റഷ്യയില്‍ മത്സരം കനക്കുന്നു: പോരാട്ടം എട്ടായി ചുരുങ്ങുന്നു; ക്വാര്‍ട്ടര്‍ ലൈനപ്പ് ഇങ്ങനെ

0
31

റഷ്യന്‍ ലോകകപ്പ് പോരാട്ടം കനക്കുന്നു. അവസാന പ്രീ ക്വാര്‍ട്ടര്‍ പൂര്‍ത്തിയായതോടെ ഇനി ശേഷിക്കുന്നത് എട്ട് ടീമുകള്‍. വമ്പന്മാര്‍ക്ക് അടിതെറ്റിയ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ക്വാര്‍ട്ടറിലേയ്ക്ക് കടക്കുമ്പോള്‍ പോരാട്ടം എട്ടായി ചുരുങ്ങുന്നു. ഫ്രാന്‍സ്, ഉറുഗ്വ, റഷ്യ, ക്രൊയേഷ്യ, ബ്രസീല്‍, ബെല്‍ജിയം, സ്വീഡന്‍, ഇംഗ്ലണ്ട് എന്നീ ടീമുകളാണ് അവസാന എട്ടില്‍ ഇടം നേടിയിരിക്കുന്നത്. ആറ് ടീമുകളുമായി യൂറോപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ആധിപത്യം ഉറപ്പിച്ചു. രണ്ട് ടീമുകളുമായി ലാറ്റിനമേരിക്കന്‍ ടീമാണ് രണ്ടാമത്. 7.30, 11.30 തന്നെയാണ് മത്സരങ്ങളുടെ സമയം.

നിസ്‌നി നോവ്‌ഗൊരോഡ് സ്‌റ്റേഡിയത്തില്‍ ജൂലൈ ആറിന് വെള്ളിയാഴ്ച അര്‍ജന്റീനയെ തോല്‍പ്പിച്ചെത്തിയ ഫ്രാന്‍സും പോര്‍ച്ചുഗലിനെ തോല്‍പ്പിച്ചെത്തിയ ഉറുഗ്വയും തമ്മിലുള്ള മത്സരത്തോടെയാണ് ക്വാര്‍ട്ടര്‍ ഫിക്‌സ്ചര്‍ ആരംഭിക്കുന്നത്. വെള്ളിയാഴ്ച രാത്രി 11.30യ്ക്ക് നടക്കുന്ന രണ്ടാം മത്സരത്തില്‍ മെക്‌സിക്കോയെ തോല്‍പ്പിച്ച ബ്രസീലും ലോകകപ്പിലെ ഏറ്റവും മികച്ച തിരിച്ചുവരവുകളിലൊന്നില്‍ ജപ്പാനെ കീഴടക്കിയ ബെല്‍ജിയവും തമ്മില്‍ ഏറ്റുമുട്ടും.

ടൂര്‍ണമെന്റിലെ ഏറ്റവും വാശിയേറിയ മത്സരമാകും എന്നാണ് ആരാധകര്‍ ഇപ്പോള്‍ തന്നെ ഈ മത്സരത്തെ പ്രതീക്ഷിക്കുന്നത്. ജൂലൈ ഏഴിന് ശനിയാഴ്ചയാണ് രണ്ടാം ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍. ആദ്യ മത്സരത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ ജയിച്ച സ്വീഡനും കൊളംബിയയെ തോല്‍പ്പിച്ച ഇംഗ്ലണ്ടും ശക്തി പരീക്ഷിക്കുമ്പോള്‍ അവസാന ക്വാര്‍ട്ടര്‍ ഫൈനലില്‍ ആതിഥേയരായ റഷ്യ ക്രൊയേഷ്യയെ നേരിടും. സ്‌പെയിനെ പെനാല്‍റ്റിയില്‍ തോല്‍പ്പിച്ചാണ് റഷ്യ അവസാന എട്ടില്‍ പോരിനിറങ്ങുന്നത്.

അതേസമയം, പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഡെന്‍മാര്‍ക്കിനെ തോല്‍പ്പിച്ചാണ് ക്രൊയേഷ്യ എത്തുന്നത്. ജൂലൈ പത്ത്, പതിനൊന്ന് ദിവസങ്ങളിലായാണ് സെമിഫൈനല്‍. ക്വാര്‍ട്ടര്‍ ഫൈനലില്‍ ജയിക്കുന്നവര്‍ രണ്ട് ദിവസങ്ങളിലായി ഏറ്റുമുട്ടും. ജൂലൈ 15ന് ലുസ്‌നിക്ക് സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനല്‍ മത്സരത്തോടെ കിരീട ജേതാക്കളെ അറിയാം. ഈ നിമിഷത്തിനായുള്ള കാത്തരിപ്പിലാണ് ഫുട്‌ബോള്‍ ലോകം.

Leave a Reply