‘രാഹുലിനായി തെരുവില്‍ പ്രതിഷേധിക്കും; ഉപതെരഞ്ഞെടുപ്പ് നടന്നാല്‍ ഇടതുപക്ഷം മത്സരിക്കും’; എം വി ഗോവിന്ദന്‍

0
22

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്ക് അയോഗ്യത കല്‍പ്പിച്ചതിനെത്തുടര്‍ന്ന് വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പു നടന്നാല്‍ ഇടതുപക്ഷം മത്സരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. എന്നാല്‍ ഉപതെരഞ്ഞെടുപ്പ് ഉണ്ടാവാന്‍ സാധ്യതയില്ലെന്നാണ് കരുതുന്നതെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു.

ക്രിമിനല്‍ മാനനഷ്ടക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനെത്തുടര്‍ന്ന് അയോഗ്യനാക്കപ്പെട്ട കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കായി തെരുവില്‍ പ്രതിഷേധിക്കാന്‍ സിപിഎമ്മും ഉണ്ടാവുമെന്ന് ഗോവിന്ദന്‍ വ്യക്തമാക്കി. ‘ഇപ്പോഴുണ്ടായ കോടതി വിധി അന്തിമമല്ല. തങ്ങള്‍ക്ക് ആരെയും കൈകാര്യം ചെയ്യാന്‍ അധികാരമുണ്ട് എന്ന ബോധപൂര്‍വമായ ഇടപെടലാണ് കേന്ദ്രം നടത്തിയിരിക്കുന്നത്. പ്രതിപക്ഷത്തിന്റെ ശബ്ദം ഇന്ത്യന്‍ പാര്‍ലമെന്റില്‍ കേള്‍ക്കേണ്ടതില്ലെന്ന നിലപാടാണ് ബിജെപി എടുക്കുന്നത്. രാഹുല്‍ ഗാന്ധിക്കെതിരായ നടപടിയില്‍ പ്രതിപക്ഷ പാര്‍ട്ടികളെല്ലാവരും ശക്തമായി പ്രതിഷേധിക്കും.’- എം.വി. ഗോവിന്ദന്‍ പറഞ്ഞു.

നേരത്തെ രാഹുലിനെ അയോഗ്യനാക്കിയ നടപടിക്കെതിരെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ എംവി ഗോവിന്ദന്‍ പ്രതിഷേധം അറിയിച്ചിരുന്നു. 

കുറിപ്പ്: 

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയില്‍ ശക്തമായി പ്രതിഷേധിക്കുന്നു. സ്വേച്ഛാധിപത്യത്തിന്റെ കൂച്ചുവിലങ്ങുകളില്‍ തളയ്ക്കപ്പെടാന്‍ എന്നെന്നേക്കുമായി വിധിക്കപ്പെട്ട ജനതയായ് മാറാതിരിക്കുവാന്‍ ശക്തമായ പ്രതിരോധമുയര്‍ത്തണം. ‘ജനാധിപത്യത്തിന്റെ മാതാവ്’ എന്ന് പരസ്യവാചകമെഴുതുകയും ജനാധിപത്യത്തിന്റെ കശാപ്പുശാലയാക്കി രാജ്യത്തെ മാറ്റുകയും ചെയ്യുകയാണ് ബിജെപി സര്‍ക്കാര്‍.
പ്രതിപക്ഷ പാര്‍ട്ടികളെ ഏതു വിധേയനെയും നിശബ്ദമാക്കാനുള്ള ബിജെപിയുടെ ശ്രമത്തിന്റെ ഭാഗമാണിത്. ഇഡി, സിബിഐ പോലുള്ള കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ബിജെപി ഇതര സംസ്ഥാന സര്‍ക്കാരുകളെ നിരന്തരം ആക്രമിക്കുന്ന നടപടിക്ക് പുറമെയാണ് പ്രതിപക്ഷ അംഗങ്ങളെ അയോഗ്യരാക്കുന്ന ഹീനമായ കൃത്യം ബിജെപി ചെയ്യുന്നത്. ഇത് രാജ്യത്തെ ജനാധിപത്യ ക്രമത്തെ പരസ്യമായി വെല്ലുവിളിക്കുന്ന നടപടിയാണ് . ഇത്തരം സ്വേച്ഛാധിപത്യ നടപടികള്‍ക്കെതിരെ ശക്തമായ പ്രതിഷേധം  രാജ്യത്താകെ ഉയര്‍ന്നു വരണം.

Leave a Reply