രാഷ്ട്രീയ കേരളത്തിന്റെ ഭീഷ്മാചാര്യൻ പാലാ മാണിക്യം കെ എം മാണി സാറിന്റെ ഓർമ്മകൾക്ക് ഇന്ന് ഒരു വയസ്സ്
രാജു ജോർജ്
യു കെ ഡെസ്ക്
കേരള രാഷ്ട്രീയത്തിൽ സമാനതകളില്ലാത്ത ചരിത്രം എഴുതി ചേർത്ത രാഷ്ട്രീയ ഭീഷ്മാചാര്യൻ കെ എം മാണി അരങ്ങൊഴിഞ്ഞിട്ട് ഒരു വര്ഷം.
മരങ്ങാട്ടുപിള്ളിയിൽ 1933 ജനുവരി 30-ന് കർഷക ദമ്പതികളായ മാണിയുടെയും ഏലിയാമ്മയുടെയും മകനായാണ് അദ്ദേഹം ജനിച്ചത്. കുറവിലങ്ങാട് സെന്റ് മേരീസ് ബോയ്സ് ഹൈസ്ക്കൂളിൽ ഹൈസ്‌കൂൾ ക്ലാസുകളിൽ വിദ്യാഭ്യാസം നടത്തി. 1946-’48 കാലഘട്ടത്തിൽ 8, 9 ക്ലാസ്സുകളിലാണ് അദ്ദേഹം കുറവിലങ്ങാട് സെന്റ് മേരീസ് ബോയ്സ് ഹൈസ്ക്കൂളിൽ പഠിച്ചിരുന്നത്. തുടർന്ന് പാലായിൽ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്ന് തൃശിനാപ്പള്ളി സെന്‍റ് ജോസഫ് കോളജ്, മദ്രാസ് ലോ കോളജ് എന്നിവടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ കെ എം മാണി 1955-ൽ അഭിഭാഷക ജോലിയിൽ പ്രവേശിച്ചു. പിന്നീട് രാഷ്ട്രീയത്തിൽ പ്രവേശിച്ച അദ്ദേഹം 1959-ൽ കെപിസിസിയിൽ അംഗമായി. കോട്ടയം ഡിസിസി സെക്രട്ടറിയായിരിക്കുമ്പോഴാണ് 1964-ൽ കേരള കോണ്‍ഗ്രസ് രൂപീകൃതമാകുന്നത്. പിന്നീട് കേരള കോണ്‍ഗ്രസ് നേതൃനിരയിലേക്കും കേരള രാഷ്ട്രീയത്തിലെ അതികായൻ എന്ന നിലയിലേക്കും പാലാക്കാരുടെ സ്വന്തം മാണിസാർ വളരുകയായിരുന്നു.
1964-ൽ കേരള കോൺഗ്രസ് രൂപീകൃതമായപ്പോൾ മുതൽ കരിങ്ങോഴയ്ക്കൽ മാണി മകൻ മാണി, അഥവാ കെ.എം.മാണിക്ക് കേരള രാഷ്ട്രീയത്തിൽ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. 1965-ലെ തെരഞ്ഞെടുപ്പിൽ പാലായിൽ നിന്നും ആദ്യമായി വിജയം നേടിയ മാണിസാർ പിന്നെ മരണം വരെ എംഎൽഎയായി തുടർന്നുവെന്നത് അത്യപൂർവമായ റിക്കാർഡാണ്. തുടർച്ചയായി 13 തവണയാണ് മാണിസാർ പാലായിൽ നിന്നും നിയമസഭാംഗമായത്. നിയമസഭാ സാമാജികൻ എന്ന നിലയിൽ 50 വർഷം പൂർത്തിയാക്കിയ അദ്ദേഹത്തെ 2017-ൽ നിയമസഭ ആദരിക്കുകയും ചെയ്തിരുന്നു.
1965-ൽ ആണ് മാണിസാർ ആദ്യ വിജയം നേടിയതെങ്കിലും ആർക്കും ഭൂരിപക്ഷമില്ലാത്തതിനാൽ സഭ ചേർന്നില്ല. പിന്നീട് 67-ലെ തെരഞ്ഞെടുപ്പിൽ വിജയം ആവർത്തിച്ച മാണിസാർ നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. പിന്നീട് മരണംവരെ അദ്ദേഹം എംഎൽഎ എന്ന പദവിയിലല്ലാതെ ജീവിച്ചിട്ടില്ല.
ഏറ്റവും കൂടുതൽ കാലം മന്ത്രിസ്ഥാനം വഹിച്ചയാൾ, കൂടുതൽ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി (13), ഏറ്റവും അധികം മന്ത്രിസഭകളിൽ അംഗം (12), ഏറ്റവും അധികം കാലം ധന-നിയമ വകുപ്പുകൾ കൈകാര്യം ചെയ്ത മന്ത്രി എന്നീ റിക്കാർഡുകളെല്ലാം അദ്ദേഹം സ്വന്തം പേരിൽ ചേർത്തു.
ഓരോ റോക്കോർഡുകൾ സ്വന്തം പേരിൽ കുറിയ്ക്കുമ്പോഴും സ്വന്തം നാടായ പാലായെ ഹൃദയത്തോട് ചേർത്ത മാണിസാർ പാലായുടെ മുഖം തന്നെ മാറ്റിമറിച്ചു. അധ്വാന വർഗ്ഗ സിദ്ധാന്തം അവതരിപ്പിച്ചതോടെ തൊഴിലാളികളുടെ ഇടയിൽ കേരള കോൺഗ്രസിന് പ്രത്യേക ഒരിടം കണ്ടെത്താൻ മാണി സാറിന് കഴിഞ്ഞു.
ഇനി ഒരു രാഷ്ട്രീയ നേതാവിനും കഴിയാത്ത ചരിത്രം രേഖപ്പെടുത്തിയ മാണി സാർ അരങ്ങൊഴിയുമ്പോൾ ആ കസേര എന്നെന്നും ഒഴിഞ്ഞു കിടക്കുമെന്ന് ഉറപ്പാണ്