Monday, July 1, 2024
HomeNewsKerala'മുഖ്യമന്ത്രിസ്ഥാനാർഥി ആയതുകൊണ്ട് ശൈലജ വടകരയിൽ പരാജയപ്പെട്ടു': പി.ജയരാജൻ

‘മുഖ്യമന്ത്രിസ്ഥാനാർഥി ആയതുകൊണ്ട് ശൈലജ വടകരയിൽ പരാജയപ്പെട്ടു’: പി.ജയരാജൻ

ഭാവിയിൽ കെകെ ശൈലജ മുഖ്യമന്ത്രിയായി കാണണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്ന പരാമർശവുമായി സിപിഎം സംസ്ഥാന സമിതിയിൽ പി ജയരാജൻ. ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് ദയനീയ പരാജയം ഏൽക്കേണ്ടിവന്നതിന്റെ കാരണങ്ങൾ വിലയിരുത്താൽ ചേർന്ന സംസ്ഥാന സമിതി യോഗത്തിലാണ് ഇത്തരത്തിൽ പരാമശമുണ്ടായതെന്നാണ് റിപ്പോർട്ട്. യോഗത്തിൽ മുഖ്യമന്ത്രിക്കെതിരെയുൾപ്പടെ അതിരൂക്ഷമായ വിമർശനമാണ് ഉണ്ടായത്.

‘വടകരയിലെ ജനങ്ങൾക്കും ശൈലജ മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹമുണ്ട്. അവരെ ഒതുക്കുന്നതിന് വേണ്ടിയാണ് മത്സരിപ്പിച്ചതെന്ന തോന്നൽ ജനങ്ങൾക്കുണ്ടായി. ശൈലജയെ ഡൽഹിയിലേക്ക് അയക്കാതെ സംസ്ഥാനത്തുതന്നെ നിർത്താനുള്ള വടകരയിലുള്ളവരുടെ ആഗ്രഹം തോൽവിയുടെ ഘടകമാണ്’ എന്നിങ്ങനെയായിരുന്നു ജയരാജന്റെ പരാമർശമെന്നാണ് റിപ്പോർട്ട്.

സാമ്പത്തിക ഞെരുക്കവും ധനകാര്യ മാനേജ്‌മെന്റും തോൽവിക്കു കാരണമായെന്ന ആക്ഷേപം സംസ്ഥാന കമ്മിറ്റിയിൽ ഉയർന്നിരുന്നു. ഇതു തന്നെ ലക്ഷ്യമിട്ടാണെന്ന വികാരത്തിന്റെ അടിസ്ഥാനത്തിൽ പാർട്ടിക്കു വിശ്വാസമില്ലെങ്കിൽ ഒഴിയാനുള്ള സന്നദ്ധത സംസ്ഥാന സെക്രട്ടേറിയറ്റിൽ ധനമന്ത്രി പ്രകടിപ്പിച്ചെന്നാണു വിവരം. മുഖ്യമന്ത്രിയോ പാർട്ടി സെക്രട്ടറിയോ ഇതിനെ അനുകൂലിച്ചില്ല.

ഭൂരിപക്ഷന്യൂനപക്ഷ പിന്നാക്ക വേർതിരിവില്ലാതെ എല്ലാ വിഭാഗങ്ങളുടെയും വോട്ടു ചോർന്നെന്നു സിപിഎം സംസ്ഥാന കമ്മിറ്റി വിലയിരുത്തി. പൗരത്വ നിയമഭേദഗതിയിൽ ഊന്നിയുളള പാർട്ടിയുടെ പ്രചാരണം തിരിച്ചടിച്ചെന്നുമാണു നിഗമനം. മുസ്‌ലിം ജനവിഭാഗങ്ങളെ കൂടെ നിർത്താനായി ആവിഷ്‌കരിച്ച പൗരത്വനിയമഭേദഗതി വിരുദ്ധ മുദ്രാവാക്യം കൊണ്ടു പ്രയോജനം ഉണ്ടായതു കോൺഗ്രസിനാണെന്നാണ് പാർട്ടിയുടെ നിഗമനം. ഈ വിഭാഗത്തെ പ്രീണിപ്പിക്കാൻ പാർട്ടി ശ്രമിക്കുന്നുവെന്ന തോന്നൽ ഭൂരിപക്ഷ വിഭാഗങ്ങൾക്കൊപ്പം, ന്യൂനപക്ഷ വിഭാഗങ്ങളുടെയും എതിർപ്പിനു കാരണമായി. ഈഴവ വിഭാഗങ്ങളിലേക്കു മാത്രമല്ല, പിന്നാക്ക വോട്ടു ബാങ്കിലേക്കും ബിജെപി കയറിയെന്നാണു നിഗമനം. പിന്നാക്ക- പട്ടികജാതി വിഭാഗങ്ങളെ എൽഡിഎഫ് സർക്കാരിന്റെ അവഗണന അകറ്റിയെന്ന വിമർശനം യോഗത്തിലുണ്ടായി. 

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments