Saturday, September 28, 2024
HomeLatest Newsമലയാളികളുടെ ആക്ഷന്‍ ഹീറോ മിനിസ്റ്റര്‍ സുരേഷ് ഗോപിയ്ക്ക് ഇന്ന് 65-ാം പിറന്നാള്‍

മലയാളികളുടെ ആക്ഷന്‍ ഹീറോ മിനിസ്റ്റര്‍ സുരേഷ് ഗോപിയ്ക്ക് ഇന്ന് 65-ാം പിറന്നാള്‍

മലയാളികളുടെ പ്രീയപ്പെട്ട ആക്ഷന്‍ ഹീറോയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ 65-ാം പിറന്നാളാണ് ഇന്ന്. വ്യക്തിജീവിതത്തിലും രാഷ്ട്രീയത്തിലും ശോഭിച്ചുനില്‍ക്കുന്ന വേളയിലാണ് അദ്ദേഹത്തിന്റെ ഇത്തവണത്തെ പിറന്നാള്‍ എത്തുന്നത്. ക്ഷോഭിക്കുന്ന യൗവനത്തിന്റേയും തീപ്പൊരി ഡയലോഗുകളുടേയും പുരുഷരൂപമായി മലയാളി പതിറ്റാണ്ടുകളായി കണ്ടത് സുരേഷ് ഗോപിയെന്ന സൂപ്പര്‍ സ്റ്റാറിനെയായിരുന്നു. സിനിമയ്ക്കും രാഷ്ട്രീയത്തിലുമൊപ്പം ആതുരസേവനരംഗത്തും തന്റെ സാന്നിധ്യമറിയിച്ച് രാഷ്ട്രീയത്തിലെ നന്മമുഖമായി സുരേഷ് ഗോപി മാറി. ഇപ്പോള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ നിന്ന് മത്സരിച്ച് വിജയിച്ച് അദ്ദേഹം മൂന്നാം മോദി സര്‍ക്കാരില്‍ സഹമന്ത്രിയുമായി. (Malayalam actor and minister suresh gopi 65th birthday)

1965ല്‍ കെ എസ് സേതുമാധവന്റെ ഓടയില്‍ നിന്ന് എന്ന സിനിമയില്‍ ബാലതാരമായാണ് സുരേഷ് ഗോപി സ്‌ക്രീനിലെത്തുന്നത്. ചെറു വേഷങ്ങളിലൂടെ ചുവടുവച്ച് പ്രശസ്തിയിലേക്ക് പടിപടിയായി ഉയര്‍ന്നു. ഷാജി കൈലാസ് രഞ്ജി പണിക്കര്‍ കൂട്ടുകെട്ടില്‍ പിറന്ന സിനിമകള്‍ നായകനെന്ന നിലയില്‍ സുരേഷ് ഗോപിയുടെ ഗ്രാഫ് ഉയര്‍ത്തി. ഷാജി കൈലാസിന്റെ തലസ്ഥാനത്തിലൂടെ നായകവേഷത്തില്‍ ശ്രദ്ധേയനായത്. മണിച്ചിത്രത്താഴും കമ്മീഷണറും ലേലവും പത്രവുമൊക്കെ പണം വാരിയതില്‍പ്പിന്നെ സുരേഷ് ഗോപിക്ക് തിരിഞ്ഞുനോക്കേണ്ടതായി വന്നിട്ടില്ല. കളിയാട്ടത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും സംസ്ഥാന പുരസ്‌കാരവും സുരേഷ് ഗോപിയെ തേടിയെത്തി. കൊല്ലം ഫാത്തിമ മാതാ നാഷണല്‍ കോളെജ് പഠനകാലത്ത് എസ് എഫ് ഐയുടെ സജീവപ്രവര്‍ത്തകനായിരുന്നു സുരേഷ് ഗോപി. സുവോളജിയില്‍ ബിരുദവും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. തുടര്‍ന്ന് കോണ്‍ഗ്രസിലേക്ക് ആകര്‍ഷിക്കപ്പെട്ടു.

2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥികള്‍ക്കായും യു ഡി എഫ് സ്ഥാനാര്‍ത്ഥികള്‍ക്കായും സുരേഷ് ഗോപി പ്രചാരണത്തിനിറങ്ങി. മലമ്പുഴയില്‍ വി എസ് അച്യുതാനന്ദനായും പൊന്നാനിയില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി എം പി ഗംഗാധരനായിട്ടുമായിരുന്നു പ്രചാരണം. 2016 ഏപ്രിലില്‍ രാഷ്ട്രപതി സുരേഷ് ഗോപിയെ രാജ്യസഭാംഗമായി നിയമിച്ചു.. 2016 ഒക്ടോബറില്‍ ബി ജെ പിയില്‍ ചേര്‍ന്ന സുരേഷ് ഗോപി 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ ബി ജെ പി സ്ഥാനാര്‍ത്ഥിയായെങ്കിലും മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ നിന്നും മത്സരിച്ചെങ്കിലും മൂന്നാം സ്ഥാനത്തു തന്നെയാണ് എത്തിയത്.

എന്നാല്‍ ഈ വര്‍ഷം എഴുപതിനായിരത്തില്‍പരം സീറ്റുകളുടെ ഭൂരിപക്ഷത്തിനാണ് ലോക്‌സഭയിലേക്ക് സുരേഷ് ഗോപി തെരഞ്ഞെടുക്കപ്പെട്ടത്. ചലച്ചിത്ര വിതരണ കമ്പനി നടത്തിയിരുന്ന ഗോപിനാഥന്‍ പിള്ളയുടേയും ജ്ഞാന ലക്ഷ്മിയുടേയും മകനാണ് സുരേഷ് ഗോപി. രാധിക നായരാണ് ഭാര്യ. നടന്‍ ഗോകുല്‍ സുരേഷും അന്തരിച്ച മകള്‍ ലക്ഷ്മി സുരേഷുമടക്കം അഞ്ചു മക്കളുണ്ട്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments