മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജ്യോതിര്‍മയി ഡേയുടെ കൊലപാതകത്തില്‍ അധോലോക കുറ്റവാളി ഛോട്ടാ രാജനടക്കം ഒന്‍പത് പേര്‍ക്ക് ജീവപര്യന്തം.  മലയാളിയായ സതീഷ് കാലിയയ്ക്കും ജീവപര്യന്തം  തടവിന് വിധിച്ചു. കൊല നടന്ന് ഏഴ് വര്‍ഷത്തിന് ശേഷമാണ് വിധി വരുന്നത്. മുംബൈ പ്രത്യേക സിബിഐ കോടതിയുടേതാണ് വിധി. 2011 ജൂണ്‍ 11നാണ് ജെ ഡേ കൊല്ലപ്പെട്ടത്.

ഛോട്ടാരാജന്റെ സഹായി രോഹിത് തങ്കപ്പന്‍ എന്ന സതീഷ് കലിയ, അനില്‍ വാഗ്മോദ്, അഭിജീത് ഷിന്‍ഡേ, നിലേഷ് ഷഡ്‌ജെ, അരുണ്‍ ധാക്കെ, മങ്കേഷ് അഗവനെ, സചിന്‍ ഗെയ്ക്ക്വാദ്, ദീപക് സിസോദിയ എന്നിവരും നേരത്തെ മരിച്ച വിനോദ് അസ്രാണിയുമാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു.

മിഡ് ഡേ എന്ന ഒരു സായാഹ്ന പത്രത്തിന്റെ എഡിറ്ററായിരുന്ന ജെ ഡേ. 2011 ജൂണ്‍ 11ന് സ്വവസതിക്ക് സമീപമാണ് ജെ ഡേ വെടിയേറ്റ് മരിച്ചത്. ഛോട്ടാ രാജന്റെ സഹായികളായ സതീഷ കലിയ, അനില്‍ വാഗ്മോദ്, അഭിജീത് ഷിന്‍ഡേ, നിലേഷ് ഷഡ്‌ജെ, അരുണ്‍ ധാക്കെ, മങ്കേഷ് അഗവനെ, സചിന്‍ ഗെയ്ക്ക്വാദ് എന്നിവര്‍ ഡെയെ പിന്തുടരുകയും ഷാര്‍പ് ഷൂട്ടറായ കലിയ വെടിവെക്കുകയും ചെയ്തുവെന്നാണ് കേസ്. മറ്റൊരു മാധ്യമത്തില്‍ പ്രവര്‍ത്തിച്ചിരുന്ന മാധ്യമപ്രവര്‍ത്തകന്‍ ജിഗ്ന വോറയുടെ പ്രേരണയില്‍ ഛോട്ടാരാജന്റെ നിര്‍ദേശപ്രകാരമാണ് കൃത്യം നടത്തിയതെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം.