മാസ്ക് മുഖ്യം

0
35

പുറത്തുപോയി തിരിച്ചുവരുന്നവര്‍ വീടിനുള്ളിലും മാസ്ക് ഉപയോഗിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.(ഇതോടൊപ്പം കുറച്ച് അറിവുകൾ കൂടി ചേർത്തിട്ടുണ്ട് വായിക്കുക)

പുറത്തുപോയി തിരിച്ചുവരുന്നവര്‍ വീടിനുള്ളിലും മാസ്ക് ഉപയോഗിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഒപ്പം ശാരീരിക അകലം പാലിക്കണമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബ്രേക്ക ദ് ചെയിൻ ജീവിതശൈലി ജനങ്ങള്‍ തുടരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് സമ്പർക്കത്തിലൂടെയുള്ള കൊവിഡ് വ്യാപനം അറുപത് ശതമാനത്തിന് മുകളിലാണ്. രോഗികളുടെ എണ്ണം പതിനായിരം കടന്നു. എന്നാൽ മരണനിരക്ക് കുത്തനെ ഉയർന്നിട്ടില്ല. രോഗവ്യാപനം മൂന്നാം ഘട്ടത്തിലെ രണ്ടാം പാദത്തിലാണിപ്പോള്‍. ഉറവിടമറിയാത്ത കേസുകൾ കൂടി. നിരവധി ജില്ലകളിൽ ക്ലസ്റ്ററുകൾ രൂപപ്പെട്ടു. ജാഗ്രത തുടരണമെന്നും മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് നിലവിലുള്ള കൊവിഡ് രോഗികളില്‍ 60 ശതമാനത്തിനു മുകളില്‍ ലക്ഷണം പ്രകടിപ്പിക്കാത്തവരാണ്. അപകടസാധ്യതാ വിഭാഗത്തില്‍പ്പെടാത്തവരും രോഗലക്ഷണം ഇല്ലാത്തവരുമായവരെ താമസസ്ഥലത്തിന് തൊട്ടടുത്ത് ചികിത്സാകേന്ദ്രം ഉണ്ടെന്ന് ഉറപ്പുണ്ടെങ്കില്‍ വീട്ടില്‍തന്നെ കഴിയാന്‍ അനുവദിക്കാം എന്ന് മറ്റു ചില രാജ്യങ്ങളിലെ അനുഭവം കാണിക്കുന്നു. രോഗവ്യാപനം വര്‍ധിച്ചാല്‍ ഇത്തരം നിര്‍ദേശങ്ങള്‍ കേരളത്തിലും പരിഗണിക്കേണ്ടതായി വന്നേക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വകാര്യ ആശുപത്രികള്‍ക്കും ചികിത്സാനുമതി നല്‍കുമെന്നും പിണറായി വിജയന്‍ പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് 593 പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ 11659 പേർക്കാണ് ഇതുവരെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. രണ്ട് മരണവും ഇന്ന് സ്ഥിരീകരിച്ചു. ഇന്ന് 204 പേർ രോഗമുക്തരായി. 364 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. വിദേശത്ത് നിന്ന് വന്ന 116 പേർക്കും, മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്ന 90 പേർക്കും രോഗം.


കൊവിഡ് 19 എന്ന മഹാമാരി നമ്മളെ സംബന്ധിച്ച് തീര്‍ത്തും പുതിയ വെല്ലുവിളിയാണ്. അതുകൊണ്ട് തന്നെ ഇതുമായി ബന്ധപ്പെട്ട പല വിവരങ്ങളും നമുക്കിപ്പോഴും ലഭ്യമല്ലെന്നതാണ് സത്യം. കൊറോണ വൈറസ് എന്ന രോഗകാരിയെക്കുറിച്ച് വിവിധ തലങ്ങളില്‍ നിരവധി പഠനങ്ങളാണ് ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നത്.

നിര്‍ണ്ണായകമായ പല നിരീക്ഷണങ്ങളും പൂര്‍ണ്ണമായി സ്ഥിരീകരിക്കപ്പെടാതെ തന്നെ അംഗീകരിക്കേണ്ടി വരുന്ന സാഹചര്യത്തിലാണ് നമ്മളുള്ളത്. അത്തരത്തില്‍ മുമ്പ് തൊട്ടേ ചര്‍ച്ചകളില്‍ സജീവമായിരുന്ന ഒരു വാദമായിരുന്നു വായുവിലൂടെ കൊവിഡ് 19 പകരുമോ, ഇല്ലയോ എന്ന വിഷയം.

തീര്‍ത്തും ഇതിനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന വാദവുമായി വലിയൊരു കൂട്ടം ഗവേഷകര്‍ രംഗത്തെത്തിയതോടെ, ലോകാരോഗ്യ സംഘടന തന്നെ ഈ വിഷയം ഉള്‍ക്കൊള്ളിച്ച് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഇറക്കുകയുണ്ടായി. അതായത്, വായുവിലൂടെയും കൊറോണ വൈറസ് പരന്നേക്കാം, അതിനാല്‍ ഇക്കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തണമെന്നും അടച്ച മുറികളുള്‍പ്പെടെ അടഞ്ഞുകിടക്കുന്ന ഇടങ്ങളില്‍ തുടരുന്നവര്‍ തീര്‍ച്ചയായും ജാഗ്രത പുലര്‍ത്തണമെന്നുമായിരുന്നു ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദേശം.

ഈ മാര്‍ഗനിര്‍ദേശത്തില്‍ പ്രത്യേകം പറഞ്ഞിരിക്കുന്ന ഒരു കാര്യം നിങ്ങള്‍ ശ്രദ്ധിച്ചോ? അടഞ്ഞ മുറി, അല്ലെങ്കി അടഞ്ഞുകിടക്കുന്ന ഇടങ്ങള്‍ എന്നാണ്. അതായത് വായുസഞ്ചാരമില്ലാത്ത സ്ഥലം എന്നര്‍ത്ഥം. നേരത്തേ എയര്‍കണ്ടീഷന്‍ ചെയ്ത സ്ഥലങ്ങളില്‍ സാമൂഹികാകലം പാലിച്ചാലും വൈറസ് ബാധയുള്ള ഒരാളെങ്കിലും ഉണ്ടെങ്കില്‍ മറ്റുള്ളവരിലേക്കും രോഗബാധയുണ്ടാകാമെന്ന് ചില പഠനങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു.

കഴിഞ്ഞ ദിവസം ഒരുകൂട്ടം ബ്രിട്ടീഷ് ഗവേഷകര്‍ ഈ വാദം ശരിവച്ച് കൊണ്ട് രംഗത്തെത്തുകയും ചെയ്തു. എസി പ്രവര്‍ത്തിക്കുന്ന അന്തരീക്ഷത്തിലെ വായു പുതുക്കപ്പെടാത്ത സാഹചര്യമുണ്ടാകുമെന്നും, ഒരേ വായു തന്നെ മുറിക്കകത്ത് കറങ്ങുന്നതോടെ രോഗവ്യാപന സാധ്യത കൂടാമെന്നുമായിരുന്നു ഏതാനും സംഭവങ്ങള്‍ കൂടി ചൂണ്ടിക്കാട്ടിക്കൊണ്ട് ഇവര്‍ വാദിച്ചത്.

ഇതോടെ കൊവിഡ് കാലത്തെ എസി ഉപയോഗം വീണ്ടും ചര്‍ച്ചയിലാവുകയാണ്. മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്ന ഒരു സൂപ്പര്‍ മാര്‍ക്കറ്റോ, ഓഫീസോ, മറ്റ് തൊഴിലിടങ്ങളോ ആകട്ടെ. എസി ഉപയോഗിക്കുന്നുണ്ടെങ്കില്‍ അവിടെ രോഗബാധയുണ്ടാകാനുള്ള ‘റിസ്‌ക്’ കൂടുതലല്ലേ?

ഒരു രോഗിയെങ്കിലും അവിടെയുണ്ടെങ്കില്‍ അയാളില്‍ നിന്ന് പുറത്തെത്തുന്ന രോഗാണു, ആദ്യം സൂചിപ്പിച്ചത് പോലെ വായുവില്‍ തങ്ങിനില്‍ക്കാനോ, സഞ്ചരിക്കാനോ സാധ്യതയില്ലേ? വായു മുഖേന രോഗം പകരുന്ന കാര്യം ഇപ്പോഴും പൂര്‍ണ്ണമായി സ്ഥിരീകരിച്ച വിവരമല്ല. എന്നാല്‍ ഇതിലെ സാധ്യത തള്ളിക്കളയാകാനില്ലെന്ന് ഗവേഷകര്‍ ഒരേ സ്വരത്തില്‍ പറയുമ്പോള്‍ ആ സാധ്യതയെ പരിഗണിച്ചല്ലേ പറ്റൂ.

രണ്ട് പ്രതിവിധികളാണ് ഇതിനായി ഗവേഷകര്‍ തന്നെ മുന്നോട്ടുവയ്ക്കുന്നത്. ഒന്നുകില്‍ എസി ഉപയോഗം ഒഴിവാക്കുക. അതാണ് ഏറ്റവും മികച്ച മാര്‍ഗമായി ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. വായുവിന് നല്ല തോതില്‍ സഞ്ചരിക്കാനുള്ള വഴിയൊരുക്കുക. വാതിലുകളും ജനാലകളുമെല്ലാം ഇതിനായി തുറന്നിടാം.

രണ്ടാമതായി അടച്ചിട്ട ഇടങ്ങളില്‍ നില്‍ക്കുന്നവര്‍ നിര്‍ബന്ധമായും ‘ക്വാളിറ്റി’ മാസ്‌കുകള്‍ ധരിക്കുക. ഒരു കാരണവശാലും സ്രവങ്ങള്‍ പുറത്തേക്ക് പോകുന്നില്ലെന്ന് ഓരോരുത്തരും ഉറപ്പിക്കണം. അതല്ലാത്ത പക്ഷം രോഗവ്യാപന സാധ്യതയെ നമുക്ക് തള്ളിക്കളയാന്‍ ആകില്ലെന്നും, പ്രതിരോധ മാര്‍ഗങ്ങളെ ശക്തിപ്പെടുത്തുക ഏവരുടേയും കടമയാണെന്നും ഗവേഷകര്‍ ഓര്‍മ്മിപ്പിക്കുന്നു. അതിനാല്‍ എസി ഉപയോഗമുള്ള സ്ഥലങ്ങളില്‍ ഇരിക്കുമ്പോള്‍ തീര്‍ച്ചയായും ഗുണമേന്മയുള്ള മാസ്‌ക് ധരിക്കാന്‍ ഓര്‍ക്കുക. മാസ്‌ക് ധരിക്കാതെ ആരെങ്കിലും തുടരുന്നുവെങ്കില്‍ അവരോടും ഇക്കാര്യം പങ്കുവയ്ക്കുക. വീട്ടിനകത്താണെങ്കില്‍ പരമാവധി എസി ഉപയോഗം വേണ്ടെന്ന് വയ്ക്കാന്‍ ശ്രമിക്കാം. ഓഫീസുകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലുമെല്ലാം ഇത് ചെയ്യാവുന്നതാണ്. ഒപ്പം തന്നെ മാസ്‌കിന്റെ കാര്യം എപ്പോഴും തീര്‍ച്ചപ്പെടുത്തുക.

വായുവിലൂടെ കൊവിഡ് പകരുന്നു?; പുതിയ മാര്‍ഗനിര്‍ദേശവുമായി ലോകാരോഗ്യ സംഘടന…

ഇപ്പോഴും യാഥാര്‍ത്ഥ്യമായിട്ടില്ല എന്നതിനാല്‍ രോഗം പടര്‍ന്നുപിടിക്കാതിരിക്കാനുള്ള പ്രതിരോധ മാര്‍ഗങ്ങള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് തന്നെയാണ് ഇപ്പോഴും രാജ്യങ്ങള്‍ മുന്നോട്ടുപോകുന്നത്.

ഇതിനിടെ രോഗകാരിയായ ‘നോവല്‍ കൊറോണ വൈറസി’നെ പറ്റിയും രോഗത്തെ പറ്റിയുമെല്ലാം ഓരോ ദിവസവും പുതിയ പഠനങ്ങളും നിരീക്ഷണങ്ങളുമാണ് ശാസ്ത്രലോകത്ത് നടക്കുന്നത്. ഇക്കൂട്ടത്തില്‍ ഏറെ ശ്രദ്ധേയമായൊരു വിവരം കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഗവേഷകര്‍ പങ്കുവയ്ക്കുന്നുണ്ട്.

കൊവിഡ് 19 വായുവിലൂടെ പകരുന്നുവെന്നതാണ് ഈ കണ്ടെത്തല്‍. അതായത്, രോഗിയായ ഒരാളുടെ വായിലൂടെയും മൂക്കിലൂടെയും പുറത്തെത്തുന്ന ശരീരസ്രവങ്ങളുടെ കണികകള്‍ മറ്റുള്ളവരുടെ ശരീരത്തിലെത്തുന്നതോടെ മാത്രമാണ് രോഗം പകരുന്നത് എന്ന അനുമാനത്തിലായിരുന്നു മാസങ്ങളോളമായി ആരോഗ്യരംഗം.

എന്നാല്‍ രോഗിയുടെ ശരീരത്തില്‍ നിന്ന് പുറത്തെത്തുന്ന സ്രവങ്ങളുടെ അവശിഷ്ടങ്ങള്‍ വായുവില്‍ തങ്ങിനില്‍ക്കുകയോ, വായുവിലൂടെ സഞ്ചരിക്കുകയോ ചെയ്‌തേക്കാമെന്നും ഇതുവഴി രോഗം പടര്‍ന്നേക്കാമെന്നുമാണ് ഇപ്പോള്‍ ഗവേഷകര്‍ അവകാശപ്പെടുന്നത്. 30 രാജ്യങ്ങളില്‍ നിന്നുള്ള 239 ഗവേഷകരാണ് ഈ വാദവുമായി രംഗത്തെത്തിയിരിക്കുന്നത്.

ഇവരുടെ വാദം ശരിയാണെങ്കില്‍ നിലവില്‍ രോഗത്തെ പ്രതിരോധിക്കാന്‍ നമ്മള്‍ പ്രധാനമായും ആശ്രയിക്കുന്ന മാസ്‌ക്, ഇടവിട്ടുള്ള കൈ കഴുകല്‍ എന്നീ നടപടികള്‍ പര്യാപ്തമാകില്ല. മറ്റ് മാര്‍ഗങ്ങള്‍ കൂടി അവലംബിക്കേണ്ടതായ സാഹചര്യമുണ്ടാകും.

അതേസമയം ഗവേഷകരുടെ പുതിയ വാദത്തെ എതിര്‍ത്തുകൊണ്ട് മറ്റൊരു വിഭാഗവും സജീവമാകുന്നുണ്ട്. ഡോക്ടര്‍മാരുള്‍പ്പെടെയുള്ള ആരോഗ്യവിദഗ്ധരാണ് ഇക്കൂട്ടത്തില്‍ അധികവും. ഇത്തരത്തില്‍ വായുവിലൂടെ രോഗം പകരുന്നുണ്ടെങ്കില്‍ ഇതുവരെ രോഗം പകര്‍ന്നുകിട്ടിയ ആരോഗ്യപ്രവര്‍ത്തകരുടെ എണ്ണം ഇത്രയല്ല, ഇതിലുമെത്രയോ ഇരട്ടിയായേനെ എന്നാണവര്‍ സമര്‍ത്ഥിക്കുന്നത്.

വാദപ്രതിവാദങ്ങള്‍ തുടരുന്നതിനിടെ ഗവേഷകര്‍ തങ്ങളുടെ കണ്ടെത്തലിനെ മുന്‍നിര്‍ത്തി പുതിയ മാര്‍ഗനിര്‍ദേശമിറക്കാന്‍ ലോകാരോഗ്യ സംഘടനയെ നിര്‍ബന്ധിച്ചു. ഇപ്പോഴിതാ അതനുസരിച്ച് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയിരിക്കുകയാണ് ലോകാരോഗ്യ സംഘടന.

വായുവിലൂടെയും കൊവിഡ് 19 പകരാമെന്നും ആ സാധ്യത പൂര്‍ണ്ണമായും തള്ളിക്കളയാനാകില്ലെന്നുമാണ് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നത്. ഇങ്ങനെ വായുവിലൂടെ രോഗം പകരുന്നത് ചില സന്ദര്‍ഭങ്ങളില്‍ മാത്രമാണെന്നും അവര്‍ അടിവരയിട്ടോര്‍മ്മിപ്പിക്കുന്നു.

‘അടഞ്ഞ സ്ഥലങ്ങള്‍, അതുപോലെ റെസ്റ്റോറന്റുകള്‍, നൈറ്റ് ക്ലബ്ബുകള്‍, ആരാധനാലയങ്ങള്‍, ഓഫീസുകള്‍ എന്നിങ്ങനെയുള്ളിടത്തെല്ലാം ആളുകള്‍ ഒത്തുകൂടുന്നുണ്ട്. എന്നുമാത്രമല്ല, ആളുകള്‍ ഉച്ചത്തില്‍ സംസാരിക്കാനോ, ചിരിക്കാനോ, പാട്ടുപാടാനോ എല്ലാം സാധ്യതകളുള്ള സ്ഥലങ്ങളുമാണ്. ഇത്തരം ഇടങ്ങള്‍ അടഞ്ഞത് കൂടിയാണെങ്കില്‍ വായുവിലൂടെ രോഗം പകരാനുള്ള സാഹചര്യമുണ്ടായേക്കാം…’- ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.

കാര്യങ്ങളിങ്ങനെയെല്ലാമാണെങ്കിലും ലോകാരോഗ്യ സംഘടനയും ഗവേഷകരും ആരോഗ്യ വിദഗ്ധരുമെല്ലാം ഒരേ സ്വരത്തില്‍ പറയുന്നത്- അധികം കേസുകളും രോഗിയുമായുള്ള സമ്പര്‍ക്കത്തിലൂടെ തന്നെയാണ് വന്നിട്ടുള്ളത് എന്നാണ്. അതേസമയം വായുവില്‍ തങ്ങിനിന്നോ, വായുവിലൂടെ സഞ്ചരിച്ചോ രോഗകാരി മറ്റുള്ളവരിലേക്കെത്തുന്നതിനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്നും പറയുന്നു. ഏറ്റവും ചെറിയ സാധ്യതകളെപ്പോലും പരിഗണിക്കേണ്ടതായ അവസ്ഥയാണ് നിലവിലുള്ളത്. അതിനാല്‍ത്തന്നെ അവയെക്കൂടി മുന്‍നിര്‍ത്തി മുന്നോട്ടുപോകുന്നത് തന്നെയായിരിക്കും എപ്പോഴും അഭികാമ്യം.

കൊറോണ വൈറസ് വായുവിലൂടെ വ്യാപിക്കുന്നതെങ്ങനെ; ​ഗവേഷകർ പറയുന്നു..

കൊറോണ വൈറസ് പ്രധാനമായി പകരുന്നത് രോ​ഗമുള്ള ഒരാൾ തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ പുറത്തുവരുന്ന സ്രവങ്ങൾ നേരിട്ടു ശ്വസിച്ചാൽ രോഗം പകരാമെന്നാണ് ‘ യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ‘ (സിഡിസി) വ്യക്തമാക്കുന്നത്. വായുവിൽ തങ്ങി നിൽക്കുന്ന കണങ്ങളിലൂടെ ഇത് പകരാൻ സാധ്യതയുണ്ടെന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

