ലണ്ടൻ
കൊറോണ വ്യാപനത്തെ സംബന്ധിച്ച് വികസിത രാജ്യങ്ങളിൽ നിന്നുള്ള വാർത്തകൾ അമ്പരപ്പിക്കുന്നതിനിടെ യുകെയിലെ ഡോക്ടർമാർ പ്ലാസ്റ്റിക് കവറുകൾ കൊണ്ട് മുഖവും ശരീരവും മൂടിക്കെട്ടി ജോലി ചെയ്യുന്ന ദുരവസ്‌ഥ പുറത്തുവിട്ട് ബിബിസി. അത്യാവശ്യം വേണ്ട പ്രതിരോധ കിറ്റുകളോ ഉപകരണങ്ങളോ യുകെയിലെ ആരോഗ്യപ്രവർത്തകർക്ക് ലഭിക്കുന്നില്ല എന്നുള്ള വാർത്ത “പ്രവാസി മലയാളി” പുറത്തുവിട്ടിരുന്നു. ആരോഗ്യ മേഖലയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം വർധിക്കുന്നതും മതിയായ സുരക്ഷാ സംവിധാനങ്ങൾ ഇല്ലാത്തതും രാജ്യത്തെ ഭീകരമായ അവസ്‌ഥയിലൂടെ കൊണ്ടുപോകുന്ന കാഴ്ച്ചയാണ് ഇപ്പോൾ കാണുന്നത്.
കൊറോണ ബാധിതരുടെ എണ്ണം വർധിച്ചതോടെ കിടക്കയുടെ എണ്ണം അപര്യാപ്തമായെന്നും ക്യാൻസർ പോലുള്ള രോഗങ്ങളുടെ ചികിത്സ നിർത്തി വെച്ചിരിക്കുകയാണെന്നും അത്യാവശ്യം വേണ്ട മരുന്നുകൾ പോലും ഇല്ലെന്നുള്ള റിപ്പോർട്ടുകൾ ഞെട്ടലോടെയാണ് ജനം നോക്കിക്കാണുന്നത്. 13 മണിക്കൂർ തുടർച്ചയായി രോഗികളെ പരിചരിക്കുന്ന അവസ്‌ഥയാണ് നഴ്സ്മാർ നേരിടുന്നത്
4313 പേരാണ് കോവിഡ് ബാധിച്ച് ഇതുവരെ യുകെയിൽ മരണമടഞ്ഞത്. 41903 പേർക്ക് ഇതുവരെ രോഗം സ്‌ഥിരീകരിച്ചു