ആലപ്പുഴ: മാന്നാറില്‍ 15 വര്‍ഷം മുന്‍പ് കാണാതായ കലയെന്ന യുവതിയെ കൊലപ്പെടുത്തിയതെന്ന വിവരം വെളിപ്പെടുത്തിയത് പ്രതികളില്‍ ഒരാള്‍. സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിച്ചപ്പോഴാണ് പ്രതി സംഭവം വെളിപ്പെടുത്തിയത്. കേട്ടുനിന്നവരില്‍ ഒരാള്‍ വിവരം പൊലീസിന് ഊമക്കത്തിലൂടെ അറിയിച്ചു. പിന്നാലെയാണ് അമ്പലപ്പുഴ പൊലീസ് കേസില്‍ അന്വേഷണം ആരംഭിച്ചത്. സുരേഷ്, ജിനു, പ്രമോദ്, സന്തോഷ് എന്നിവരാണ് കേസില്‍ പൊലീസ് കസ്റ്റഡിയിലുള്ളത്. ഇവരെല്ലാം കലയുടെ ഭര്‍ത്താവായിരുന്ന അനിലിന്റെ സുഹൃത്തുക്കളും ബന്ധുക്കളുമാണ്.
സംഭവം കൊലപാതകമാണെന്ന് പൊലീസിന് കുറേ നാളായി സംശയമുണ്ടായിരുന്നു. ഭാര്യയെ മണ്ണണ്ണ ഒഴിച്ച് ഉപദ്രവിക്കാന്‍ ശ്രമിച്ചതിന് അമ്പലപ്പുഴ പൊലീസ് പ്രമോദിനെ അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ നല്‍കിയ വിവരങ്ങളായിരുന്നു സംശയത്തിന് കാരണം. പിന്നാലെയാണ് ഊമക്കത്ത് പൊലീസിന് ലഭിച്ചത്. ഇതോടെ ആഴ്ചകളോളം പ്രതികളെന്ന് സംശയിക്കുന്നവരെ പൊലീസ് നിരീക്ഷിച്ചു. പിന്നീട് കസ്റ്റഡിയിലെടുത്തു. പ്രമോദിന്റെയും സുഹൃത്തുക്കളുടെയും ഫോണ്‍ വിളികളും സന്ദേശങ്ങളുമടക്കം പൊലീസ് നിരീക്ഷിച്ചിരുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം.
ഇസ്രയേലില്‍ ജോലി ചെയ്യുന്ന അനിലിന്റെ ആദ്യ ഭാര്യയായിരുന്നു കല. ഇരുവരും ഇരു ജാതിക്കാരായിരുന്നു. വീട്ടുകാരുടെ എതിര്‍പ്പ് മറികടന്നായിരുന്നു വിവാഹം. പിന്നീട് കലയെ കാണാതായപ്പോള്‍, അവര്‍ മക്കളെയും തന്നെയും ഉപേക്ഷിച്ച് മറ്റൊരാള്‍ക്കൊപ്പം പോയെന്നാണ് ഭര്‍ത്താവ് അനില്‍ പറഞ്ഞത്. അത് നാട്ടുകാരും ബന്ധുക്കളും വിശ്വസിച്ചു. പൊലീസും സംഭവത്തില്‍ കാര്യമായ അന്വേഷണം നടത്തിയില്ല.
പിന്നീട് അനിലിന്റെ മാന്നാറിലെ വീടിന് പൊളിച്ച് പുതുക്കി പണിതു. ഇതിനിടെ അനില്‍ ഇസ്രയേലില്‍ എത്തി. വീണ്ടും വിവാഹം കഴിച്ചു. ഈയടുത്താണ് സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവുണ്ടായത്. രണ്ട് മാസം മുന്‍പ് ഊമക്കത്ത് ലഭിച്ച പൊലീസ് ഇതില്‍ പങ്കാളികളെന്ന് സംശയിക്കുന്നവരെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തു. പിന്നാലെയാണ് ഇന്ന് മാന്നാറിലെ വീട്ടിലെത്തി പരിശോധന നടത്തുന്നത്. കലയുടെ ഭര്‍ത്താവ് അനിലിനെ നാട്ടിലെത്തിക്കാനും പൊലീസ് ശ്രമം തുടങ്ങി.
