ലാസ: മനുഷ്യകുലത്തിന്റെ ചരിത്രപഠനത്തിലേക്ക് വൻ കുതിപ്പ് സാധ്യമാകുന്ന വിധം ടിബറ്റിൽ 3000 വർഷത്തിലേറെ പഴക്കമുളള ശവകുടീരങ്ങൾ കണ്ടെത്തി. യർലുംഗ് സംഗ്ബോ നദിക്കരയിലാണ് ശവകുടീരങ്ങൾ കണ്ടെത്തിയിരിക്കുന്നത്. സഹസ്രാബ്‌ദങ്ങൾ പഴക്കമുളള ഒൻപത് ശവകുടീരങ്ങളിൽ നിന്ന് മൃതശരീരങ്ങളുടെ അവശിഷ്ടങ്ങളും ലഭിച്ചിട്ടുണ്ട്.
ഷാൻസി പ്രൊവിൻഷ്യൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കയോളജിയും സാംസ്‌കാരിക പൈതൃക സംരക്ഷണ സ്ഥാപനവും നടത്തിയ ഉത്ഖനനത്തിലൂടെയാണ് വൻ ഗവേഷണ മുന്നേറ്റം സാധ്യമായത്. ഇവർ 2017 ജൂലൈ, ആഗസ്ത് മാസങ്ങളിൽ നടത്തിയ ഗവേഷണത്തിന്റെയും പഠനത്തിന്റെയും അടിസ്ഥാനത്തിലായിരുന്നു ഉത്ഖനനം നടത്തിയത്.
രണ്ട് കാലഘട്ടങ്ങളിലായി അടക്കം ചെയ്ത ശവകുടീരങ്ങളാണ് ഇവയെന്ന് തെളിഞ്ഞു. 3000 മുതൽ 3500വർഷത്തിനിടയിൽ അടക്കം ചെയ്ത മൃതദേഹങ്ങളും 2100 മുതൽ 2300 വരെ വർഷങ്ങൾക്കിടെ അടക്കം ചെയ്ത മൃതദേഹങ്ങളുമാണ് കണ്ടെത്തിയിരിക്കുന്നത്. കാർബൺ പരിശോധനയിലാണ് ഇത് വ്യക്തമായത്.
മൂന്ന് സഹസ്രാബ്‌ദങ്ങൾ മുൻപ് ജീവിച്ചിരുന്ന മനുഷ്യരുടെ ജീവിതാവസ്ഥകളിലേക്ക് വെളിച്ചം വീശുന്ന വൻ കണ്ടുപിടിത്തത്തിലേക്കാണ് ടിബറ്റിലെ ഉത്ഖനനത്തിലൂടെ എത്തിച്ചേർന്നിരിക്കുന്നത്.