റിസർവ് ബാങ്ക് റീപോ നിരക്ക് 0 .25 ശതമാനം ഉയർത്തി. ഇതോടെ റീപോ നിരക്ക് ആറു ശതമാനത്തിൽ നിന്ന് 6 .25 ശതമാനമാകും. ബാങ്ക് പലിശ നിരക്കുകൾ ഉയരുന്നതിന് ഇത് കളമൊരുക്കും. റിവേഴ്‌സ് റീപോ 5 .5 ശതമാനത്തിൽ നിന്ന് ആറ് ശതമാനമാക്കി. റിസർവ് ബാങ്ക് ബാങ്കുകൾക്ക് വായ്പ നൽകുന്നതിന് ഈടാക്കുന്ന പലിശയാണ് റിപോ. എന്നാൽ ക്യാഷ് റിസർവ് റേഷ്യോ നാലു ശതമാനത്തിലും സ്റ്റാറ്റിയൂട്ടറി ലിക്വിഡിറ്റി റേഷ്യോ 19 .5 ശതമാനത്തിലും മാറ്റമില്ലാതെ തുടരും.
കഴിഞ്ഞ മൂന്ന് ദിവസമായി നടന്നു വന്ന മോണിറ്ററി പോളിസി കമ്മറ്റിയാണ് പലിശ നിരക്ക് ഉയർത്താൻ തീരുമാനിച്ചത്. നടപ്പ് സാമ്പത്തിക വർഷത്തെ ആദ്യത്തെ ആറ് മാസം 7 .5 – 7 .6 ശതമാനം സാമ്പത്തിക വളർച്ച ആർ ബി ഐ പ്രതീക്ഷിക്കുന്നു. അടുത്ത ആറ് മാസകാലത്ത് 7 .3 – 7 .4 ശതമാനം വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. എം പി സിയിലെ എല്ലാ അംഗങ്ങളും പലിശ നിരക്ക് ഉയർത്തുന്നതിന് അനുകൂലിച്ചു. പണപ്പെരുപ്പ നിരക്ക് ആദ്യത്തെ ആറ് മാസം 4 .8 – 4 .9 ശതമാനമായിരിക്കുമെന്ന് എം പി സി കണക്കാക്കുന്നു. നടപ്പ് സാമ്പത്തിക വർഷം രണ്ടാം പാദത്തിൽ ഇത് 4 .7 ശതമാനമാകുമെന്നും പ്രതീക്ഷിക്കുന്നു.
കഴിഞ്ഞ നാലു വർഷമായി റിപോ, റിവേഴ്‌സ് നിരക്കുകളിൽ മാറ്റം വരുത്തിയിരുന്നില്ല. റിസർവ് ബാങ്ക് ഗവർണർ ഉർജിത് പട്ടേലാണ് ഇന്ന് പുതിയ പലിശ നയം പ്രഖ്യാപിച്ചത്.