ബംഗളൂരു: ദളിത് നേതാവും ഗുജറാത്ത് എംഎൽഎയുമായ ജിഗ്നേഷ് മേവാനിക്കെതിരെ കേസെടുത്തു. കർണാടകയിലെ ചിത്രദുർഗ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. കർണാടകത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരഞ്ഞെടുപ്പ് റാലി അലങ്കോലമാക്കാൻ ജിഗ്നേഷ് മേവാനി ആഹ്വാനം നൽകിയെന്ന ബിജെപിയുടെ പരാതി പ്രകാരമാണ് കേസെടുത്തത്.
ചിത്രദുർഗയിൽ വാർത്താസമ്മേളനത്തിലാണ് ജിഗ്നേഷ് മേവാനി, മോദി വാഗ്ദാനം ചെയ്ത രണ്ട് കോടി പേർക്ക് തൊഴിൽ എന്ന പ്രഖ്യാപനം എന്തായെന്ന് ചോദിച്ച് പ്രശ്നമുണ്ടാക്കാൻ കർണാടകയിലെ യുവാക്കളോട് ആവശ്യപ്പെട്ടത്. 15 ന് ബംഗളൂരുവിൽ നടക്കുന്ന പ്രധാനമന്ത്രിയുടെ തിരഞ്ഞെടുപ്പ് റാലിയിൽ കടന്നുചെല്ലണം. കസേരകൾ എടുത്തെറിഞ്ഞ്, മോദിയോട് വാഗ്ദാനം ചെയ്ത ജോലി എവിടെ എന്ന് ചോദിക്കണം. ജിഗ്നേഷ് മേവാനി ആവശ്യപ്പെട്ടു.
ജിഗ്നേഷ് മേവാനിയുടേത് പ്രധാനമന്ത്രിയുടെ റാലി അലങ്കോലമാക്കാനുള്ള ആഹ്വാനമാണെന്ന് ചൂണ്ടിക്കാട്ടി ബിജെപി ചിത്രദുർഗ ജില്ലാ പ്രസിഡന്റ് കെ എസ് നവീനാണ് പൊലീസിൽ പരാതി നൽകിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപി പരാതി നൽകിയിട്ടുണ്ട്.