ലാലേട്ടന് പിറന്നാള്‍  ആശംസകളുമായി താരങ്ങള്‍

0
27

മലയാളികളുടെ സ്വകാര്യ അഹങ്കാരമായ പത്മശ്രീ ഭരത് മോഹന്‍ലാലിന് ഇന്ന് 58-ാം പിറന്നാള്‍. സിനിമാ താരങ്ങളും ആരാധകരും ലാലേട്ടന് പിറന്നാള്‍ ആശംസിച്ചു. പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്ക് മോഹന്‍ലാലും സമ്മാനം ഒരുക്കിയിരുന്നു. റിലീസിനൊരുങ്ങുന്ന ചിത്രം നീരാളിയുടെ ഒഫിഷ്യല്‍ ട്രെയിലര്‍ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ മോഹന്‍ലാല്‍ തന്നെ പങ്കുവെച്ചു. ഇക്കുറി ആരാധകരെ ഒന്നടങ്കം ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിലെ തമാശയും സസ്‌പെന്‍സും ഒരേ പോലെ കാണിക്കുന്ന ട്രെയലറാണെത്തിയിരിക്കുന്നത്. ബോളിവുഡ് സംവിധായകന്‍ അജോയ് വര്‍മ്മയാണ് ചിത്രം സംവിധാനം ചെയുന്നത്. സാജു തോമസിന്റേതാണ് തിരക്കഥ. മൂണ്‍ഷോട്ട് എന്റര്‍ടെയിന്റ്‌മെന്റിന്റെ ബാനറില്‍ സന്തോഷ് ടി.കുരുവിള നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ജോണ്‍ തോമസ്, മിബു ജോസ് നെറ്റിക്കാടന്‍ എന്നിവരാണ് സഹ നിര്‍മ്മാതാക്കള്‍. സന്തോഷ് തുണ്ടിയിലാണ് ക്യാമറ.

പോയവര്‍ഷത്തില്‍ കേവലം നാല് സിനിമകളുമായാണ് മോഹന്‍ലാല്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. കൈനിറയെ സിനിമകളാണ് ഈ വര്‍ഷം അദ്ദേഹത്തിന്റെ ലിസ്റ്റിലുള്ളത്. ഒടിയനാണ് ഏറെ ആകാംഷയോടെ ആരാധകര്‍ കാത്തിരിക്കുന്നത്. ശ്രീകുമാര്‍ മേനോനാണ് ചിത്രത്തിന്റെ സംവിധായകന്‍.

കൊച്ചിയിലും, ഊട്ടിയിലും, ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുര്‍ജ് ഖലീഫയിലും വീടുകള്‍ ഉണ്ടെങ്കിലും ലാലേട്ടന് പ്രിയം പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിലെ വീടാണ്. മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരി അമ്മയുടെ വീട്. പുന്നയ്ക്കല്‍ തറവാടെന്ന ഈ വീട്ടിലാണ് മോഹന്‍ലാല്‍ ജനിച്ചത്.

പരമ്പരാഗത ശൈലിയില്‍ നിര്‍മിച്ച ഓടിട്ട ഒരു ഒറ്റനില വീട്. റെഡ് ഓക്‌സൈഡ് പാകിയ നിലം. പഴയ ശൈലിയിലുള്ള നിരവധി ജനാലകള്‍. കുട്ടികാലത്തും മറ്റും മോഹന്‍ലാല്‍ സ്ഥിരമായി ഇവിടെ എത്താറുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം സംവിധായകനും ബന്ധുവുമായ ബി ഉണ്ണികൃഷ്ണനോടൊപ്പം മോഹന്‍ലാല്‍ ഇവിടേക്ക് എത്തിയിരുന്നു.


Leave a Reply