ത്രിലോക് മൈത്രയന്‍
ഭരണവിരുദ്ധ വികാരങ്ങളില്ല, ശക്തനായ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയില്ല, ഒപ്പം റെഡ്ഡി സഹോദരന്‍മാരുടെ അഴിമതിക്കറയുടെ പേരുദോഷവും.. എന്നിട്ടും കര്‍ണാടകയില്‍ ബിജെപി ജയിച്ചു. തെന്നിന്ത്യയില്‍, മോദി ഭരണത്തിന്‍കീഴില്‍ ബിജെപിക്ക് സര്‍ക്കാരുണ്ടാക്കാനാകുമോ ഇല്ലയോ എന്നതു സംവാദ വിഷയമായി അവശേഷിക്കുമ്പോഴും ഒരു ചോദ്യം ബാക്കിനില്‍ക്കുന്നു, ആരാണ് ബിജെപിക്ക് വോട്ടു ചെയ്തത്…
കര്‍ണാടകയിലെ ‘ആം ആദ്മി’ വോട്ടു ചെയ്തു എന്നാതാണു മറുപടിയെങ്കില്‍ വീണ്ടും ചോദ്യങ്ങള്‍ ഉയരും. നോട്ട്‌നിരോധനം, ജിഎസ്ടി, ഇന്ധനവിലവര്‍ധനവ്, വിപണി വിലവര്‍ധനവ് എന്നിങ്ങനെ നിരവധി പ്രശ്‌നങ്ങളുടെ നടുവിലാണ് മോദി സര്‍ക്കാര്‍ കര്‍ണാടക തെരഞ്ഞെടുപ്പിനെ നേരിട്ടത്. കര്‍ഷകരുടെ രോഷം മാധ്യമങ്ങളിലൂടെയെങ്കിലും സര്‍ക്കാരിനെതിരായിരുന്നു. തമിഴ്‌നാട്, മധ്യപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളില്‍ കര്‍ഷകര്‍ സര്‍ക്കാരിനെതിരേ തിരിഞ്ഞു. കാഷ്മീര്‍ കത്തിനില്‍ക്കുകയാണ്. ദളിതര്‍ സര്‍ക്കാരിനെതിരേ പ്രക്ഷോഭമുയര്‍ത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സര്‍ക്കാരിനെ എതിര്‍ത്തു. എന്നിട്ടും കര്‍ണാടകയില്‍ ഏറ്റവും വലിയ ഒക്കകക്ഷിയായെങ്കില്‍ അത് ഇന്ത്യയില്‍ ഏറ്റവും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന തെരഞ്ഞെടുപ്പ് മെഷീനറിയുടെ വിജയമാണിത്, തെരഞ്ഞെടുപ്പ് കുതന്ത്രജ്ഞനായ അമിത് ഷായുടെ വിജയമാണിത്, വിഭജന രാഷ്ട്രീയത്തിന്റെ വിജയമാണിത്, തെറ്റിദ്ധരിപ്പിക്കലിന്റെ വിജയമാണിത്.
‘വീര്‍ ഷഹീദ് ഭഗത് സിംഗ് ജബ് ജേല്‍ മേ ഥേ, മുഖദ്മാ ചല്‍ രഹാ ഥാ, ക്യാ കോയി കോണ്‍ഗ്രസി പരിവാര്‍ കാ വ്യക്തി ഷഹീദ് വീര്‍ ഭഗത് സിംഗ് കോ മില്‍നേ ഗയാ ഥാ?” (വീര രക്തസാക്ഷി ഭഗത് സിംഗ് ജയിലില്‍ ആയിരുന്നപ്പോള്‍ കോണ്‍ഗ്രസില്‍ നിന്ന് ആരെങ്കിലും അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നോ?) കര്‍ണാടകയിലെ ഒരു തെരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ പ്രധാനമന്ത്രി മോദി വന്‍ ശബ്ദത്തില്‍ വിളിച്ചുപറഞ്ഞതാണിത്. ഭഗത് സിംഗിനെ കുറിച്ച് പച്ചക്കള്ളമാണ് മോദി വിളിച്ചുപറഞ്ഞത് എന്ന് ചരിത്രമറിയാവുന്നവര്‍ തെളിവ് സഹിതം ചൂണ്ടിക്കാട്ടി. വസ്തുതാപരമായി നിരവധി പിശകുകളാണ് മോദിയുടെ വാദങ്ങളിലുണ്ടായിരുന്നത്. എന്നിട്ടും മോദി തിരുത്തിയില്ല. അല്‍പ്പന് അര്‍ത്ഥം കിട്ടിയാല്‍ അര്‍ധരാത്രിക്കും കുടപിടിക്കും എന്ന രീതിയില്‍ ബിജെപിയും മോദിയും മുന്നോട്ടുപോയി.കര്‍ണാടകത്തിലെ ജനവും ഒരു പരിധിവരെ ഈ കള്ളങ്ങള്‍ വിശ്വസിച്ചു എന്നാണ് തെരഞ്ഞെടുപ്പു ഫലങ്ങള്‍ നല്‍കുന്ന സൂചന.