വാഷിങ്ടണില്‍ മാര്‍ച്ച് മാസത്തില്‍ നടന്ന ഒരു കൊയര്‍ പരിശീലനത്തില്‍ പങ്കെടുത്ത 52 പേര്‍ക്കാണ് ഒരാളില്‍ നിന്നും രോഗം പകര്‍ന്നത്. പരിശീലനത്തിൽ പങ്കെടുത്തവർ‌ ആരും തന്നെ ഹസ്തദാനം ചെയ്യുകയോ പരസ്പരം അടുത്ത് നിൽക്കുകയോ ചെയ്തിട്ടില്ല. വായുവിലൂടെയാകാം ഇവർക്ക് രോ​ഗം പിടിപ്പെട്ടതെന്ന് ​ഗവേഷകർ പറയുന്നു.

ജനുവരി അവസാനം ചൈനയിലെ ഒരു എയർകണ്ടീഷൻഡ് റെസ്റ്റോറന്റിൽ ഭക്ഷണം കഴിച്ച ശേഷം, അയൽവാസികളായ മൂന്ന് കുടുംബങ്ങൾ വൈറസ് ബാധിതരായി. വായുവില്‍ പടരുന്ന ചെറു കണികകള്‍ വഴിയാകാം വെെറസ് പകർന്നതെന്ന് ​ഗവേഷകർ വ്യക്തമാക്കുന്നു.

അണുക്കള്‍ പറ്റിപ്പിടിച്ചിരിക്കുന്ന പ്രതലങ്ങള്‍ സ്പര്‍ശിക്കുന്നതല്ല വൈറസിന്റെ പ്രാഥമിക വ്യാപന മാര്‍ഗമെന്ന് സിഡിസി വ്യക്തമാക്കുന്നു. ഒരാള്‍ സംസാരിക്കുമ്പോഴോ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ ഒക്കെ പുറത്തെത്തുന്ന സ്രവങ്ങളാണ് വൈറസ് വാഹകരായി പ്രവര്‍ത്തിക്കുന്നത്. രോഗം പരത്തുന്നതിന് വൈറസ് ബാധിതനായ വ്യക്തിക്ക് രോഗലക്ഷണങ്ങളൊന്നും ഉണ്ടാവണമെന്ന് നിര്‍ബന്ധമില്ലെന്നും സിഡിസി ആവര്‍ത്തിക്കുന്നു.

‘ എയറോസോള്‍സ് ‘ ( aerosols) എന്നറിയപ്പെടുന്ന ചെറു വായു കണങ്ങളിലൂടെ വെെറസ് പകരാനുള്ള സാധ്യത ഏറെയാണ്. അടച്ചിട്ട മുറികള്‍, ശുചിമുറികള്‍ എന്നിവിടങ്ങളില്‍ വൈറസ് തങ്ങി നിൽക്കാമെന്ന് ‘ നേച്ചര്‍ റിസര്‍ച്ച് ‘ എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. വുഹാനിലെ രണ്ട് ആശുപത്രികളിലായി ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ വൈറസിന്റെ ജനിതകം അല്ലെങ്കിൽ ആർ‌എൻ‌എ ഗവേഷകർ പരിശോധിച്ചു.

ആശുപത്രികളുടെ ‌ഐസോലേഷൻ വാർഡുകളിലും വായുസഞ്ചാരമുള്ള രോഗികളുടെ മുറികളിലും വായുസഞ്ചാരമുള്ള വൈറൽ ആർ‌എൻ‌എയുടെ അളവ് ( airborne viral RNA) ഗവേഷകർ കണ്ടെത്തി. ” ഞങ്ങളുടെ പഠനം വ്യക്തമാക്കുന്നത് SARS-CoV-2 എയറോസോൾ ട്രാൻസ്മിഷൻ ഒരാളിലേക്ക് അനിയന്ത്രിതമായി പകരുന്നതിന് കാരണമാകും ” – വുഹാൻ സർവകലാശാലയിലെ സ്റ്റേറ്റ് കീ ലബോറട്ടറി ഓഫ് വൈറോളജി ഡയറക്ടർ , കെ ലാൻ പറഞ്ഞു.

