Friday, July 5, 2024
HomeLatest Newsമണിപ്പൂര്‍ കലാപം: അമിത് ഷാ പാര്‍ലമെന്റില്‍ പ്രസ്താവന നടത്തും; ഉപാധി വെക്കരുതെന്ന് സര്‍ക്കാര്‍

മണിപ്പൂര്‍ കലാപം: അമിത് ഷാ പാര്‍ലമെന്റില്‍ പ്രസ്താവന നടത്തും; ഉപാധി വെക്കരുതെന്ന് സര്‍ക്കാര്‍

ന്യൂഡല്‍ഹി: മണിപ്പൂര്‍ കലാപത്തിലും സ്ത്രീകള്‍ക്കെതിരായ അതിക്രമത്തിലും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ പ്രസ്താവന നടത്തും. തീയതി സ്പീക്കര്‍ തീരുമാനിക്കും. വിഷയത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ ഒളിച്ചോടില്ല. പ്രതിപക്ഷം മനഃപൂര്‍വം പാര്‍ലമെന്റ് സ്തംഭിപ്പിക്കുന്നുവെന്നും സര്‍ക്കാര്‍ കുറ്റപ്പെടുത്തി. ആരു ചര്‍ച്ചയ്ക്ക് മറുപടി പറയണമെന്ന ഉപാധി വെക്കരുതെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ ആവശ്യപ്പെട്ടു. 

മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെന്റില്‍ പ്രസ്താവന നടത്തണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ഇന്നലെ പാര്‍ലമെന്റ് സമ്മേളനത്തിന് മുമ്പായി പ്രധാനമന്ത്രി നരേന്ദ്രമോദി മണിപ്പൂരില്‍ സ്ത്രീകള്‍ക്കു നേരെയുണ്ടായ അതിക്രമത്തെ രൂക്ഷമായി അപലപിച്ചിരുന്നു. രാജ്യം തന്നെ അപമാനിക്കപ്പെട്ടുവെന്നും, കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മോദി പറഞ്ഞു. 

പാര്‍ലമെന്റിന് അകത്ത് പ്രധാനമന്ത്രി പ്രസ്താവന നടത്തണമെന്ന ആവശ്യത്തില്‍ പ്രതിപക്ഷം ഉറച്ചു നിന്നതോടെ ഇന്നലെ ലോക്‌സഭയും രാജ്യസഭയും ബഹളത്തില്‍ മുങ്ങി. തുടര്‍ന്ന് ഇരുസഭകളും ഇന്നത്തേക്ക് പിരിയുകയും ചെയ്തു. മണിപ്പൂര്‍ വിഷയത്തില്‍ ആര്‍എസ്പി നേതാവ് എന്‍ കെ പ്രേമചന്ദ്രനും ചര്‍ച്ച ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്.

മണിപ്പുരിൽ കുക്കി ഗോത്രവിഭാഗക്കാരായ 2 സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. ഇതോടെ പിടിയിലായവരുടെ എണ്ണം നാലായി. യുവതിയെ വലിച്ചുകൊണ്ടുപോകുന്നതായി വിഡിയോയിൽ കാണുന്ന പച്ച ഷർട്ട് ധരിച്ച  ഹുയിറം ഹെറോദോസ് സിങ് അടക്കമുള്ള നാലുപേരാണ് പിടിയിലായത്. പ്രധാന പ്രതി ഹെറോദോസിന്റെ വീട് ഇന്നലെ വൈകീട്ട് നാട്ടുകാർ അ​ഗ്നിക്കിരയാക്കി. 

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments