മീശ’ നോവല്‍ കത്തിച്ച സംഭവം അത്ഭുതപ്പെടുത്തിയെന്ന് കമല്‍ഹാസന്‍

0
30

 

മീശ നോവല്‍ കത്തിച്ച സംഭവം അത്ഭുതപ്പെടുത്തിയെന്ന് നടന്‍ കമല്‍ഹാസന്‍. സാക്ഷരത കൊണ്ടുമാത്രം കാര്യമില്ല. വിവേകമാണ് വേണ്ടത്. അസഹിഷ്ണുതകള്‍ക്കെതിരായ ശബ്ദമായിരുന്നു കേരളം. കേരളം ഉണരേണ്ടിയിരിക്കുന്നുവെന്നും കമല്‍ഹാസന്‍ പറഞ്ഞു.

അതേസമയം എഴുത്തുകാരുടെ ഭാവനാസ്വാതന്ത്ര്യം എടുത്തുപറഞ്ഞ സുപ്രീം കോടതി, എസ്. ഹരീഷിന്റെ ‘മീശ’ എന്ന നോവൽ നിരോധിക്കണമെന്ന ആവശ്യം തള്ളിക്കളഞ്ഞിരുന്നു. നോവൽ നിരോധിക്കുന്നതിനെ കേന്ദ്രസർക്കാരും എതിർത്തു. ഹർജി പിൻവലിക്കാനുള്ള അനുമതി നിഷേധിച്ച ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച്, കേസിൽ വിധി പറയുമെന്ന് ഇന്നലെ കേസ് പരിഗണിച്ചപ്പോള്‍ വ്യക്തമാക്കി.

പുസ്തകങ്ങൾ നിരോധിക്കുന്ന സംസ്കാരം ആശയങ്ങളുടെ ഒഴുക്കിനെ തടയുമെന്നും അശ്ലീലം തടയുന്നതിന് ഇന്ത്യൻ ശിക്ഷാ നിയമത്തിലുള്ള 292–ാം വകുപ്പ് ബാധകമാകാവുന്ന സാഹചര്യങ്ങളിൽ മാത്രമാണ് നിരോധനം പരിഗണിക്കാവുന്നതെന്നും ജഡ്ജിമാരായ എ.എം. ഖാൻ‍വിൽക്കർ, ഡി.വൈ. ചന്ദ്രചൂഡ് എന്നിവരുമുൾപ്പെട്ട ബെഞ്ച് വാക്കാൽ വ്യക്തമാക്കി. ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ആദ്യ മൂന്ന് അധ്യായങ്ങളുടെ പരിഭാഷയും ആശയസംഗ്രഹവും അഞ്ചു ദിവസത്തിനുള്ളിൽ ലഭ്യമാക്കണമെന്നു പ്രസാധകരോടു കോടതി നിർദേശിച്ചു.

നോവലിലെ ഒരു കഥാപാത്രത്തിന്റെ പരാമർശങ്ങൾ സ്ത്രീത്വത്തെ അപമാനിക്കുന്നതും ജാതീയ അധിക്ഷേപമുള്ളതുമാണെന്നാരോപിച്ച് ബിജെപി ഡൽഹി ഘടകം ദക്ഷിണേന്ത്യൻ സെൽ കോകൺവീനറും നായർ സർവീസ് സൊസൈറ്റി വികാസ്പുരി ഘടകം സെക്രട്ടറിയുമായ രാധാകൃഷ്ണൻ വരെനിക്കൽ നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്. കഴിഞ്ഞദിവസം പൂർണ രൂപത്തിൽ പുറത്തുവന്ന നോവലിലെ മറ്റു ചില ഭാഗങ്ങളും ഹർജിക്കാർ ഇന്നലെ കോടതിക്കു കൈമാറി. ആരോപണവിധേയമായ പരാമർശത്തിന് അനാവശ്യ പ്രാധാന്യമാണ് കൽപിച്ചിരിക്കുന്നതെന്നു കോടതി വിമർശിച്ചു.

പത്തൊൻപതാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിൽ നടന്ന ഭാഷാ വിപ്ലവവും സാഹിത്യകാരൻമാരുടെ സമീപനരീതികളും എടുത്തുപറഞ്ഞു. ഹർജി പിൻവലിക്കാൻ അഭിഭാഷകൻ താൽപര്യം വ്യക്തമാക്കിയപ്പോഴാണ് വേണ്ടെന്നും വിധി നൽകാമെന്നും കോടതി പറഞ്ഞത്. ഭരണഘടനയുടെ 19(1)(എ) വകുപ്പ് ആവിഷ്കാര സ്വാതന്ത്ര്യമെന്ന മൗലികാവകാശം ഉറപ്പുനൽകുന്നുവെന്നും അശ്ലീല പരാമർശങ്ങളുണ്ടോയെന്നതു കോടതിയാണു പരിശോധിക്കേണ്ടതെന്നും കേന്ദ്ര സർക്കാരിനു വേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ പിങ്കി ആനന്ദ് പറഞ്ഞു.

ഭാവനാസൃഷ്ടിയായ പരാമർശമാണ് നോവലിലുള്ളതെന്ന് പ്രസാധകർക്കു വേണ്ടി എം.ടി. ജോർജ് വാദിച്ചു. രാഷ്ട്രീയം കുത്തിനിറച്ചതാണ് ഹർജിയെന്നു സംസ്ഥാന സർക്കാരിനു വേണ്ടി ഹാജരായ ജയ്ദീപ് ഗുപ്ത പറഞ്ഞു. ഹർജിക്കാർക്കു വേണ്ടി ഗോപാൽ ശങ്കരനാരായണനും വി. ഉഷാനന്ദിനിയും ഹാജരായി. വിധി എന്നു പറയുമെന്ന് കോടതി വ്യക്തമാക്കിയിട്ടില്ല.

Leave a Reply