മഴ അന്തരിച്ചു; ഒരുമഴക്കഥ!

0
47

പെയ്ത്തുംകടവ് ഇടവം വീട്ടില്‍ മഴ അന്തരിച്ചു… പ്രായം എത്രയാണെന്ന് ആര്‍ക്കും ഒരു വിവരവുമില്ല… നെഞ്ചിലെ അര്‍ബുദരോഗമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു… കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിലെ അത്യാഹിത വിഭാഗത്തില്‍ വച്ചായിരുന്നു അന്ത്യം… മഴമേഘത്തിന്റേയും, നീരാവിയുടേയും മകനായി ജനിച്ച മഴ വളര്‍ന്നതും ജീവിച്ചതും മഴക്കാടുകളിലും, വനമേഘലകളിലുമായിരുന്നു. കുംഭത്തിലും, മീനത്തിലും പ്രാഥമിക വിദ്യഭ്യാസം പൂര്‍ത്തിയാക്കി, ചിറാപ്പുഞ്ചിയില്‍ നിന്ന് ഏറ്റവും കൂടുതല്‍ മഴയില്‍ ബിരുദവും ഏ പ്‌ളസും കരസ്ഥമാക്കി. വന മാഫിയക്കാരും, കൈയ്യേറ്റക്കാരും മഴക്കാടുകള്‍ വെട്ടി നശിപ്പിച്ചപ്പോള്‍ നെഞ്ചിനേറ്റ ആഴത്തിലുളള മുറിവാണ് ഒടുവില്‍ അര്‍ബുദമായി മാറിയത് . പ്രകൃതി സംരക്ഷണ സമിതിയുടേയും, വനസംരക്ഷകരുടേയും കാരുണ്യത്തിലാണ് ഇത്രയും നാള്‍ പെയ്ത് ജീവിച്ചത്. പ്രകൃതിയുടേയും, തങ്ങളുടേയും ഭാവി ചോദ്യ ചിഹ്നമായെന്നും മഴയുടെ മരണം കാലാവസ്ഥ കുടുംബത്തിന് തീരാനഷ്ടമായെന്നുമാണ് കിണറുകളും, അരുവികളും പുഴകളും പ്രതികരിച്ചത്. നിരവധി തവണ ബംഗാള്‍ ന്യൂന മര്‍ദ്ദ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്… കാലാവസ്ഥനിരീക്ഷണ കേന്ദ്രത്തില്‍ പൊതുദര്‍ശനത്തിനു വച്ച ശേഷം മൃതദേഹം നാളെ പാലക്കാട് പൊതുശ്മശാനത്തില്‍, സംസ്‌കരിക്കും.. വനമാഫിയയോടുളള രോഷം പ്രകടിപ്പിച്ച് സൂര്യന്റെ നേതൃത്വത്തിലുളള വന്‍പ്രതിഷേധം കേരളത്തില്‍ തുടരുന്നു… വരള്‍ച്ചയും സൂര്യ താപവും ഐക്യദാര്‍ഢ്യവുമായി രംഗത്ത് വന്നിട്ടുണ്ട്… ഇടവപ്പാതി കുടുംബാംഗം ‘പേമാരി’ യാണ് ഭാര്യ, ചന്നം പിന്നം റെയിന്‍ ഗേള്‍സ് ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനി കുമാരി ചറ പറ മഴ ഏക മകളാണ്

Leave a Reply