അഴുകിയ മൃതദേഹം കണ്ടെത്തുകയാണ് പൊലീസിന് മുന്നിലെ വെല്ലുവിളി. മാന്നാറിലെ വീട്ടിലെ സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോധന പുരോഗമിക്കുകയാണ്. ഇലന്തൂര്‍ നരബലിയിലടക്കം മൃതദേഹങ്ങള്‍ കുഴിച്ചെടുത്ത സോമനാണ് മാന്നാറിലും പൊലീസിനെ സഹായിക്കുന്നത്.
സംഭവത്തില്‍ പോലീസ് കസ്റ്റഡിയിലുള്ളത് ഭര്‍ത്താവിന്റെ ബന്ധു അടക്കമുള്ളവര്‍. കൊല്ലപ്പെട്ടെന്ന് കരുതുന്ന കലയുടെ ഭര്‍ത്താവ് അനിലിന്റെ സഹോദരീഭര്‍ത്താവടക്കം അഞ്ചുപേരാണ് നിലവില്‍ കസ്റ്റഡിയിലുള്ളത്. ഇവരില്‍ ചിലരെ അനിലിന്റെ വീട്ടിലെത്തിച്ചാണ് കലയുടെ മൃതദേഹം കണ്ടെത്താനുള്ള പരിശോധന നടക്കുന്നത്.
കലയുടെ മാതാപിതാക്കള്‍ നേരത്തെ മരിച്ചതാണ്. ഭിന്നശേഷിക്കാരനായ ഒരാളടക്കം രണ്ടുസഹോദരന്മാരാണുള്ളത്. ഇവരാരും പിന്നീട് പരാതിയുമായി പോയില്ല. ഇതിനിടെ അനില്‍ വീണ്ടും വിവാഹിതനായി. കലയുമായുള്ള ബന്ധത്തില്‍ അനിലിന് ഒരുമകനുണ്ട്. രണ്ടാമത്തെ വിവാഹത്തില്‍ രണ്ടുമക്കളും. നാട്ടില്‍ കെട്ടിട നിര്‍മാണ കരാറുകാരനായിരുന്ന ഇയാള്‍ രണ്ടുമാസം മുമ്പാണ് ഇസ്രയേലിലേക്ക് ജോലിക്കായി പോയതെന്നാണ് വിവരം.
കലയുമായുള്ള ബന്ധത്തെ അനിലിന്റെ വീട്ടുകാര്‍ എതിര്‍ത്തിരുന്നതായാണ് വിവരം. തുടര്‍ന്നാണ് അനിലും കൂട്ടാളികളും ചേര്‍ന്ന് കലയെ കൊലപ്പെടുത്തിയതെന്നും കരുതുന്നു. കലയെ വീട്ടില്‍നിന്ന് കൂട്ടിക്കൊണ്ടുപോയ പ്രതികള്‍ കാറിലിട്ട് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നും പിന്നീട് മൃതദേഹം വീട്ടുവളപ്പിലെ സെപ്റ്റിക് ടാങ്കില്‍ കുഴിച്ചിട്ടെന്നുമാണ് സൂചന. സംഭവദിവസം ഉല്ലാസയാത്ര പോകാമെന്ന് പറഞ്ഞാണ് കലയെ അനില്‍ കാറില്‍ കൊണ്ടുപോയത്. കൂട്ടുപ്രതികളും ഒപ്പമുണ്ടായിരുന്നു. യാത്രയ്ക്കിടെ കുട്ടനാടിലെ കള്ളുഷാപ്പുകളില്‍ കയറി ഭക്ഷണവും കഴിച്ച് തിരികെ മടങ്ങുന്നതിനിടെയാണ് പ്രതികള്‍ കൃത്യം നടത്തിയതെന്നാണ് കരുതുന്നത്. തുടര്‍ന്ന് മൃതദേഹം രഹസ്യമായി മറവുചെയ്യുകയായിരുന്നുവത്രേ. അതേസമയം, ഇതുസംബന്ധിച്ച് ഇതുവരെ സ്ഥിരീകരണമില്ല. പോലീസും സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.