രാ​ഹുലിനെതിരായ നടപടി; ഇന്ന് കോൺ​ഗ്രസിന്റെ രാജ്യ വ്യാപക സത്യ​ഗ്രഹം

0
24

ന്യൂഡൽഹി: രാഹുൽ ​ഗാന്ധിയെ എംപി സ്ഥാനത്തു നിന്ന് അയോ​ഗ്യനാക്കിയ നടപടിയിൽ പ്രതിഷേധിച്ച് കോൺ​ഗ്രസ് ഇന്ന് രാജ്യ വ്യാപകമായി സത്യ​ഗ്രഹ സമരം നടത്തും. ഇന്ന് വൈകീട്ട് അഞ്ച് മണി വരെയാണ് സത്യ​ഗ്രഹം. കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെ, എഐസിസി ജനറൽ സെക്രട്ടറി കെസി വേണു​ഗോപാൽ, പ്രിയങ്ക ​ഗാന്ധി അടക്കമുള്ള നേതാക്കളും പ്രവർത്തകരും രാജ്ഘട്ടിലെ സത്യ​ഗ്രഹത്തിൽ പങ്കെടുക്കും. 

നടപടിയിൽ രാജ്യ വ്യാപക പ്രതിഷേധവും തുടരും. ജില്ലാ ആസ്ഥാനങ്ങളിൽ ഗാന്ധി പ്രതിമക്ക് മുന്നിൽ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും രാഹുലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രതിഷേധിക്കും. നാളെ മുതൽ രാജ്യ വ്യാപകമായി പ്രതിഷേധം കടുപ്പിക്കാനും തീരുമാനമുണ്ട്. 

രാഹുൽ ഗാന്ധിക്കെതിരെ ബിജെപി പ്രതികാര നടപടികൾ കൈക്കൊള്ളുവെന്നാരോപിച്ച് കേരളത്തിലും സത്യഗ്രഹ സമരം അരങ്ങേറും. ജില്ലാ കേന്ദ്രങ്ങളിലാണ് സമരം. രാവിലെ പത്ത് മണി മുതൽ വൈകീട്ട് അഞ്ച് വരെയുള്ള സത്യഗ്രഹ സമരം ഡിസിസികളുടെ നേതൃത്വത്തിലാണ് നടത്തുക. 

തിരുവനന്തപുരം കിഴക്കേകോട്ടയിലെ ഗാന്ധിപാർക്കിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ സത്യഗ്രഹം ഉദ്ഘാടനം ചെയ്യും. എറണാകുളം കച്ചേരിപ്പടി ഗാന്ധി പ്രതിമയ്ക്ക് മുന്നിലെ പ്രതിഷേധം, പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉദ്ഘാടനം ചെയ്യും. 

Leave a Reply