ലണ്ടനിൽ മലയാളി യുവാക്കൾ തമ്മിൽ വാക്കുതർക്കം; കൊച്ചി സ്വദേശി കുത്തേറ്റ് മരിച്ചു, 20കാരൻ കസ്റ്റഡിയിൽ

0
54

ലണ്ടൻ; ലണ്ടനിൽ മലയാളി യുവാവ് കൂടെ താമസിക്കുന്ന മലയാളി സുഹൃത്തിന്റെ കുത്തേറ്റ് മരിച്ചു. കൊച്ചി പനമ്പള്ളി നഗര്‍ സ്വദേശി അരവിന്ദ് ശശികുമാറാണ് (37) മരിച്ചത്. സംഭവത്തില്‍ കൂടെത്താമസിക്കുന്ന 20 വയസ്സുള്ള മലയാളി സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും തമ്മിലുള്ള വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് വിവരം. 

സൗത്ത് ഈസ്റ്റ് ലണ്ടനിലെ പെക്കാമിലെ കോള്‍മാന്‍ വേ ജങ്ഷനു സമീപമുള്ള ഫ്‌ളാറ്റിലാണ് സംഭവമുണ്ടായത്. മൂന്ന് മലയാളി വിദ്യാർത്ഥികൾക്കൊപ്പമാണ് അരവിന്ദ് താമസിച്ചിരുന്നത്. വ്യാഴാഴ്ച അര്‍ധരാത്രിയോടെ ഫ്‌ളാറ്റില്‍വെച്ച് ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയായിരുന്നു. കുത്തേറ്റ് അരവിന്ദ് സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു. 

ഫ്‌ളാറ്റിലെ മറ്റു സുഹൃത്തുക്കളാണ് പൊലീസിനെ വിവരം വിളിച്ചറിയിച്ചത്. ഇരുവരും തമ്മിലുണ്ടായ തര്‍ക്കത്തിന്റെ കാരണം പൊലീസ് വ്യക്തമാക്കിയിട്ടില്ല. കൂടെ താമസിക്കുന്ന മറ്റു രണ്ടു യുവാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അരവിന്ദ് 10 വർഷമായി ബ്രിട്ടനിലുണ്ട്. അവിവാഹിതനാണ്. 

Leave a Reply