‘മോഹന്‍ലാലിന് പുലിമുരുകനില്‍ തുട കാണിക്കാം, സുരാജ് കാണിച്ചാല്‍ എ സര്‍ട്ടിഫിക്കറ്റും’; രൂക്ഷപ്രതികരണവുമായി റിമ കല്ലിങ്കല്‍

0
32

കൊച്ചി:സെന്‍സര്‍ ബോര്‍ഡിനെ വിമര്‍ശിച്ച് റിമ കല്ലിങ്കല്‍. തന്റെ പുതിയ ചിത്രമായ ആഭാസത്തിന് നേരിടേണ്ടി വന്ന നിയമ വെല്ലുവിളികളും സെന്‍സര്‍ ബോര്‍ഡ് റിലീസ് തടഞ്ഞതും ചൂണ്ടിക്കാണിച്ചു കൊണ്ടായിരുന്നു റിമയുടെ പ്രതികരണം. നേരത്തെ, ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റായിരുന്നു ലഭിച്ചിരുന്നത്. എന്നാല്‍ നിയമ പോരാട്ടത്തിലൂടെ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ യു/എ സര്‍ട്ടിഫിക്കറ്റ് നേടുകയായിരുന്നു.

‘സെന്‍സറിങ്ങിന് ചില നിയമങ്ങളൊക്കെയുണ്ട്. അതൊക്കെയാണെങ്കില്‍ മനസിലാക്കാം. പക്ഷെ ഇത് അങ്ങനെയൊന്നുമല്ല. നമ്മുടെ ഗവണ്‍മെന്റിനെയോ ചുറ്റുമുള്ള സാഹചര്യങ്ങളെയോ ഒരു കലാരൂപത്തിലൂടെ വിമര്‍ശിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ജനാധിപത്യം എന്നു പറയുന്നതില്‍ തന്നെ സംശയിക്കേണ്ടി വരും,’ റിമയുടെ പ്രതികരണം.

”ഫ്രീഡം ഓഫ് സ്പീച്ചും ഫ്രീഡം ഓഫ് എക്സ്പ്രഷനും നിയമം ഗ്യാരണ്ടി ചെയ്യുന്നതാണ്. അത് പറ്റില്ലെന്ന് പറയുമ്പോള്‍ എന്തുകൊണ്ട് എന്ന് ഈ ചിത്രത്തിന്റെ സംവിധായകനും നിര്‍മ്മാതാവും ചോദിച്ചത് വലിയ കാര്യം തന്നെയാണ്. സിനിമയിലൂടെ ഞങ്ങള്‍ പറയാനാഗ്രഹിച്ചതൊക്കെ തന്നെയാണ് യഥാര്‍ത്ഥത്തിലും സിനിമ നേരിടുന്നത്,” റിമ പറയുന്നു.

”സുരാജേട്ടന്റെ തുട കണ്ടു എന്നായിരുന്നു സെന്‍സന്‍ ബോര്‍ഡ് നേരത്തെ പറഞ്ഞിരുന്നത്. ഇതിനെ കുറിച്ച് എന്റെ, സിനിമ മേഖലയുമായി ബന്ധമില്ലാത്ത ഒരു സുഹൃത്തിനോട് പറഞ്ഞപ്പോള്‍ ‘പുലിമുരുകനിലുമുണ്ടല്ലോ’ എന്നായിരുന്നു അവളുടെ പ്രതികരണം. അപ്പോഴാണ് ഞങ്ങളും അതിനെ കുറിച്ച് ചിന്തിച്ചതും,” റിമ കൂട്ടിച്ചേര്‍ത്തു.

അതേസമയം, തിയേറ്റര്‍ ലഭിക്കാത്തതിനാല്‍ ആഭാസത്തിന്റെ റിലീസ് നീട്ടിവച്ചിരിക്കുകയാണ്. ഏപ്രില്‍ 27 ആയിരുന്നു നേരത്തെ തീരുമാനിച്ചിരുന്ന റിലീസ് തീയതി.

Leave a Reply