തിരുവനന്തപുരം: ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി നടന്‍ അലന്‍സിയര്‍. പുരസ്‌കാരം വാങ്ങാതെ തലയുയര്‍ത്തിപ്പിടിച്ച് മടങ്ങിയവര്‍ക്കൊപ്പമാണ് താനെന്ന് പറഞ്ഞ അദ്ദേഹം പുരസ്‌കാരം സ്വീകരിച്ച യേശുദാസിനെയും ജയരാജിനെയും പരോക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. ചിലര്‍ക്ക് അവാര്‍ഡ് എത്ര കിട്ടിയാലും പോര എന്നത് രോഗമാണെന്നും അതിന് ചികിത്സവേണമെന്നുമാണ് അലന്‍സിയര്‍ പറഞ്ഞത്.
പ്രതിഷേധിച്ചവര്‍ അവാര്‍ഡ് തുക തിരിച്ചുകൊടുക്കണണെന്ന ജയരാജിന്റെ നിലപാടിന് ശക്തമായ മറുപടിയും അലന്‍സിയര്‍ നല്‍കി. ‘ പണം മന്ത്രിയുടെ വീട്ടില്‍ നിന്നല്ല കൊണ്ടുവരുന്നത്’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പുരസ്‌കാര ചടങ്ങ് ബഹിഷ്‌കരിച്ച നടപടി തെറ്റാണെന്നും ഇവര്‍ അക്കൗണ്ടില്‍ വന്ന പണം തിരികെ നല്‍കണമെന്നും ജയരാജ് പറഞ്ഞിരുന്നു.
11 പേര്‍ക്കെ രാഷ്ട്രപതി പുരസ്‌കാരം നല്‍കുകയുള്ളൂവെന്ന് അറിയിച്ചതോടെയാണ് മലയാള സിനിമാ തരങ്ങളടക്കം ചടങ്ങ് ബഹിഷ്‌ക്കരിച്ചിരുന്നത്. ജയരാജും യേശുദാസും മാത്രമാണ് മലയാളത്തില്‍ നിന്ന് പുരസ്‌കാരം വാങ്ങിയത്. പുരസ്‌കാരദാനച്ചടങ്ങ് മാത്രമാണ് ബഹിഷ്‌ക്കരിക്കുന്നതെന്ന് പ്രതിഷേധക്കാര്‍ വ്യക്തമാക്കിയിരുന്നു.
ദേശീയ ചലച്ചിത്ര പുരസ്‌കാര ചടങ്ങില്‍ 140 അവാര്‍ഡ് ജേതാക്കളില്‍ 68 പേരാണ് ബഹിഷ്‌ക്കരിച്ചത്. പുരസ്‌കാരം വാങ്ങാതെ നടന്‍ ഫഹദ് ഫാസിലടക്കമുള്ളവര്‍ വേദിയിലേക്ക് പോയിരുന്നില്ല. ചടങ്ങ് ബഹിഷ്‌കരിച്ചവരുടെ കസേരകളടക്കം ഒഴിവാക്കിയാണ് സര്‍ക്കാര്‍ പരിപാടി നടത്തിയിരുന്നത്.