മൃതദേഹം ലിഗയുടേത് തന്നെ, ഡിഎന്‍എ പരിശോധന പൂര്‍ത്തിയായി:വ്യാജ വാറ്റും ചീട്ടുകളി സംഘത്തിനും പിന്നാലെ പോലീസ്

0
35

തിരുവനന്തപുരം: തിരുവല്ലത്ത് നിന്ന് കണ്ടെടുത്ത മൃതദേഹം ലിഗയുടേത് തന്നെയെന്ന് സ്ഥിരീകരിച്ചു. ഡിഎന്‍എ പരിശോധന പൂര്‍ത്തിയായി. സഹോദരിയുടെ ഡിഎന്‍എയുമായി താരതമ്യം ചെയ്താണ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് പരിശോധന നടന്നത്.ആന്തരികാവയവങ്ങളുടെ ശസ്ത്രക്രിയ പരിശോധനയും വൈകാതെ പൂര്‍ത്തിയാകും. കോടതി വഴി പരിശോധനാ ഫലം ഇന്ന് തന്നെ കൈമാറും.

ലിഗയുടെ മൃതദേഹം തിരുവല്ലം വാഴമുട്ടത്തെ പൊന്തക്കാട്ടില്‍ നിന്നാണ് കണ്ടെടുത്തത്. മീന്‍പിടിത്തക്കാരാണ് ആദ്യം മൃതദേഹം കണ്ടത്. കേസുമായി ബന്ധപ്പെട്ട് നിരവധി പേര്‍ പൊലീസിന്റെ കസ്റ്റഡിയില്‍ ഉണ്ട്. സ്ഥലത്ത് വ്യാജ വാറ്റും ചീട്ടുകളി സംഘവും സജീവമാണ്. ഇവരൊക്കെ സംശയ നിഴലിലാണ്. ശ്വാസം മുട്ടിച്ച് മരണമെന്ന് പറയുമ്പോള്‍ അതില്‍ ഒളിച്ചിരിക്കുന്നതുകൊലപാതകമെന്ന സത്യമാണ്. ഇത് കേരളാ പൊലീസിന്റെ ഇതുവരെയുള്ള വാദങ്ങളെ തള്ളിക്കളയും.

ലിഗയുടേതുകൊലപാതകമെന്നതാണ് കുടുംബത്തിന്റെ ആരോപണം. അതിന് പ്രധാനമായും മൂന്ന് സംശയങ്ങളാണ് ഉന്നയിക്കുന്നത്. ഒന്ന് , നാട്ടുകാര്‍ പോലും പോകാത്ത കണ്ടല്‍ക്കാടിനുള്ളില്‍ സ്ഥലപരിചയമൊട്ടുമില്ലാത്ത ലിഗ എങ്ങിനെയെത്തി. വിശ്വാസം നടിച്ച് ആരെങ്കിലും കൂട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് ആരോപണം. രണ്ട് , ലിഗയെ കാണാതാകുമ്പോള്‍ ധരിച്ചിട്ടില്ലാത്ത ജാക്കറ്റ് മൃതദേഹത്തില്‍ എങ്ങിനെ വന്നു…മൂന്ന് മൃതദേഹത്തിന്റെ കഴുത്ത് വേര്‍പ്പെട്ടത് എങ്ങിനെ…? ഈ സംശയങ്ങളുടെ ഉത്തരമാണ് ബന്ധുക്കള്‍ തേടുന്നത്.

ഇതിന് ജാക്കറ്റ് കോവളത്ത് നിന്ന് വാങ്ങിയതാണെന്ന് ഉറപ്പിക്കാനുള്ള സാക്ഷി മൊഴി പൊലീസിന് കിട്ടിയിട്ടുണ്ട്. ഇതിനൊപ്പം വിദേശ വനിത ലിഗയുടെ മരണവുമായി ബന്ധപ്പെട്ട് നിര്‍ണായക മൊഴികള്‍ ലഭിച്ചുവെന്നും പൊലീസ് പറഞ്ഞിരുന്നു. ലിഗ വാഴമുട്ടത്തെ പൊന്തക്കാട്ടിലേക്ക് പോകുന്നത് കണ്ടതായി മൊഴി. മത്സ്യ ബന്ധനത്തിന് പോയവരാണ് മൊഴി നല്‍കിയത്. ഇതെല്ലാം ലിഗയുടേത് ആത്മഹത്യയാക്കി മാറ്റാനുള്ള പൊലീസ് നീക്കത്തിന്റെ ഭാഗമാണെന്ന് ആരോപണം ഉയര്‍ന്നു. ഇതിനിടെയാണ് ഡോക്ടര്‍മാരുടെ നിരീക്ഷണം എത്തുന്നത്.

Leave a Reply