പെരുമ്പാവൂര്‍: നവകേരള യാത്രക്കിടെ മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി വീശിയതിനെ തുടര്‍ന്ന് അക്രമം. ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ മര്‍ദനത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ കാണാനെത്തിയ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്ക്കും മര്‍ദനമേറ്റു. ബൈക്കുകളിലെത്തിയവരാണ് എംഎല്‍എയെ ആക്രമിച്ചത്.
പെരുമ്പാവൂരില്‍ നവകേരള സദസ്സിനെത്തുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടി പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിയത്. ഇതേതുടര്‍ന്ന് ഡിവൈഎഫ്ഐ പ്രവര്‍ത്തകരും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഏറ്റുമുട്ടുകയായിരുന്നു. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തെ അനുഗമിച്ചെത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകരും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായത്. തുടര്‍ന്ന് പോലീസ് ഇടപെട്ട് ഇരുകൂട്ടരേയും പിരിച്ചുവിടുകയായിരുന്നു.
പെരുമ്പാവൂര്‍ ഓടക്കാലിയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരുമായി സഞ്ചരിക്കുന്ന നവകേരള ബസിന് നേരെ കെഎസ് യു പ്രവര്‍ത്തകര്‍ ഷൂ എറിഞ്ഞിരുന്നു. സംഭവത്തില്‍ നാലു കെഎസ് യു പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കോതമംഗലത്ത് നവകേരള സദസിന്റെ വാഹനവ്യൂഹം കടന്നുപോകുമ്പോള്‍ മറ്റൊരു കോണ്‍ഗ്രസ് പ്രവര്‍ത്തകനും മര്‍ദനമേറ്റതായി പരാതിയുണ്ട്. കരിങ്കൊടി കാണിക്കാന്‍ വന്നതാണോയെന്ന് ആക്രോശിച്ച് രണ്ട് ബൈക്കുകളിലെത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നു എന്നാണ് വിവരം. പരിക്കേറ്റ ഇദ്ദേഹത്തെ കോതമംഗലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.