ലിഗയുടെ രാസപരിശോധനാഫലം ഇന്ന്, യോഗാ പരിശീലകനടക്കം ലഹരിസംഘത്തില്‍പെട്ട മൂന്നുപേരുടെ അറസ്റ്റ് ഉടനെന്ന് സൂചന

0
33

തിരുവനന്തപുരം: കൊല്ലപ്പെട്ട വിദേശ വനിത ലിഗയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം ഇന്നു ലഭിച്ചേക്കും. മൃതദേഹത്തിന്റെ സമീപത്ത് നിന്ന് ലഭിച്ച മുടിയിഴകളുടെ ഫോറന്‍സിക് പരിശോധന ഫലവും ഇന്ന് ലഭിക്കുമെന്നാണ് കരുതുന്നത്.ശാസ്ത്രീയ തെളിവുകളടക്കം ഇനിയും ലഭിക്കാനുണ്ട്. അതിനാല്‍ പ്രതികളുടെ അറസ്റ്റ് വൈകുകയാണ്. ഒരു യോഗാ പരിശീലകനും ലഹരിസംഘത്തില്‍പെട്ട മൂന്നുപേരുമാണ് കസ്റ്റഡിയിലുള്ളത്.

ലിഗയെ കാണാതായ ദിവസം തങ്ങള്‍ സ്ഥലത്ത് ഇല്ലായിരുന്നുവെന്ന ഇവരുടെ മൊഴി കളവാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. ലിഗയെ കണ്ടിട്ടേയില്ലെന്ന് പറഞ്ഞ ഇവര്‍ പിന്നീട് മൃതദേഹം കണ്ടുവെന്നും ഭയം കാരണം പുറത്തുപറയാതിരുന്നതാണെന്നും മൊഴിമാറ്റി.

ലിഗയെ കാണാതായ മാര്‍ച്ച് 14ന് തങ്ങള്‍ വീടുകളിലായിരുന്നുവെന്ന ഇവരുടെ വാദം വീട്ടുകാര്‍ ഉള്‍പ്പടെയുള്ളവര്‍ തള്ളിയിരുന്നു. സംഭവദിവസം മൂന്നുപേര്‍ കണ്ടല്‍ക്കാട്ടില്‍ നിന്ന് ഓടിപ്പോകുന്നത് കണ്ടുവെന്ന പ്രദേശവാസിയുടെ മൊഴിയും നിര്‍ണായകമായി.

ലിഗയുടെ മരണം ബലംപ്രയോഗിച്ച് കഴുത്ത് ഞെരിച്ചതിനാലാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. ബലപ്രയോഗം പ്രതിരോധിക്കുമ്പോള്‍ ഉണ്ടാകുന്നതുപോലെ കഴുത്തിലും കാലുകളിലും മുറിവുകള്‍ ഉണ്ട്. പീഡനം നടന്നിട്ടില്ലെന്നും പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു.

Leave a Reply