ലഹരിക്കെതിരെ കേരളാ പോലീസ്; ഓപ്പറേഷന്‍ ഡി-ഹണ്ടില്‍ സംസ്ഥാനത്ത് 244 പേര്‍ അറസ്റ്റില്‍

0
44

തിരുവനന്തപുരം: കേരളത്തിലെ ലഹരിമരുന്ന് ഉപയോഗവും വില്‍പ്പനയും തടയാനായി കേരള പോലീസ് ഓപ്പറേഷന്‍ ഡി-ഹണ്ട് എന്ന പേരില്‍ സംസ്ഥാന വ്യാപകമായി പരിശോധന നടത്തി. സംസ്ഥാനത്തെ 1300 കേന്ദ്രങ്ങളിലായി ഞായറാഴ്ച നടന്ന പരിശോധനയില്‍ 244 പേര്‍ അറസ്റ്റിലായി. ലഹരിമരുന്ന് കൈവശം വെച്ചതിന് 246 കേസുകളും രജിസ്റ്റർ ചെയ്തു. ലക്ഷക്കണക്കിന് രൂപയുടെ എം.ഡി.എം.എ.യും പരിശോധനയില്‍ പിടിച്ചെടുത്തിട്ടുണ്ട്.

ഓപ്പറേഷന്‍ ഡി-ഹണ്ടിന്‍റെ ഭാഗമായി 1373 പേരെയാണ് പോലീസ് പരിശോധിച്ചത്. വിവിധ ജില്ലകളില്‍ നിന്നായി 81.46 ഗ്രാം എം.ഡി.എം.എയും 10.352 കിലോഗ്രാം കഞ്ചാവും പിടികൂടി.  കൊച്ചിയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ അറസ്റ്റിലായത് – 61 പേര്‍. ആലപ്പുഴയില്‍ 45 പേരും ഇടുക്കിയില്‍ 32 പേരും അറസ്റ്റിലായി. തിരുവനന്തപുരം സിറ്റിയില്‍ 21 പേരും തിരുവനന്തപുരം റൂറലില്‍ എട്ടു പേരുമാണ്  പിടിയിലായത്.

സംസ്ഥാനത്ത് ലഹരിമരുന്ന് ഉപയോഗം വര്‍ധിക്കുന്നതായുള്ള വിലയിരുത്തലിലാണ് ഞായറാഴ്ച പോലീസ് വിപുലമായ പരിശോധന നടത്തിയത്. വരുംദിവസങ്ങളിലും ഇത്തരം പരിശോധനകള്‍ തുടരുമെന്ന് സംസ്ഥാന പോലീസ് മേധാവി ഡോ.ഷെയ്ഖ് ദര്‍വേഷ് സാഹിബ് അറിയിച്ചു.

ഏറ്റവും കൂടുതല്‍ എം.ഡി.എം.എ പിടിച്ചെടുത്തത് കൊല്ലം നഗരത്തിൽനിന്നാണ് – 37.41 ഗ്രാം. തിരുവനന്തപുരം റൂറലില്‍ നിന്ന് 22.85 ഗ്രാം എം.ഡി.എം.എ പിടികൂടി.  കൊച്ചിയില്‍ മാത്രം 58 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ആലപ്പുഴയില്‍ 44- ഇടുക്കിയില്‍ 33 തിരുവനന്തപുരം സിറ്റിയില്‍ 22 തിരുവനന്തപുരം റൂറലില്‍ 6 എന്നിങ്ങനെയാണ് കേസുകള്‍ ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Leave a Reply