കലൂർ ജവഹർലാൽ സ്റ്റേഡിയത്തിൽ വെച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ തൃക്കാക്കര എംഎൽഎ ഉമ തോമസിന്റെ മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്. വീഴ്‌ചയുടെ ആഘാതത്തിൽ മുഖത്തും വാരിയെല്ലുകൾക്കും ഒടിവുകൾ സംഭവിച്ചിട്ടുണ്ട്. കൂടാതെ സെർവിക്കൽ സ്പൈനിലും പരുക്ക് പറ്റിയിട്ടുണ്ട്. തലയുടെ പരുക്ക് ഗുരുതരമാണെങ്കിൽകൂടിയും അടിയന്തിര ശസ്ത്രക്രിയയുടെ ആവശ്യമില്ല. പ്രാഥമികമായി എടുത്ത സി.ടി സ്‌കാനിൽ അസ്ഥികൾക്ക് ഗുരുതരമായ ഒടിവുകൾ ഇല്ലെന്നാണ് കണ്ടെത്തിയിട്ടുള്ളത്. മുറിവുകൾക്ക് തുന്നലുകളുൾപ്പെടെയുള്ള ചികിത്സകൾക്ക് ശേഷം തീവ്രപരിചരണവിഭാഗത്തിലുള്ള രോഗിയുടെ പുരോഗതി 24 മണിക്കൂർ നേരത്തെ നിരീക്ഷണത്തിന് ശേഷമേ പറയുവാൻ സാധിക്കുകയുള്ളൂവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.നിലവിൽ എംഎൽഎ തീവ്ര പരിചരണവിഭാഗത്തിൽ കൂടുതൽ പരിശോധനകൾക്കും ചികിത്സക്കും വിധേയയായിക്കൊണ്ടിരിക്കുകയാണ്. ആശുപത്രിയിലെ വിദഗ്ദ്ധ സംഘത്തിന്റെ നിരീക്ഷണത്തിലാണ് ഇപ്പോൾ ഉമ തോമസ് തുടരുന്നത്. റിനൈ മെഡിസിറ്റിയുടെ അത്യാഹിത വിഭാഗത്തിലേക്ക് എത്തിക്കുമ്പോൾ അബോധാവസ്ഥയിലായിരുന്നു. നിലവിൽ ഉമ തോമസ് എംഎൽഎയെ ഐസിയുവിലേക്ക് മാറ്റിയിരിക്കുകയാണ്. അപകടനില തരണം ചെയ്തു എന്ന് പറയാൻ കഴിയില്ല എന്നാൽ അതീവ ഗുരുതരാവസ്ഥയിലല്ലായെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.