29 സംസ്ഥാനങ്ങളില്‍ 21ലും അധികാരത്തിലുള്ള ബിജെപിക്ക് ഇത് കോണ്‍ഗ്രസ് മുക്ത ഭാരതത്തിലേക്കുള്ള ഒു ചുവടുവയ്പു മാത്രമാണ്. പക്ഷേ, മതേതര ഭാരതത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് ഇതൊരു വന്‍ തിരിച്ചടിയാണ്. കര്‍ണാടക തെരഞ്ഞെടുപ്പ് ഫലത്തോടെ 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ചുവരെഴുത്തുകള്‍ ഏറെക്കുറെ വായിച്ചെടുക്കാന്‍ ഇന്ത്യന്‍ രാഷ്ട്രീയം ശ്രദ്ധിക്കുന്നവര്‍ക്കു കഴിയും. ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ചിത്രത്തില്‍നിന്നു പുറത്തായി. അപ്പോഴും വരാനിരിക്കുന്ന വിപത്തിനെ കുറിച്ച് നേതാക്കള്‍ ഇത്രയേറെ ആശങ്കാകുലരായിരുന്നില്ല. മറിച്ചായിരുന്നെങ്കില്‍ ഒരു പരിധി വരെയെങ്കിലും കാവി രാഷ്ട്രീയത്തെ തകര്‍ക്കാര്‍ നേതാക്കളും പാര്‍ട്ടിയും മുന്‍കരുതല്‍ സ്വീകരിച്ചേനെ. വോട്ടിംഗ് മെഷീന്‍ ക്രമക്കേടുകള്‍ ഇനി ഒരു വാദമായി ഉയര്‍ത്താന്‍ കഴിയുമെന്നു മാത്രം, അതില്‍ കൂടുതല്‍ രാഷ്ട്രീയ നിരീക്ഷകര്‍ അതിനു വലിയ സാധ്യതകള്‍ കല്‍പ്പിക്കുന്നില്ല.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അപ്രമാദിത്വം തകര്‍ക്കാന്‍ പോകുന്ന ഒരു രാഷ്ട്രീയ നേതാവും ഇതേവരെ ഇന്ത്യയില്‍ ഉയര്‍ന്നുവന്നിട്ടില്ല എന്നതാണ് കര്‍ണാടക തെഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. അഴിമതിയില്‍ മുങ്ങിക്കുളിച്ച റെഡ്ഡി സഹോദരന്‍മാരെ കൂടാതെ ഒരു രാഷ്ട്രീയം ബിജെപിക്ക് നിലവില്‍ കള്‍ണാടകയില്‍ സാധ്യവുമല്ല. അതുകൊണ്ടുതന്നെ നരേന്ദ്ര മോദിയുടെ അഴിമതി വിരുദ്ധ മുദ്രാവാക്യത്തിന് ഇനി പ്രസക്തിയില്ല. എന്നിരുന്നാലും കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം ബിജെപിയെയും നരേന്ദ്ര മോദിയെയും മറ്റാരെയുംകാള്‍ ഉയരെ നിര്‍ത്തുന്നു. എന്തിരുന്നാലും മോദി പ്രവചിച്ചതുപോലെ കോണ്‍ഗ്രസ് പുതുച്ചേരി-പഞ്ചാബ്-പരിവാര്‍ പാര്‍ട്ടിയായിരിക്കുന്നു. കോണ്‍ഗ്രസിന്റെയും അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെയും പ്രതിപക്ഷ ഐക്യത്തിനും നേതൃസ്ഥാനമോഹത്തിനും ഇതോടെ വിരാമമായി. ഇനി കാത്തിരിപ്പാണ്, പ്രതിപക്ഷ നേതൃസ്ഥാനത്തിനായി, ്രപധാനമന്ത്രി മോദിയുടെയും ബിജെപിയുടെയും ശക്തി ശിഥിലീകരണത്തിനായി. എന്നിരുന്നാലും അടുത്ത തവണയും ബിജെപി തിരിച്ചുവരും.. കൂടുതല്‍ കരുത്തോടെ, ഭരണം നേടുന്നതിനായുള്ള ആവേശത്തില്‍…
വരാനിരിക്കുന്ന നിയമസഭാ – ലോക്‌സഭാ തെരഞ്ഞെടുപ്പുകളെ സ്വാധീനിക്കുന്ന നിര്‍ണായക നീക്കങ്ങളാണ് ഇപ്പോള്‍ കര്‍ണാടകയില്‍ ഫലം പുറത്തുവന്ന ശേഷം നടക്കുന്നത്. ജെഡിഎസിനെ നിരുപാധികം പിന്തുണച്ച കോണ്‍ഗ്രസ് തീരുമാനം ദേശീയ രാഷ്ട്രീയത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. സഖ്യം വിജയം കണ്ടാല്‍ ദേശീയ തലത്തില്‍ ബിജെപിക്കെതിരായ ബദലിന്റെ തുടക്കം കൂടിയാകും ഇതെന്നും വിലയിരുത്തലുണ്ട്. കോണ്‍ഗ്രസ് മുക്ത ഭാരതത്തിനും ദക്ഷിണേന്ത്യയില്‍ വേരുറപ്പിക്കാനും ശ്രമിക്കുന്ന ബിജെപിയുടെ തന്ത്രങ്ങള്‍ക്ക് അതേ നാണയത്തിലുള്ള തിരിച്ചടിയായിരുന്നു കോണ്‍ഗ്രസിന്റേത്. ഗോവയിലും മണിപ്പൂരിലും മോഘാലയയിലും ബിജെപി നടത്തിയതിന് സമാനമായ നീക്കം. സഖ്യം വിജയിച്ചാല്‍ വരും തെരഞ്ഞെടുപ്പുകളെയും അത് സ്വാധീനിക്കുമെന്നുറപ്പ്.