് രണ്ട് മാസത്തിന് ശേഷമാണ് കേസ് സിബിഐക്ക് വിടുന്നത്. മതിയായ തെളിവുകളുടെ അഭാവം കാരണമാണ് പ്രതികളുടെ അറസ്റ്റ് വൈകിയതെന്നായിരുന്നു മണിപ്പൂർ പൊലീസിന്റെ വിശദീകരണം.
കുക്കി സ്ത്രീകളെ നഗ്നരാക്കി നടത്തുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ കേന്ദ്ര സർക്കാരിനോട് വിഷയത്തിൽ നടപടിയെടുക്കണമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മണിപ്പൂർ പൊലീസ് ആദ്യത്തെ അറസ്റ്റ് രേഖപ്പെടുത്തുന്നത്.
തൗബാൽ ജില്ലയിലെ പേച്ചി അവാങ് ലേകൈ സ്വദേശി ഹ്യൂരേം ഹെരോദാസ് സിങ്ങാണ് കേസിൽ ആദ്യം അറസ്റ്റിലായത്. തുടർന്ന് അരുൺ സിങ്, ജിവാൻ എലങ്ബാം, തോംബ സിങ് എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് 22ാം തീയതി 19കാരനടക്കം രണ്ടു പേരെ കൂടി അറസ്റ്റ് ചെയ്തു.