ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ വെച്ച് രാഷ്ട്രീയ നേതാവും ഗുണ്ടാത്തലവനുമായ അതിഖ് അഹമ്മദിനെയും സഹോദരനെയും വധിക്കാന്‍ അക്രമി സംഘം എത്തിയത് മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേന.
എന്‍സിആര്‍ ന്യൂസ് എന്ന പേരില്‍ വ്യാജ മൈക്കും ഐഡിയും സംഘടിപ്പിച്ചാണ് പ്രതികള്‍ എത്തിയത്. കൊലപാതകത്തിന് ശേഷം അക്രമികള്‍ ജയ് ശ്രീറാം വിളിക്കുകയും ചെയ്തു.
അക്രമികള്‍ 14 റൗണ്ടോളം വെടിയുതിര്‍ത്തു. അതിഖും സഹോദരനും സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. അക്രമികള്‍ ബൈക്കിലാണ് എത്തിയത്. അതിഖ് അഹമ്മദിന്റെ മകന്‍ ആസാദ് അഹമ്മദും കൂട്ടാളി ഗുലാമും ഉത്തര്‍പ്രദേശ് പൊലീസിന്റെ പ്രത്യേക ദൗത്യസേനയുമായുള്ള ഏറ്റുമുട്ടലില്‍ വ്യാഴാഴ്ച കൊല്ലപ്പെട്ടിരുന്നു. മകന്റെ അന്ത്യകര്‍മങ്ങളിലെ അതിഖ് അഹമ്മദിന് പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല.
ഇത് സംബന്ധിച്ച് മാധ്യമങ്ങള്‍ പ്രതികരണം തേടുന്നതിനിടെയാണ് അക്രമികളില്‍ ഒരാള്‍ അതിഖിന്റെ തലയിലേക്ക് വെടിവെച്ചത്. തൊട്ടടുത്ത നിമിഷം തന്നെ സഹോദരന് നേരെയും വെടിവെപ്പുണ്ടായി. രണ്ടുപേര്‍ വെടിയുതിര്‍ത്തപ്പോള്‍ മൂന്നാമന്‍ ബാഗും പിടിച്ച് സഹായിയായി നിന്നു. അക്രമികളെ വെടിവെപ്പിന് ശേഷം പോലീസ് കീഴടക്കി. ലോവേഷ് തിവാരി, അരുണ്‍ മൗരിയ, സണ്ണി എന്നിവരാണ് അറസ്റ്റിലായത്.
ഇവരില്‍ നിന്നും രണ്ടു വിദേശ പിസ്റ്റലുകളും 58 വെടിയുണ്ടകളും കണ്ടെത്തി. കൊല്ലപ്പെട്ട അതിഖ് അഹമ്മദ് നൂറോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. കൊല്ലപ്പെട്ട അതിഖ് അഹമ്മദിന്റെയും സഹോദരന്‍ അഷ്‌റഫ് അഹമ്മദിന്റെയും സംസ്‌കാരചടങ്ങുകള്‍ ഇന്ന് നടക്കും. ഇരുവരുടെയും മരണത്തിന് പിന്നാലെ യുപിയില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. അതിഖിന്റെ മരണത്തില്‍ യുപി സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണവും പ്രഖ്യാപിച്ചു. മൂന്നംഗ ജുഡീഷ്യല്‍ കമ്മീഷനാകും അന്വേഷിക്കുക.