കൊച്ചി: റവന്യൂ ഉദ്യോഗസ്ഥരുടെ അനാസ്ഥയില്‍ പ്രതിഷേധിച്ച് വില്ലേജ് ഓഫീസില്‍ വീണ്ടും അക്രമം. എറണാകുളം ആമ്പല്ലൂര്‍ വില്ലേജ് ഓഫീസില്‍ എഴുപതുകാരന്‍ പെട്രോളൊഴിച്ച് തീകൊളുത്തി. റീസര്‍വ്വേയ്ക്കായി മാസങ്ങളായി വില്ലേജ് ഓഫീസില്‍ കയറിയിറങ്ങിയ വൃദ്ധന്‍ ഉദ്യോഗസ്ഥരുടെ നിഷേധാത്മക നിലപാടില്‍ മനംമടുത്താണ് അതിക്രമത്തിന് മുതിര്‍ന്നതെന്നാണ് പ്രാഥമിക സൂചന. ആമ്പല്ലൂര്‍ സ്വദേശി തന്നെയാണ് ഇയാള്‍. സ്ഥലത്തുനിന്ന് കടന്നുകളഞ്ഞ ഇയാള്‍ക്കായി തെരച്ചില്‍ ആരംഭിച്ചു.
രാവിലെ വില്ലേജ് ഓഫീസറുടെ മുറിയില്‍ എത്തിയ ഇദ്ദേഹം തന്റെ ആവശ്യം ആവര്‍ത്തിച്ചു. എന്നാല്‍ വില്ലേജ് ഓഫീസര്‍ നിഷേധിച്ചതോടെ കയ്യില്‍ കരുതിയിരുന്ന പെട്രോള്‍ ഓഫീസില്‍ ഒഴിച്ച് തീ കൊളുത്തിയ ശേഷം രക്ഷപ്പെടുകയായിരുന്നു. ഫയലുകള്‍ ഏറെക്കുറെ കത്തിനശിച്ചുവെങ്കിലും ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഇത് മൂന്നാം തവണയാണ് വില്ലേജ് ഉദ്യോഗസ്ഥരുടെ അനാസ്ഥയ്‌ക്കെതിരെ ആളുകള്‍ അക്രമാസക്തമായി പ്രതിഷേധിക്കുന്നത്. 2016 ഏപ്രിലില്‍ ആണ് തിരുവനന്തപുരം വെള്ളറട വില്ലേജ് ഓഫീസില്‍ ജീവനക്കാരെ പൂട്ടിയിട്ട് ഓഫീസിന് തീയിട്ടതായിരുന്നു ആദ്യ സംഭവം. വില്ലേജ് ഓഫീസര്‍ അടക്കം ഏഴു പേര്‍ക്ക് പരുക്കേറ്റിരുന്നു. രേഖകള്‍ പൂര്‍ണ്ണമായും കത്തിനശിച്ചിരുന്നു. പ്രദേശവാസിയായ സാംകുട്ടി എന്ന യുവാവായിരുന്നു തീയിട്ടത്.
കൈവശഭൂമിക്ക് നികുതി സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവവും വില്ലേജ് ഓഫീസില്‍ നടന്നിരുന്നു. കോഴിക്കോട് പേരാമ്പ്ര ചെമ്പനോട താഴത്ത് അങ്ങാടിയിലുള്ള വില്ലേജ് ഓഫീസിലാണ് ചക്കിട്ടപാറ കാട്ടിക്കുളം കാവില്‍ പുരയിടത്തില്‍ ജോയ് കഴിഞ്ഞ വര്‍ഷം ജൂണില്‍ തൂങ്ങിമരിച്ചത്. നേരത്തെ വില്ലേജ് ഓഫീസിനു മുന്നില്‍ ഇദ്ദേഹവും കുടുംബവും നിരാഹാര സമരം നടത്തിയിട്ടും അധികൃതര്‍ നിലപാട് മാറ്റിയിരുന്നില്ല.