മെഗാന്‍ ഷട്ടിന് ഹാട്രിക്; ഇന്ത്യയെ പരാജയപ്പെടുത്തി ഓസ്‌ട്രേലിയ ഫൈനലില്‍

0
28

വനിതകളുടെ ത്രിരാഷ്ട്ര ടി20 ടൂര്‍ണമെന്റിന്റെ നാലാം മത്സരത്തില്‍ ഇന്ത്യയെ 36 റണ്‍സിന് പരാജയപ്പെടുത്തി ഓസീസ് ടീം ഫൈനലില്‍. മീഡിയം പേസ് ബൗളര്‍ മെഗാന്‍ ഷട്ടിന്റെ ഹാട്രിക്ക് പ്രകടനമാണ് മത്സരത്തില്‍ ഇന്ത്യയെ തകര്‍ത്തത്. ഇന്ത്യയ്ക്കും ഓസ്‌ട്രേലിയയ്ക്കും പുറമേ പരമ്പരയില്‍ പങ്കെടുക്കുന്ന മൂന്നാം ടീമായ ഇംഗ്ലണ്ട് നേരത്തെ തന്നെ ഫൈനലില്‍ പ്രവേശിച്ചിരുന്നു.

ലീഗ് ഘട്ടത്തില്‍ രണ്ട് മത്സരങ്ങള്‍ അവശേഷിക്കുന്നുണ്ടെങ്കിലും ഇന്നത്തെ തോല്‍വിയോടെ ഇന്ത്യയുടെ ഫൈനല്‍ പ്രതീക്ഷകള്‍ അസ്തമിച്ചു. സ്‌കോര്‍ : ഓസ്‌ട്രേലിയ – 186/5 (20 ഓവര്‍), ഇന്ത്യ- 150/5 (20 ഓവര്‍).

മുംബൈയിലെ ബ്രാബോണ്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ എതിരാളികളെ ബാറ്റിംഗിന് അയക്കുകയായിരുന്നു. 46 പന്തില്‍ നിന്ന് 71 റണ്‍സ് നേടിയ ഓപ്പണര്‍ ബെത്ത് മൂണിയുടേയും, 61 റണ്‍സടിച്ച എലിസ് വില്ലനിയുടേയും ബാറ്റിംഗ് മികവില്‍ നിശ്ചിത 20 ഓവറില്‍ ഓസ്‌ട്രേലിയ 186/5 റണ്‍സാണ് നേടിയത്.

വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയെ മെഗാന്‍ ഷട്ടിന്റെ ഹാട്രിക്ക് തകര്‍ത്തെറിഞ്ഞു. രണ്ടാം ഓവറിന്റെ അവസാന രണ്ട് പന്തുകളിലും, നാലാം ഓവറിന്റെ ആദ്യ പന്തിലുമായാണ് ഷട്ട് തന്റെ ഹാട്രിക്ക് പൂര്‍ത്തിയാക്കിയത്. സ്മൃതി മന്ദാന, മിതാലി രാജ്, ദീപ്തി ശര്‍മ്മ എന്നിവര്‍ ഇതോടെ പുറത്തായി. ഈ തിരിച്ചടിയില്‍ നിന്ന് കര കയറാന്‍ പിന്നീട് ഇന്ത്യയ്ക്ക് കഴിഞ്ഞില്ല. അര്‍ധ സെഞ്ച്വറി നേടിയ ഓപ്പണര്‍ ജെമീമാ റൊഡ്രീഗസും, 38 റണ്‍സുമായി അനൂജ പാട്ടീലും തിളങ്ങിയെങ്കിലും വിജയം അകലെയായിരുന്നു.

Leave a Reply