കൊച്ചി: ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെ വീണ്ടും അയോഗ്യനാക്കി. മുന്‍ കേന്ദ്രമന്ത്രി പിഎം സെയ്ദിന്റെ മരുമകന്‍ മുഹമ്മദ് സാലിഹിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന മുഹമ്മദ് ഫൈസലിന്റെ ആവശ്യം ഹൈക്കോടതി തള്ളിയതിനെത്തുടർന്നാണ് നടപടി. ഹൈക്കോടതി വിധി ഉദ്ധരിച്ചാണ് ലോക്‌സഭാ സെക്രട്ടേറിയേറ്റ് വിജ്ഞാപനമിറക്കിയത്. ഇത് രണ്ടാം വട്ടമാണ് മുഹമ്മദ് ഫൈസലിനെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കുന്നത്.
ഇത് രണ്ടാം വട്ടമാണ് മുഹമ്മദ് ഫൈസലിനെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കുന്നത്. വധശ്രമക്കേസിൽ കവരത്തി കോടതി ശിക്ഷ വിധിച്ചതോടെയായിരുന്നു ആദ്യം അയോഗ്യനാക്കപ്പെട്ടത്. പിന്നീട് എംപി സുപ്രീം കോടതിയെ സമീപിച്ച് ശിക്ഷാ വിധിക്ക് സ്റ്റേ നേടി. ഇതിന് ശേഷം എംപി സ്ഥാനം പുനഃസ്ഥാപിച്ചു. കേസ് പിന്നീട് ഹൈക്കോടതിയുടെ പരിഗണനയിൽ വന്നു.
വധശ്രമ കേസില്‍ മുഹമ്മദ് ഫൈസലിനെതിരെ പ്രഥമദൃഷ്ട്യ തെളിവുകള്‍ ഉണ്ടെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതിയുടെ നടപടി. കുറ്റക്കാരനാണെന്നു കണ്ടെത്തിയ ഉത്തരവ് സ്റ്റേ ചെയ്യണമെന്നും ശിക്ഷ നടപ്പാക്കുന്നത് മരവിപ്പിക്കണമെന്നുമായിരുന്നു ഫൈസലിന്റെ ആവശ്യം. കേസില്‍ കവരത്തി സെഷന്‍സ് കോടതി വിധിച്ച പത്തുവര്‍ഷം തടവുശിക്ഷ നടപ്പാക്കുന്നതു മരവിപ്പിച്ചെങ്കിലും കുറ്റക്കാരനാണെന്നു കണ്ടെത്തിയ ഉത്തരവ് സ്റ്റേ ചെയ്യാന്‍ ജസ്റ്റിസ് എന്‍.നഗരേഷ് തയാറായില്ല. ശിക്ഷാ വിധി സ്റ്റേ ചെയ്യാൻ ഹൈക്കോടതി തയ്യാറാകാതെ വന്നതോടെയാണ് ഇന്ന് ലോക്സഭാ സെക്രട്ടേറിയേറ്റ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.2009ലെ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടിട്ടുണ്ടായ സംഘര്‍ഷത്തിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മുഹമ്മദ് സാലിഹിനെ ആക്രമിച്ച കേസിലാണ് ഫൈസലും മറ്റു മൂന്നു പ്രതികളും കുറ്റക്കാരാണെന്ന് വിചാരണ കോടതി വിധിച്ചത്.