മോസ്കോ: റഷ്യയിലെ പള്ളികളിലും ജൂത ആരാധനാലയത്തിനും നേരെയുണ്ടായ വെടിവെയ്പ്പിൽ 15 പൊലീസുകാരടക്കം നിരവധി പേർ കൊല്ലപ്പെട്ടു. ഡര്‍ബന്‍റ്, മഖാഖോല മേഖലയിലെ രണ്ട് പള്ളികളിലും ജൂത ആരാധനാലയത്തിലും പൊലീസ് പോസ്റ്റിനു നേരെയുമാണ് വെടിവെയ്പ്പുണ്ടായത്.
കൊല്ലപ്പെട്ടവരിൽ പൊലീസുകാരും സാധാരണക്കാരും ഒരു പുരോഹിതനും ഉൾപ്പെടുന്നു. ആയുധധാരികൾ പള്ളികളിലെത്തിയവര്‍ക്കു നേരെ വെടിയുതിർക്കുകയായിരുന്നു. വെടിവെയ്പ്പിനെ തുടര്‍ന്ന് പള്ളിയില്‍ വലിയ രീതിയില്‍ തീ പടര്‍ന്നുപിടിച്ചു. പള്ളിയില്‍ നിന്നും വലിയ രീതിയില്‍ പുക ഉയരുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ആക്രണത്തിൽ 25 ഓളം പേർക്ക് പരുക്കേറ്റതായും റിപ്പോർട്ടുണ്ട്. തിങ്കൾ, ചൊവ്വ, ബുധൻ എന്നീ ദിവസങ്ങളിൽ മേഖലയിൽ ദുഃഖാചരണം പ്രഖ്യാപിച്ചു. അതേസമയം പൊലീസിന്റെ പ്രത്യാക്രമണത്തിൽ നാല് അക്രമികളും കൊല്ലപ്പെട്ടതായാണ് വിവരം.
അക്രമത്തിന് പിന്നിൽ ആരാണെന്നും ഇതുവരെ ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു. നടന്നത് ഭീകരാക്രമണമാണെന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു. മേഖലയിൽ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. മുൻപും ഇവിടെ ഭീകരാക്രമണങ്ങൾ നടന്നിട്ടുണ്ട്.