പ്രതികളെ സഹായിക്കുന്ന നിലപാടുമായി പോലീസ്
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജില്‍ എസ്എഫ്ഐ പ്രവര്‍ത്തകനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ചത് എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്തെന്ന് മൊഴി. കത്തിക്കുത്തില്‍ നെഞ്ചില്‍ ഗുരുതര പരിക്കേറ്റ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള യൂണിവേഴ്സിറ്റി കോളജ് മൂന്നാം വര്‍ഷ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ഥി അഖില്‍ ഡോക്ടര്‍ക്ക് നല്കിയ മൊഴിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. പോലീസിന്റെ എഫ്ഐആറിലും അഖിലിനെ കുത്തിയത് ശിവരഞ്ജിത്താണെന്നു രേഖപ്പെടുത്തിയിട്ടുണ്ട്. തന്നെ കുത്തുന്ന സമയത്ത് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി നസീമും ശിവരഞ്ജിത്തിനു ഒപ്പമുണ്ടായിരുന്നുവെന്നും അഖില്‍ മൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. മൊഴി സംബന്ധിച്ചുളള വ്യക്തമായ വിവരങ്ങള്‍ ഡോക്ടര്‍ അന്വേഷണ സംഘത്തിനു നല്കിയിട്ടുണ്ട്. തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്നതിനാല്‍ അഖിലിന്റെ മൊഴി എടുക്കാന്‍ പോലീസിനു കഴിഞ്ഞിട്ടില്ല. വധശ്രമം ഉണ്ടായി രണ്ടു ദിനം പിന്നിട്ടും പ്രതികളെ പിടികൂടാന്‍ പോലീസിനു കഴിഞ്ഞിട്ടില്ല. ഭരണസ്വാധീനം ഉപയോഗിച്ച് അന്വേഷണം മന്ദഗതിയിലാക്കിയതായി ആരോപണം ശക്തമാണ്. ആക്രോശത്തോടെയാണ ശിവരഞ്ജിത്ത് അഖിലിനെ കുത്തിയതെന്നു പോലീസിന്റെ എഫ്ഐആറില്‍ വ്യക്തമാക്കുന്നു. എസ്എഫ്ഐ നേതാക്കളായ നസീമും അമലും അഖിലിനെ പിടിച്ചുനിര്‍ത്തി. ശിവരഞ്ജിത്ത് നെഞ്ചില്‍ കുത്തുകയായിരുന്നുവെന്നും എഫ്‌ഐആര്‍ പറയുന്നു.