കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ യുവ ഡോക്ടര്‍ ഡ്യൂട്ടിക്കിടെ കൊല ചെയ്യപ്പെട്ട സംഭവത്തില്‍ പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. സംഭവത്തില്‍ വീഴ്ച സംഭവിച്ചത് സംവിധാനത്തിനാണെന്ന് കോടതി കുറ്റപ്പെടുത്തി. പ്രൊസീജിയര്‍ റൂമില്‍ പ്രതിയെ കയറ്റിയ സമയത്ത് പൊലീസ് എവിടെ ആയിരുന്നുവെന്ന് കോടതി ചോദിച്ചു. അതേസമയം ഒരാഴ്ചയ്ക്കുളളില്‍ ആശുപത്രികളിലെ സുരക്ഷയ്ക്കുള്ള പ്രൊട്ടോക്കോള്‍ തയാറാക്കുമെന്ന് പൊലീസ് മേധാവി കോടതി സമക്ഷം ഉറപ്പ് നല്‍കി.
യാഥാര്‍ത്ഥ്യത്തെ വളച്ചൊടിക്കരുതെന്നും കോടതി ആഞ്ഞടിച്ചു. വസ്തുത വസ്തുതയായി പറയണമെന്നാണ് കോടതി പൊലീസിനെ ഓര്‍മിപ്പിക്കുന്നത്. ഡോ വന്ദനയ്ക്ക് നീതി ലഭിക്കാന്‍ വേണ്ടിയാകണം പൊലീസിന്റെ അന്വേഷണമെന്നും കോടതി പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥരെയല്ല സംവിധാനത്തെയാണ് വീഴ്ചയുടെ പേരില്‍ കുറ്റപ്പെടുത്തുന്നതെന്നും കോടതി വ്യക്തമാക്കി.
ആശുപത്രിയില്‍ നാല് മിനിറ്റ് കൊണ്ടാണ് എല്ലാം സംഭവിച്ചതെന്ന് പൊലീസ് കോടതിയില്‍ വിശദീകരിച്ചു. പ്രൊസീജിയര്‍ റൂമില്‍ എത്തുന്നതിന് തൊട്ടുമുന്‍പ് വരെ പ്രതി യാതൊരു അസ്വാഭാവികതയുമില്ലാതെയാണ് പെരുമാറിയിരുന്നതെന്ന് പൊലീസ് കോടതിയെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. എന്നാല്‍ പൊലീസിന്റെ കണ്മുന്നിലാണ് സംഭവങ്ങളെല്ലാം നടന്നതെന്ന് കോടതി ഓര്‍മിപ്പിച്ചു.
സന്ദീപ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ച ശബ്ദരേഖയും സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസ് കോടതിയില്‍ ഹാജരാക്കി. ആശുപത്രികളില്‍ പൊലീസ് സുരക്ഷ ശക്തമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും പൊലീസ് കോടതി മുന്‍പാകെ ഉറപ്പ് നല്‍കി. സുരക്ഷാ പ്രൊട്ടോക്കോള്‍ ഉണ്ടാക്കുന്നതിനായി മറ്റൊരു സംഭവം ഉണ്ടാകുന്നത് വരെ കാത്തിരിക്കരുതെന്നും കോടതി ഓര്‍മിപ്പിച്ചു.