തിരുവനന്തപുരം: മദ്യപിച്ചുവെന്ന കാരണത്താൽ ഒരാളെയും അറസ്റ്റ് ചെയ്ത് സ്റ്റേഷനിൽ കൊണ്ടുപോകരുതെന്ന് സിറ്റി പോലീസ് കമ്മീഷണറുടെ സര്‍ക്കുലര്‍ പുറത്തിറങ്ങി. എന്നാൽ മദ്യപിച്ച് വാഹനമോടിച്ചാലോ, പ്രശ്നങ്ങളുണ്ടാക്കിയാലോ പോലീസ് നടപടി സ്വീകരിക്കും. മനുഷ്യാവകാശ കമ്മീഷന്‍റെ ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് നിര്‍ദ്ദേശം.
മദ്യപാനികളെ പോലെ തോന്നുന്നവരെ അറസ്റ്റ് ചെയ്യുന്ന നടപടി പൊലീസ് ഒഴിവാക്കണമെന്നായിരുന്നു മനുഷ്യാവകാശ കമ്മീഷന്‍ കഴിഞ്ഞ ദിവസം നിര്‍ദേശിച്ചത്. ഇത്തരം അറസ്റ്റുകൾ വർദ്ധിക്കുന്നതായിട്ടാണ് പരാതി.തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശി സുരേഷ് ബാബുവിന്‍റെ പരാതിയുടെ അടിസ്ഥാനത്തായിരുന്നു കമ്മീഷന്‍റെ നടപടി.
കണ്‍സ്യൂമര്‍ഫെഡും, ബിവറേജസ് കോര്‍പ്പറേഷനും വിറ്റഴിക്കുന്ന മദ്യം വാങ്ങിക്കഴിക്കുന്നവരെ പൊലീസ് അകാരണമായി അറസ്റ്റ് ചെയ്യുന്നുവെന്നായിരുന്നു സുരേഷ് ബാബുവിന്‍റെ പരാതി. എന്നാല്‍ പരാതിക്ക് ഇട നല്‍കാത്തവിധം നിയമപരമായി മാത്രമേ പോലീസ് നടപടി സ്വീകരിക്കാവൂ എന്നും ആരെയും അനാവശ്യമായി ബുദ്ധിമുട്ടിക്കരുതെന്നും പോലീസ് മേധാവി ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.