ടെല്‍ അവീവ്: ഇസ്രയേല്‍- ഹമാസ് യുദ്ധത്തെ തുടര്‍ന്ന് അരക്ഷിതാവസ്ഥയിലായ ഗാസയിലെ സിവിലിയന്‍മാര്‍ക്ക് ആശ്വാസനടപടി. മൂന്ന് ആഴ്ചകള്‍ക്ക് ശേഷം സിവിലിയന്‍മാര്‍ക്കായി റഫ അതിര്‍ത്തി തുറന്നു. 400ല്‍ അധികം സിവിലിയന്‍മാര്‍ സംഘര്‍ഷബാധിത ഗാസയില്‍ നിന്ന് പലായനം ചെയ്തു. 335 വിദേശികളും പരിക്കേറ്റ 76 ഗാസകാര്‍ക്കും പോകാന്‍ കഴിഞ്ഞതായി പലസ്തീന്‍ അറിയിച്ചു. ഗാസ വിട്ടവരില്‍ ബ്രിട്ടീഷ്, യുഎസ് പൗരന്മാരും ഉള്‍പ്പെടുന്നു.
അതിനിടെ, നയതന്ത്ര ചര്‍ച്ചകളുടെ വിജയമാണ് അതിര്‍ത്തി തുറക്കലെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. ചികിത്സയ്ക്കായി ഗാസ മുനമ്പില്‍ നിന്ന് 81 പേരെ സ്വീകരിക്കാന്‍ തയ്യാറായ ഈജിപ്ത് നടപടിയെ ലോകാരോഗ്യ സംഘടന സ്വാഗതം ചെയ്തു. ഗാസയില്‍ നിന്ന് ചികിത്സയ്ക്കായി ഈജിപ്തില്‍ എത്തുന്നവര്‍ക്ക്, മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കുന്നതിന് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കാന്‍ തയ്യാറാണെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.അതിനിടെ ഗാസയിലെ ജബലിയ അഭയാര്‍ഥി ക്യാമ്പിന് നേരെ നടന്ന ഇസ്രയേല്‍ ആക്രമണത്തില്‍ മരണസംഖ്യ 195 ആയി. ഏകദേശം 120 പേര്‍ കെട്ടിടാവിശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 777 പേര്‍ക്കാണ് പരിക്ക് പറ്റിയത്. ക്യാമ്പിലെ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നാണ് ഇസ്രയേല്‍ അവകാശവാദം.