പകർച്ചവ്യാധി SARS-CoV-2 വൈറസ് എയറോസോളുകളിൽ കുറഞ്ഞത് മൂന്ന് മണിക്കൂറും വിവിധ പ്രതലങ്ങളിൽ ദിവസങ്ങളോളം തങ്ങി നിൽക്കാമെന്ന് ‘ ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനിൽ’ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. ഒരാളെ രോഗിയാക്കാൻ മൂന്ന് വൈറസ് കണികകൾ മാത്രം മതിയെന്നും പഠനത്തിൽ പറയുന്നു.

കൊവിഡ് 19: ഉമിനീര്‍ കണങ്ങള്‍ 13 അടി വരെ സഞ്ചരിക്കും; പുതിയ പഠനം…
രാജ്യത്ത് കൊവിഡ് വ്യാപനം കുതിച്ചുയരുകയാണ്. സംസ്ഥാനങ്ങൾ പുറത്ത് വിട്ട കണക്കുകൾ പ്രകാരം ഇന്ന് 21,000ത്തിലധികം കേസുകൾ റിപ്പോർട്ട്‌ ചെയ്‌തേക്കും. മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും 24 മണിക്കൂറിനിടെ കൊവിഡ് കേസുകളിൽ വൻ വർധന രേഖപ്പെടുത്തി.

അതേസമയം, രോഗ വ്യാപനം തടയാന്‍ സാമൂഹിക അകലം പാലിക്കുന്നതിന്‍റെ പ്രാധാന്യം തെളിയിക്കുന്ന പുതിയൊരു പഠനമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറത്തേയ്ക്ക് തെറിക്കുന്ന ഉമിനീര്‍ കണങ്ങള്‍ നശിക്കുന്നതിന് മുന്‍പ് എട്ട് മുതല്‍ 13 അടി വരെ സഞ്ചരിക്കുമെന്നാണ് പുതിയ പഠനം പറയുന്നത്.

കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ബംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ ഗവേഷകരും പഠനത്തില്‍ പങ്കുവഹിച്ചു. ഫിസിക്സ് ഓഫ് ഫ്ലൂയിഡ്സ് എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. കൊറോണ വൈറസ് വ്യാപനത്തിന് ഉമിനീര്‍ കണങ്ങള്‍ കാരണമാകുന്നുവെന്ന് തുടക്കത്തില്‍ തന്നെ കണ്ടെത്തിയിരുന്നു.

കൊവിഡ് ബാധിതനായ ഒരാളുടെ ഉമിനീരും ആരോഗ്യവാനായ ഒരാളുടെ ഉമിനീരും തമ്മില്‍ പരിശോധിച്ചാണ് ഇപ്പോള്‍ ഈ പഠനം നടത്തിയത്. ഉമിനീര്‍ കണത്തിന്റെ വലുപ്പം, അത് സഞ്ചരിക്കുന്ന ദൂരം, സമയം തുടങ്ങിയവ പഠനത്തിന് വിധേയമാക്കി.

കാറ്റടക്കം അന്തരീക്ഷത്തില്‍ വരുന്ന മാറ്റങ്ങള്‍ രോഗവ്യാപനവും കൂട്ടുമെന്നും പഠനത്തില്‍ പറയുന്നു. കാറ്റില്ലാതെ അനുയോജ്യമായ അന്തരീക്ഷത്തിലാണെങ്കില്‍ ഉമിനീര്‍ കണങ്ങള്‍ 13 അടിവരെ സഞ്ചരിക്കുമെന്ന് ഗവേഷകനായ അഭിഷേക് സാഹ പറയുന്നു. അതിനാല്‍ സാമൂഹിക അകലം വളരെ പ്രധാനമാണെന്നും പഠനം ഒന്നുകൂടി ഓര്‍മ്മിപ്പിക്കുന്നു. മാസ്കിന്‍റെ ഉപയോഗവും രോഗവ്യാപനത്തിന്റെ തീവ്രത ഒരു പരിധി വരെ കുറയ്ക്കുമെന്നും ഈ പഠനം സൂചിപ്പിക്കുന്നു.

Leave a Reply