Saturday, November 23, 2024
HomeNewsKeralaമാന്നാർ കല കൊലപാതകക്കേസ്; ഒന്നാം പ്രതിക്കായി ഇന്റർ പോള്‍ മുഖേന ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിക്കാൻ...

മാന്നാർ കല കൊലപാതകക്കേസ്; ഒന്നാം പ്രതിക്കായി ഇന്റർ പോള്‍ മുഖേന ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിക്കാൻ പൊലീസ്

മാന്നാർ കല കൊലപാതകക്കേസില്‍ പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. രണ്ട് മൂന്ന് നാല് പ്രതികളായ ജിനു, സോമരാജൻ, പ്രമോദ് എന്നിവരുടെ കസ്റ്റഡി കാലാവധിയാണ് ഇന്ന് അവസാനിക്കുക.

ഒന്നാംപ്രതി അനിലിനെ ഇസ്രയേലില്‍ നിന്ന് നാട്ടിലെത്തിച്ച ശേഷം ഒന്നിച്ച്‌ തെളിവെടുപ്പ് നടത്തിയാല്‍ മതിയെന്ന തീരുമാനത്തിലാണ് അന്വേഷണസംഘം. അതിനാല്‍ പ്രതികളുടെ കസ്റ്റഡി കാലാവധി നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് ചെങ്ങന്നൂർ കോടതിയില്‍ അപേക്ഷ നല്‍കും. ഒന്നാം പ്രതിക്കായി ഇന്റർ പോള്‍ മുഖേന ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിക്കാൻ ഒരുങ്ങുകയാണ് പൊലീസ്. ഇതിനായി പ്രതിയുടെ അറസ്റ്റ് വാറണ്ട് വിവരങ്ങള്‍ നോഡല്‍ ഏജൻസിയായ സിബിഐക്ക് കൈമാറി. അനിലിനെ എത്രയും വേഗം നാട്ടില്‍ എത്തിച്ചെങ്കില്‍ മാത്രമേ കേസ് അന്വേഷണത്തിലെ നിർണായക വിവരങ്ങള്‍ ലഭ്യമാകൂ.

ഇതിനിടെ,കൊലപാതകത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി സാക്ഷികള്‍ രംഗത്തെത്തി. കലയുടെ മൃതദേഹവുമായി മൂന്ന് പേർ തന്നെ സമീപിച്ചിരുന്നതായി മാന്നാർ സ്വദേശിയായ സോമൻ വെളിപ്പെടുത്തി. കേസിലെ സാക്ഷി സുരേഷ് കുമാർ കൊലപാതകത്തെ കുറിച്ച്‌ തന്നോട് പറഞ്ഞിരുന്നതായി മുരളീധരൻ എന്നയാളും പറയുന്നു. എന്നാല്‍ കൊലപാതകവിവരം അറിഞ്ഞിട്ടും ഇവർ എന്തുകൊണ്ട് ഇത്രയും കാലം മറച്ചു വെച്ചുവെന്നും ഇപ്പോഴത്തെ വെളിപ്പെടുത്തലിലെ സത്യാവസ്ഥ എന്തെന്നും പൊലീസ് പരിശോധിക്കുകയാണ്.

15 വർഷം മുൻപ് നടന്ന കൊലപാതകത്തില്‍ കൂടുതല്‍ സാക്ഷികള്‍ രംഗത്തെത്തുന്നത് കേസ് അന്വേഷണത്തില്‍ ഗുണം ചെയ്യുമെന്നാണ് പൊലീസിന്‍റെ കണക്ക് കൂട്ടല്‍. കലയുടെ മൃതദേഹവുമായി മൂന്ന് പേർ തന്നെ സമീപിച്ചെന്നും ഒപ്പം കേസിലെ പ്രതികളായ ജിനുവും പ്രമോദും ഉണ്ടായിരുന്നതായും മാന്നാർ സ്വദേശി സോമൻ പറയുന്നു. നിലവില്‍ കേസിലെ സാക്ഷിയായ സുരേഷ് കൊലപാതക വിവരം തന്നോട് പറഞ്ഞതായി മുരളീധരൻ എന്നയാളും വെളിപ്പെടുത്തി.

മുരളീധരനും സോമനും എസ്‌എന്‍ഡിപിയുടെ മുൻ പ്രസിഡന്‍റുമാരാണ്. മാന്നാർ എസ്‌എൻഡിപി ശാഖാ യോഗവുമായി ബന്ധപ്പെട്ട നിലനിന്നിരുന്ന ചില പ്രശ്നങ്ങളാണ് ഈ കേസിന് തുമ്ബ് ഉണ്ടാക്കിയതെന്ന സൂചനയും പുറത്ത് വരുന്നുണ്ട്. അതിനാല്‍ ഇപ്പോഴത്തെ വെളിപ്പെടുത്തലിന് പിന്നില്‍ മറ്റെന്തെങ്കിലും ഉദ്ദേശമുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

ഇതിനിടെ കേസില്‍ ഉള്‍പ്പെട്ട മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണം എന്നാവശ്യപെട്ട് പട്ടികജാതി പട്ടിക വർഗ സംയുക്ത സമിതി പ്രതിഷേധ റാലിയും യോഗവും നടത്തി. അതേസമയം, കേസില്‍ തുമ്ബുണ്ടാക്കാൻ തലങ്ങും വിലങ്ങും അന്വേഷണം നടത്തുകയാണ് പൊലീസ്. നാളെ കസ്റ്റഡി കാലാവധി അവസാനിക്കുന്ന പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാനാണ് പൊലീസ് നീക്കം.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments