ന്യൂഡല്‍ഹി: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് വധക്കേസില്‍ പൊലീസ് അന്വേഷണം തുടരാമെന്ന് സുപ്രീംകോടതി. സിബിഐ അന്വേഷണത്തിനുള്ള സ്റ്റേ നീക്കണമെന്ന ആവശ്യം തള്ളി. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി വിശദമായി പരിശോധിക്കും.പൊലീസിന് കുറ്റപത്രം സമര്‍പ്പിക്കാം. സിബിഐ അന്വേഷണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാട് അറിയിക്കണം. രാഷ്ട്രീയ കൊലപാതകങ്ങള്‍ നടത്തുന്നവര്‍ വിഡ്ഢികളാണെന്നും സുപ്രീംകോടതി പറഞ്ഞു.
അതേസമയം പിതാവിന്റെ ഹര്‍ജിയില്‍ സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ് അയയ്ക്കുകയും ചെയ്തു. പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും തെളിവു നശിപ്പിക്കപ്പെടും മുന്‍പ് കേസ് അടിയന്തരമായി സിബിഐക്കു വിടണമെന്നും ആവശ്യപ്പെട്ടാണ് ഷുഹൈബിന്റെ പിതാവ് കോടതിയെ സമീപിച്ചത്.
ഷുഹൈബ് വധക്കേസ് പ്രതികള്‍ക്ക് സിപിഐഎം നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്നും സിബിഐ അന്വേഷണം വേണമെന്നും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലിനെത്തുടര്‍ന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്തു. തുടര്‍ന്നു മധ്യവേനല്‍ അവധിക്കു ശേഷം പരിഗണിക്കുന്നതിനായി ഹര്‍ജി മാറ്റുകയും ചെയ്തിരുന്നു. ഒന്നര മാസത്തെ കാലയളവ് അന്വേഷണത്തെ ബാധിക്കുമെന്നു ചൂണ്ടിക്കാട്ടിയാണു കുടുംബം സുപ്രീംകോടതിയെ സമീപിച്ചത്.
കഴിഞ്ഞ ഫെബ്രുവരി 12നു രാത്രി പത്തു മണിയോടെയാണു യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റായിരുന്ന ഷുഹൈബിനെ ഒരു സംഘം ആക്രമിച്ചു കൊലപ്പെടുത്തിയത്. സംഭവത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട 11 സിപിഐഎം പ്രവര്‍ത്തകരില്‍ രണ്ടു പേര്‍ക്ക് ജാമ്യം ലഭിച്ചു.