എറണാകുളം: മൂവാറ്റുപുഴ വാളകത്ത് ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട അതിഥി തൊഴിലാളി അരുണാചല്‍ പ്രദേശ് സ്വദേശി അശോക് ദാസ് നേരിട്ടത് അതിക്രൂരപീഡനങ്ങള്‍. ആക്രമണത്തില്‍ ഇയാളുടെ ശ്വാസകോശം തകര്‍ന്നുപോകുകയും തലക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അശോക് ദാസിനെ കെട്ടിയിട്ട് മര്‍ദ്ദിച്ച പ്രതികള്‍ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തിട്ടുണ്ട്. ഇവ ഫോണില്‍ നിന്നും ഡീലീറ്റ് ചെയ്ത നിലയിലായിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇവ പൊലീസ് വീണ്ടെടുക്കാന്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്. സംഭവത്തില്‍ 10 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. കുറ്റകൃത്യത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെടാന്‍ സാധ്യതയെന്നും പൊലീസ് വ്യക്തമാക്കി. അശോക് ദാസിന്റെ മരണത്തിലേക്ക് നയിച്ച സംഭവത്തിന്റെ തുടക്കമിങ്ങനെയാണ്.പെണ്‍സുഹൃത്തിനെ കാണാന്‍ വേണ്ടിയാണ് ഇയാള്‍ ഇവിടെയെത്തുന്നത്. തുടര്‍ന്ന് അശോക് ദാസും പെണ്‍കുട്ടികളും തമ്മില്‍ തര്‍ക്കമുണ്ടായി. അശോക് വീട്ടിനുള്ളില്‍ വച്ച് സ്വയം കൈകള്‍ക്ക് മുറിവേല്‍പ്പിച്ചു. തുടര്‍ന്ന് പുറത്തിറങ്ങിയപ്പോള്‍ നാട്ടുകാര്‍ കൂട്ടം കൂടി മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദന ശേഷം സമീപത്തുണ്ടായിരുന്ന ഇരുമ്പ് തൂണില്‍ കെട്ടിയിട്ടു. കെട്ടിയിട്ട ശേഷവും മര്‍ദ്ദനം തുടര്‍ന്നു. അതിക്രൂര മര്‍ദനമാണ് ഈ യുവാവ് നേരിട്ടത്. ശ്വാസകോശം തകര്‍ന്നു പോകുകയും തലയുടെ വലതുഭാഗത്ത് രക്തസ്രാവം ഉണ്ടാകുകയും ചെയ്തു. ഇതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.പെണ്‍കുട്ടികള്‍ മജിസ്‌ട്രേറ്റിനു മുന്നില്‍ രഹസ്യമൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. വിശദമായ അന്വേഷണത്തിനായി പ്രദേശത്തുള്ള സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചു. പ്രതികള്‍ കുറ്റം സമ്മതിച്ചുവെന്ന് പോലീസ് വെളിപ്പെടുത്തി. ഉച്ചയ്ക്ക് ശേഷം പ്രതികളുമായി തെളിവെടുപ്പ് നടത്തും. സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചതിനും കൊലപ്പെടുത്തിയതിനുമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഒരു കുടുംബത്തിലെ മൂന്ന് പേര്‍ സംഭവത്തില്‍ പ്രതികളായിട്ടുണ്ട്. കൂടാതെ ഒരു മുന്‍ പഞ്ചായത്ത് അംഗവും പ്രതിയാണ്.