മാളിയേക്കൽ കുടുംബം ; ചരിത്രത്തിന്റെ സുവർണ്ണ ലിപികളിൽ

0
557

കോട്ടയം ജില്ലയിലെ കാഞ്ഞിരത്താനം ഗ്രാമത്തിലെ ഏറ്റവും വലിയ ഭൂപ്രഭുക്കരും പ്രമാണികളുമായിരുന്നു മാളിയേക്കൽ കുടുംബം. മാളിക പോലുള്ള ഭവനം എന്ന വാക്കിൽ നിന്നാണ് മാളിയേക്കൽ എന്ന പേരുണ്ടായത്. മാഞ്ഞൂർ മുതൽ കുറവിലങ്ങാട് വരെ ഉണ്ടായിരുന്ന വളരെ വിസ്തൃതമായ ഭൂപ്രദേശവും കൃഷിയിടങ്ങളും ഉണ്ടായിരുന്ന മാളിയേക്കൽ കുടുംബത്തിലെ എം ടി കുര്യൻ എന്ന കുഞ്ഞേട്ടനാണ് ആ കാലത്ത് ഏറ്റവും കൂടുതൽ കരം അടച്ചുപോന്നിരുന്നത്.

മാളിയേക്കൽ തറവാട്ടിൽ മാനുഷിക നന്മകൾ കൊണ്ടും സാമൂഹ്യ പ്രവർത്തനങ്ങൾ കൊണ്ടും ശ്രദ്ധേയനായിരുന്ന ആളായിരുന്നു എം കെ ജോസഫ്. 65 വർഷങ്ങൾക്ക് മുൻപ് അന്നത്തെ മുഖ്യമന്ത്രി പട്ടം താണുപിള്ളയിൽ നിന്ന് കാഞ്ഞിരത്താനം സെന്റ് ജോൺസ് ഹൈസ്കൂളിന് അനുമതി വാങ്ങിയെടുത്തത് എം കെ ജോസഫ് ആയിരുന്നു. പ്രജ സോഷ്യൽ പാർട്ടി (പി എസ് പി) യുടെ കോട്ടയം ജില്ല പ്രസിഡന്റ്‌ ആയിരുന്നു അദ്ദേഹം. വെളിയന്നൂർ മണ്ഡലത്തിൽ നിന്നും നിയമസഭയിലേക്ക് പി എസ് പി യുടെ സ്‌ഥാനാർത്ഥിയായി അദ്ദേഹം മത്സരിച്ചപ്പോൾ പ്രചാരണ പരിപാടികൾക്കായി കുറവിലങ്ങാട് ജയപ്രകാശ് നാരായണൻ എത്തിയത് ഇന്നും തിളങ്ങുന്ന സ്മരണകളാണ്. കുടികിടപ്പ് നിയമം, ഭൂ പരിഷ്‌ക്കരണ നിയമം തുടങ്ങിയവയുടെ കമ്മറ്റികളിൽ എം കെ ജോസഫ് അംഗം ആയിരുന്നു. പക്ഷെ സെന്റ് ജോൺസ് സ്കൂളിന്റെ ചരിത്ര രേഖയിൽ അദ്ദേഹത്തിന്റെ പേരില്ലാത്തത് കടുത്ത ചരിത്ര നിഷേധമായി അവശേഷിക്കുന്നു. എന്നിരുന്നാലും ജോസഫ് സാറിന്റെ പേരിൽ സ്കോളർഷിപ്പുകൾ ഇന്നും നല്കിപ്പോരുന്നു.

എംപീസ് തീയേറ്റർ കോതനല്ലൂർ എന്ന ആദ്യ സിനിമ തിയേറ്റർ ആദ്യമായി കോതനലൂരിൽ സ്‌ഥാപിച്ചത്‌ മാളിയേക്കൽ കുടുംബത്തിലെ എം കെ പീറ്റർ ആണ്. മാത്രമല്ല കുറുപ്പന്തറ ഓമല്ലൂർ റോഡ്, ഗ്രാമത്തിലേക്കുള്ള വൈദ്യുതി എന്നിവയൊക്കെ നടപ്പിലാക്കുവാൻ മുൻകൈ എടുത്തതും എം കെ പീറ്റർ ആയിരുന്നു.

ഇന്ത്യൻ എക്സ്പ്രസിന്റെ ഡൽഹിയിലെ കറസ്‌പോണ്ടന്റ് ആയി 27 വർഷം പ്രവർത്തിച്ച ആളാണ് ബാബു ജോസഫ് മാളിയേക്കൻ. 1984 ൽ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ വധത്തെ തുടർന്നുണ്ടായ സിഖ് വിരുദ്ധ കലാപങ്ങൾ ഏറ്റവുമധികം റിപ്പോർട്ട്‌ ചെയ്തത് ബാബു ജോസഫ് മാളിയേക്കൻ ആണ്. അന്വേഷണ കമ്മീഷന് മുൻപിൽ ഹാജരായി പല തവണ മൊഴി നൽകുകയും ചെയ്തു. സിഖ് കലാപം ആസ്പദമാക്കി ഏഷ്യാനെറ്റ്‌ സ്‌ഥാപകൻ ശശി കുമാർ സംവിധാനം ചെയ്ത ‘കായാ തരണിൽ’ അദ്ദേഹം അഭിനയിച്ചു. പിന്നോക്ക ആദിവാസി ദലിത് ജീവിതങ്ങളിലേയ്ക്ക് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ നിരവധി തവണ കടന്നു ചെന്നിട്ടുണ്ട്. ഒരു കാലത്ത് തീവെയ്പ്പിൽ എല്ലാം നഷ്ടപ്പെട്ട നിരവധി ദലിത് ജീവിതങ്ങൾക്ക് കൂര നിർമ്മിച്ചു നൽകിയ ചരിത്രം മാളിയേക്കൽ കുടുംബത്തിനുണ്ട്. സാക്ഷി എന്ന പേരിൽ ബാബു ജോസെഫിന്റെ ജീവിതത്തെയും പത്ര പ്രവർത്തനത്തെയും കുറിച്ച് എടുത്ത ഡോക്യൂമെന്ററി പ്രദർശനത്തിന് തയ്യാറാണ്.

ചരിത്രത്തിന്റെ താളുകളിൽ തങ്കലിപികളിൽ എഴുതി ചേർത്ത ഒരേടാണ് മാളിയേക്കൽ കുടുംബം. മാനവികതയുടെയും സാമൂഹ്യ പ്രതിബന്ധതയുടെയും കലയുടെയും ഒക്കെ നിരവധി പ്രതിനിധകളെ സമൂഹത്തിന് സംഭാവന ചെയ്യുവാൻ മാളിയേക്കൽ കുടുംബത്തിന് കഴിഞ്ഞിട്ടുണ്ട്

Leave a Reply