തിരുവനന്തപുരം: നടനും തൃശൂരിലെ എംപിയുമായ സുരേഷ് ഗോപിയെ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് വിളിച്ചു. ഉടന്‍ ഡല്‍ഹിയിലെത്താന്‍ മോദി നിര്‍ദേശം നല്‍കി. സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ, അദ്ദേഹം തിരുവനന്തപുരത്തു തന്നെ തുടരുകയായിരുന്നു. ഡല്‍ഹിയില്‍ നരേന്ദ്രമോദിയും അമിത് ഷായും നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് സുരേഷ് ഗോപിയെ മോദി നേരിട്ടു വിളിച്ചത്.
തിരുവനന്തപുരത്തു നിന്നും ഡല്‍ഹിയിലേക്കുള്ള 12.30 ന്റെ വിമാനത്തില്‍ ടിക്കറ്റ് ലഭ്യമല്ലാത്തതിനാല്‍ മറ്റു മാര്‍ഗങ്ങളാണ് ആരായുന്നത്. സുരേഷ് ഗോപിയും ഭാര്യയും ബംഗളൂരുവിലെത്തി അവിടെ നിന്നും ഡല്‍ഹിയിലെത്തിച്ചേരാണ് ശ്രമിക്കുന്നത്. വൈകീട്ടു നാലു മണിക്കുള്ള സല്‍ക്കാരത്തില്‍ പങ്കെടുക്കാനായില്ലെങ്കിലും സത്യപ്രതിജ്ഞയ്ക്ക് മുമ്പ് ഡല്‍ഹിയിലെത്താനാണ് ശ്രമം. സുരേഷ് ഗോപിയുടെ മക്കള്‍ നെടുമ്പാശ്ശേരിയില്‍ നിന്നും 12.30 നുള്ള വിമാനത്തില്‍ ഡല്‍ഹിയിലേക്ക് പോകും.
കേന്ദ്രമന്ത്രിയാകുന്നതില്‍ തത്കാലമുള്ള അസൗകര്യം സുരേഷ് ഗോപി കേന്ദ്രനേതൃത്വത്തെ അറിയിച്ചിരുന്നു. മമ്മൂട്ടി കമ്പനിയുടെ സിനിമ അടക്കം നാലു സിനിമകള്‍ പൂര്‍ത്തിയാക്കാനുണ്ടെന്നാണ് സുരേഷ് ഗോപി ബിജെപി കേന്ദ്രനേതൃത്വത്തെ അറിയിച്ചത്. ക്യാബിനറ്റ് മന്ത്രിയായാല്‍ സിനിമ ചിത്രീകരണം മുടങ്ങും. അതിനാല്‍ സാവകാശം വേണമെന്നാണ് സുരേഷ് ഗോപി അറിയിച്ചിട്ടുള്ളത്. എന്നാല്‍ സുരേഷ് ഗോപി കേന്ദ്രസര്‍ക്കാരില്‍ വേണമെന്നാണ് ബിജെപി കേന്ദ്രനേതൃത്വം ആഗ്രഹിക്കുന്നത്.